
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
എനിക്കാ പുഴയുടെ പാട്ട് മതിയായിരുന്നു
പകല്‍ മുഴുവന്‍ പുഴയുടെ
അരിക് ചേര്‍ന്ന് നടന്നു
ഉച്ചയൂണിന്റെ പാതി നീട്ടിവെച്ചു
എനിക്കാ പുഴയുടെ പാട്ട് മതിയായിരുന്നു
നഷ്ടപ്പെട്ടവരെയെല്ലാം വീണ്ടെടുക്കാന്‍
പുഴയുടെ പാട്ട് ജലത്തിന്റെ
താരാട്ട് പോലെ തോന്നിച്ചു
കഴിഞ്ഞ പ്രളയത്തില്‍ കാണാതായ
മനുഷ്യരുണ്ടായിരിക്കണം
പാട്ടിന്റെ വരികള്‍ അങ്ങിങ്ങ് മൂളിക്കേട്ടു
ഇരണ്ടകള്‍ വെള്ളം തെറിപ്പിച്ച് പറന്നു
ഞാന്‍ ആ പുഴയെക്കുറിച്ചോര്‍ത്തു
എത്ര കുട്ടിക്കാലമാണ്
തമ്മില്‍ തുഴഞ്ഞ് തീര്‍ത്തത്
പുഴയുടെ പാട്ടില്‍ നമ്മളുണ്ടായിരിക്കണം
ഏറ്റു പാടുന്നവരുടെ ശബ്ദങ്ങള്‍
പരിചിതമെന്ന് തോന്നിച്ചു
മഞ്ഞുകാലത്തെ സങ്കല്പമെല്ലാം വെച്ചുമാറി
ചില മനുഷ്യരെ പുഴ വീണ്ടെടുത്തു
അതിലൊരാളെന്റെ സഹപാഠിയായിരുന്നു
അവന്‍ വെച്ചു നീട്ടിയ പുസ്തകങ്ങള്‍
നനഞ്ഞ് കീറിപോയിരുന്നു
അവന്റെ ചുണ്ടിലെ പാട്ട്
ക്ലാസ് മുറിയും കടന്ന്
ഇലഞ്ഞിമരച്ചില്ലയിലിരിക്കുന്നു
എനിക്കാ പുഴയുടെ പാട്ട് മതിയായിരുന്നു
അവനെ വീണ്ടെടുക്കാന്‍
എനിക്കാ മരച്ചില്ലയിലെ പൂവ് മതിയായിരുന്നു
അവനുള്ള പുസ്തകത്തിലിട്ട് വെക്കാന്‍
പുഴയപ്പോള്‍ മൈതാനം പോലെ തോന്നിച്ച്
നമ്മള്‍ക്കിടയില്‍ നിന്ന് കാണാതായ
പന്തുകളെല്ലാം തിരിച്ചു തന്നു
എനിക്കാ പുഴയുടെ പാട്ട് മതിയായിരുന്നു
അവനെ വീണ്ടെടുക്കാന്‍
എനിക്കാ പുഴയുടെ പാട്ട് മതിയായിരുന്നു
അവനെ വീണ്ടെടുക്കാന്‍
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...