ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് വിഷ്ണുപ്രിയ ജി എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Vishnu Priya G
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

കല്യാണ സൗഗന്ധികം
ഹാവൂ, നാളെ ഞായറാഴ്ച ഒരു എട്ട് മണിവരെയെങ്കിലും കിടന്നുറങ്ങണം.
അങ്ങനെ നെടുവീര്‍പ്പിട്ടുകൊണ്ട് താര ഉറങ്ങാന്‍ കിടന്നു. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ഏക ആശ്വാസമാണ് ഞായറാഴ്ചയുള്ള വിശ്രമം. സമയം ഏകദേശം ആറ് മണിയായിക്കാണും. ഒരു മൂത്രശങ്ക തോന്നിയപ്പോള്‍ കണ്ണ് പോലും തുറക്കാന്‍ മെനക്കെടാതെ അവള്‍ ബാത് റൂം ഉന്നം വെച്ച് ഇഴഞ്ഞു നടന്നു. അപ്പോഴാണ് രണ്ട് കുരുവികളുടെ കരച്ചില്‍ കേട്ട് താര കണ്ണ് തുറന്നത് .
ശ്ശെടാ ,ഇതിപ്പോള്‍ എങ്ങനെ വന്നു?
സൈഡ് ഗ്ലാസിന്റെ വിടവിലൂടെ വന്നതാകാമെന്നവള്‍ കണക്ക് കൂട്ടി. എന്റ്റെ കൃഷ്ണാ ഇതിപ്പോളൊരു കുരിശായല്ലോ! ഇവരുടെ കലപില കാരണം മനുഷ്യനെ ഉറങ്ങാനും സമ്മതിയ്ക്കില്ല.
രണ്ടിനെയും എടുത്ത് പുറത്തു കളയാമെന്നു കരുതി അവള്‍ പിടിയ്ക്കാന്‍ തുടങ്ങി. അപ്പോള്‍ തുറന്നു കിടന്ന ബാത് റൂം വാതില്‍ വഴി കുരുവികള്‍ ഹാളിലേയ്ക്ക് പറന്ന് പോയി. അങ്ങനെ താരയുടെ ഞായറാഴ്ച്ച ഉറക്കം ഹുതാ ഹവാ.
താര കുരുവികളെ തപ്പി കട്ടിലിനടിയിലെത്തി.
'എടീ ഈ പഴംപൊരി നമ്മളെ കൊല്ലുമോ..?'
ആരാ ഇപ്പോള്‍ സംസാരിച്ചേ? ഇവിടെ ഞാന്‍ ഒറ്റയ്ക്കല്ലേയുള്ളൂ. കട്ടിലിനടിയില്‍ കുരുവികള്‍ മാത്രമല്ലെ ഉളളൂ. പിന്നെ എന്റ്റെ ഇരട്ടപ്പേര് -പഴംപൊരി -ആണെന്ന് അറിയുന്ന ആരോ ആണ്.
അവിടെ മുഴുവന്‍ നോക്കിയിട്ടും ആരെയും കണ്ടില്ല. ഒടുവില്‍ ക്ഷീണിച്ചു വീണ്ടും വന്ന് കട്ടിലില്‍ കിടപ്പായി. അങ്ങനെ കുരുവികളെ മറന്നവള്‍ വീണ്ടും ഉറങ്ങാന്‍ തുടങ്ങി. ഫോണ്‍ ബെല്ലടിച്ചപ്പോഴാണ് താര ഞെട്ടിയുണര്‍ന്നത്. സമയം 10 മണി. താമസിച്ച് എഴുന്നേറ്റതിന് അമ്മയുടെ വക ശകാരവും കിട്ടിക്കൊണ്ട് അന്നത്തെ ദിവസം തുടങ്ങി.
'ഹോ ഇനി ആഹാരമൊക്കെ ഉണ്ടാക്കി എപ്പോ കഴിക്കാനാ' -താര നെടുവീര്‍പ്പിട്ടു. അപ്പോഴാണ് അടുക്കളയില്‍ നിന്നും നല്ല ഇഡലിയുടെയും സാമ്പാറിന്റ്റെയും മണം വരുന്നത്. അടുക്കളയില്‍ ചെന്ന് നോക്കിയ താര അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ദേ പാത്രത്തില്‍ നല്ല ചൂട് ഇഡലിയും സാമ്പാറും.എന്റെ കൃഷ്ണാ, ,ഇതെന്തൊരു അത്ഭുതം! ഇതൊക്കെ ആരുണ്ടാക്കി ഇവിടെ? ഇഡ്ഡ്‌ലി മാവ് പോയിട്ട് സാമ്പാറ് വയ്ക്കാനുള്ള മുരിങ്ങയ്ക്ക പോലുമില്ലായിരുന്നല്ലോ!
താരയുടെ തല കറങ്ങി. അവള്‍ തറയിലിരുന്നു. ഈ ഫ്‌ളാറ്റിന് എന്തോ ഒരു കുഴപ്പമുണ്ട് .
ഇന്നലെ കണ്ടപ്പോള്‍ അയലത്തെ സരള ആന്റ്റിയുടെ ചിരിയ്ക്ക് എന്തോ ഒരു നിഗൂഢത ഉള്ളതായി അവള്‍ക്കു തോന്നിയിരുന്നു.
അങ്ങനെ ഓരോന്നൊക്കെ ആലോചിച്ചു പേടിച്ചവള്‍ കരയാന്‍ തുടങ്ങി. അപ്പോഴാണ് ഒരു ശബ്ദം കട്ടിലിനടിയില്‍ നിന്നും അവള്‍ കേട്ടത്.
'പഴംപൊരി കരയണ്ട'
അതാ ഇരിയ്ക്കുന്നു, ഉറക്കം കളഞ്ഞ കുരുവികള്‍. അവ താരയുടെ അടുത്തേയ്ക്കായി നടന്നെത്തി. താര പേടിച്ചുരുളാന്‍ തുടങ്ങി
'പേടിയ്ക്കണ്ട ഞങ്ങളൊന്നും ചെയ്യില്ല'- കുരുവികള്‍ പറഞ്ഞു.
ഇത് വെറും കുരുവികളല്ല, കാരണം ഇവര്‍ വന്നിരിയ്ക്കുന്നത് ത്രിദശന്റെ ലോകത്തു നിന്നാണ്. അവിടെ എല്ലാ പക്ഷിമൃഗ ജാലങ്ങളും സംസാരിയ്ക്കും. ഭൂമിയില്‍ കണ്ടിട്ടില്ലാത്ത പലതരം പൂക്കളും മരങ്ങളും ഉണ്ടവിടെ. പക്ഷേ ,മനുഷ്യര്‍ ആരുമില്ല കേട്ടോ. ഈ ലോകം പ്രകൃതി ദേവിയ്ക്ക് വേണ്ടി മാത്രം ഉള്ളതാണ്, ത്രിദശന്‍ അതിന്റെ അധിപനും.
ത്രിദശന്‍ എന്നാല്‍ ദേവന്‍ എന്നര്‍ത്ഥം. ഒരു കാര്യവുമില്ലാതെ കുരുവിളകായ കോകിലയെയും ശിഖിയെയുംതാരയുടെ അടുത്തേയ്ക്ക് ത്രിദശന്‍ അയയ്ക്കില്ല. എന്താകാം ആ കാരണം?
ഈ കഥ ശരിയ്ക്കും തുടങ്ങുന്നത് താരയുടെ ജനനത്തിന് മുന്‍പാണ്. ഒരു 100 വര്‍ഷം പുറകോട്ട് സഞ്ചരിയ്‌ക്കേണ്ടി വരും. എടമന ഇല്ലത്തെ ഏക പെണ്‍തരി ആയിരുന്നു തുളസി അന്തര്‍ജനം. അവള്‍ സുന്ദരിയല്ല പക്ഷേ വിരൂപയുമല്ല. അവളെ എല്ലാവരും ദുശ്ശകുനമായി കരുതി.അമ്പലത്തില്‍ പോകാനോ കളിയ്ക്കാനോ സഹപാഠികള്‍ അവളെ കൂട്ടില്ല. എപ്പോഴും അവഗണന മാത്രം. അവള്‍ക്കൊരു ആത്മമിത്രം പോലുമില്ലായിരുന്നു. പക്ഷേ, ഇല്ലത്തെ അന്ധയായ ഒരു മുതുമുത്തശ്ശി ഉണ്ടായിരുന്നു. തുളസി എല്ലാ സങ്കടങ്ങളും ആ പാറുമുത്തശ്ശിയോടായിരുന്നു പങ്ക് വച്ചിരുന്നത്. പിന്നെ തൊടിയിലെ ചെടികളോടും തേന്‍ നുകരാന്‍ വരുന്ന വണ്ടിനോടും മുല്ലമൊട്ടിനെ പ്രണയിയ്ക്കാന്‍ വരുന്ന ചിത്രശലഭത്തിനോടും ഒക്കെ അവള്‍ വിശേഷങ്ങള്‍ പറഞ്ഞും ചോദിച്ചും കൊണ്ടിരുന്നു. അങ്ങനെ മുത്തശ്ശിയുടെ മന്ത്രോപദേശം കൊണ്ട് പക്ഷികളോടും മൃഗങ്ങളോടും ചെടികളോടുമൊക്കെ സംസാരിയ്ക്കാന്‍ തുളസിയ്ക്ക് കഴിഞ്ഞു.
അവിടെ തൊടി നിറയെ കല്ല്യാണസൗഗന്ധികപൂക്കള്‍ ഉണ്ടായിരുന്നു . അതിന്റെ സൗരഭ്യത്തില്‍ ആരും മയങ്ങിപ്പോകും. കോകിലയും ശിഖിയും എന്നും മുടങ്ങാതെ ആ കല്ല്യാണസൗഗന്ധിക പൂക്കളെ തേടി വരുമായിരുന്നു. അവ തിരികെ പോകുമ്പോള്‍ രണ്ട് പൂക്കളും ഉതിര്‍ത്തു കൊണ്ട് പോകുമായിരുന്നു. അതെല്ലാം ത്രിദശനു സമ്മാനിയ്ക്കാനുള്ളതായിരുന്നു. ഒരു ദിവസം തുളസിയുടെ ശ്രദ്ധയിലിത് പെട്ടു. അവരെ കയ്യോടെ അവള്‍ പൊക്കി. അവര്‍ ത്രിദശനെപ്പറ്റിയും അവരുടെ അദൃശ്യ ലോകത്തെക്കുറിച്ചുമൊക്കെ പറയാന്‍ തുടങ്ങി. അവരുടെ വര്‍ണ്ണനയില്‍ മനം കുളിര്‍ന്നവള്‍ അവരുടെ കൂടെ പോകാന്‍ ആഗ്രഹിച്ചു. പക്ഷേ, മനുഷ്യര്‍ക്ക് ആ ലോകത്തില്‍ പ്രവേശിയ്ക്കാന്‍ കഴിയില്ലായിരുന്നു.
നിമിഷനേരം കൊണ്ട് തന്നെ ആ കുരുവികള്‍ അവളുടെ പ്രിയ സുഹൃത്തുക്കളായി മാറി. കോകിലയും ശിഖിയും തുളസിയെ കുറിച്ചും ത്രിദശനോടു പറയുമായിരുന്നു. അങ്ങനെ ഭൂമിയിലെ തുളസിയുടെ ലോകവും ത്രിദശന്റെ അദൃശ്യ ലോകവും പരസ്പരം ബന്ധിയ്ക്കപ്പെട്ടു.
ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ജാതകപ്രകാരം തുളസിയ്ക്ക് 21 വയസ്സിനുള്ളില്‍ വിവാഹം കഴിയണമായിരുന്നു. രണ്ട് മാസം കൂടെ കഴിഞ്ഞാല്‍ അവള്‍ക്ക് 21 തികയും. അത് കൊണ്ട് തന്നെ അവളുടെ അച്ഛനമ്മമാര്‍ ധൃതിയില്‍ കല്ല്യാണം ആലോചിയ്ക്കാന്‍ തുടങ്ങി. തുളസിയുടെ കുറവുകള്‍ കണ്ടറിഞ്ഞ് ആര് വരാനാണ്? കുട്ടിയെ മാത്രം മതി എന്ന സ്ഥിരം പല്ലവി കേട്ടാലറിയാം അവരുടെ കണ്ണെല്ലാം അവളുടെ സ്വത്തിലാണെന്ന്! ഒടുവില്‍ പ്ലാക്കുറിശി ഇല്ലത്തു നിന്നും അനിരുദ്ധന്‍ തിരുമേനിയുടെ ആലോചന വന്നു. അത് ഉറപ്പിച്ചു. ഒന്നും തുളസിയുടെ മനസ്സോടെ ആയിരുന്നില്ല. അവളുടെ മനസ്സില്‍ അപ്പോഴും ഇത് വരെ കണ്ടിട്ടില്ലാത്ത അത്ഭുത ലോകവും അതിന്റെ ദേവനുമായിരുന്നു. അനിരുദ്ധന്‍ ഒറ്റക്കണ്ണനായിരുന്നു.
തുളസിയുടെ വിവാഹ ജീവിതം അതീവ ദുഃഖകരമായിരുന്നു. ഒരു ദുരന്ത നാടകത്തിന്റെ തിരശ്ശില ഉയരുന്ന പോലെ ആദ്യരാത്രിയില്‍ തന്നെ അവള്‍ക്കനുഭവപ്പെട്ടു. കോകിലയും ശിഖിയും തുളസിയെ തേടി പിന്നെ വരാതായി.
അവളുടെ ജീവിതത്തില്‍ നിന്നും വര്‍ണ്ണങ്ങള്‍ കൊഴിയാന്‍ തുടങ്ങി. ഒറ്റക്കണ്ണന്‍ തിരുമേനി നിരന്തരം അവളെ ഉപദ്രവിച്ചു കൊണ്ടിരുന്നു. ഇരുപത്തൊന്നാം വയസ്സില്‍ അവള്‍ ഒരു വിധവയെ പോലെ തന്നെ ജീവിച്ചു. ക്രൂരതകളുടെ അവസാനം എന്നാണെന്നറിയാതെ അവള്‍ എരിഞ്ഞു തീര്‍ന്ന് കൊണ്ടിരുന്നു. അതെ സമയം ത്രിദശന്റെ ലോകത്തിലെ കല്യാണ സൗഗന്ധിക പൂക്കളൊന്നും പിന്നീട് വിടരാതെയായി. തുളസിയുടെ ദുഃഖത്തില്‍ അദൃശ്യ ലോകവും പങ്ക് ചേര്‍ന്നു.
അടുത്ത പിറന്നാള്‍ കാണാനുള്ള ഭാഗ്യം അവള്‍ക്കുണ്ടായില്ല. ഒരു ദിവസം നിര്‍മ്മാല്യം തൊഴാന്‍ പോയ അവളെ പിന്നീടാരും കണ്ടിട്ടില്ല. ആ ഒറ്റക്കണ്ണന്‍ അവളെ കൊന്നു എവിടെയോ കുഴിച്ചു മൂടി എന്നാണ് ആളുകള്‍ പറയുന്നത്. അങ്ങനെ വര്‍ഷങ്ങള്‍ കടന്ന് പോയി തുളസിയുടെ കഥ ഒരു ഉത്തരം കിട്ടാത്ത ചോദ്യചിഹ്നമായി അവശേഷിച്ചു.
അടുത്ത ആഴ്ച്ച താരയുടെ 21-ാം പിറന്നാളാണ്. കോകിലയും ശിഖിയും തുളസിയുടെ കഥ അവള്‍ക്ക് പറഞ്ഞു കൊടുത്തു. അവള്‍ അത് കേട്ട് ഒത്തിരി കരഞ്ഞു. എന്നാലും തുളസിയ്ക്ക് എന്ത് പറ്റിയെന്നറിയാന്‍ അവള്‍ക്ക് ആകാംക്ഷയേറി. അവര്‍ മൂന്ന് പേരും കൂടെ തുളസിയുടെ തിരോധാനം അന്വേഷിക്കാന്‍ തീരുമാനിച്ചു.ഒ ടുവില്‍ തുളസിയുടെ ഇല്ലത്തെത്തി. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു നാലുകെട്ട്. കോകിലയും ശിഖിയും അവര്‍ പണ്ട് വരാറുള്ള ഉദ്യാനത്തിലേയ്ക്ക് നോക്കി. അവിടെ ഉണങ്ങി വീഴാറായ കുറെ മരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പക്ഷേ, താരയ്ക്ക് മാത്രം പ്രത്യേകിച്ച് വികാരങ്ങളൊന്നും തോന്നിയില്ല. അവളുടെ മനസ്സ് മുഴുവന്‍ തുളസിയ്ക്ക് എന്തുപറ്റി എന്നറിയാനുള്ള വ്യഗ്രത ആയിരുന്നു. ഒടുവില്‍ അവര്‍ ഒറ്റക്കണ്ണന്റെ തറവാട്ടിലെത്തി. അവിടെ ഇളം തലമുറക്കാര്‍ ഉണ്ടായിരുന്നു. പുരാവസ്തു ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥിനി ആണെന്നും ഒരു പ്രോജക്ടിന്റെ ഭാഗമായാണ് ഇവിടെ എത്തിയതെന്നും പറഞ്ഞു അവരെ ബോധ്യപ്പെടുത്തി. ഒടുവില്‍ ഇല്ലം മുഴുവന്‍ കാണാനുള്ള അനുവാദവും അവള്‍ക്ക് കിട്ടി. സഹായത്തിനായി ഒരു കുട്ടിയേയും ഏര്‍പ്പാടാക്കി. വിനു എന്നായിരുന്നു അവന്റെ പേര്. പത്താം ക്ളാസ്സില്‍ പഠിയ്ക്കുവാണെങ്കിലും നാക്ക് എം എയ്ക്കു ആയിരുന്നു. ഒരു മുറി ഒഴികെ ബാക്കിയെല്ലാം അവന്‍ അവളെ കാണിച്ചു കൊടുത്തു. ആ മുറിയുടെ പുറത്തു എന്തോ രക്ഷാതകിടുകള്‍ പിടിപ്പിച്ചിരിയ്ക്കുകയായിരുന്നു.
അവിടേയ്ക്ക് പോകാന്‍ അവളെ അവന്‍ സമ്മതിച്ചില്ല. ഒരു പക്ഷേ തന്റെ ചോദ്യത്തിനുള്ള ഉത്തരം അവിടെ ഉണ്ടാകുമെന്നവള്‍ കരുതി. ഈ തറവാടിന്റെ ഐശ്വര്യം ബ്രഹ്മരക്ഷസാണെന്ന് അവിടുത്തെ കാരണവര്‍ പറഞ്ഞു. 'തറവാടിനോട് ചേര്‍ന്നുള്ള അമ്പലത്തില്‍ തൊഴുതിട്ടു പൊയ്‌ക്കൊളൂ' എന്നദ്ദേഹം പറഞ്ഞു.
പൊതുവേ ഇതിലൊന്നും വിശ്വാസമില്ലെങ്കിലും, ഇവിടെ വരെ വന്നതല്ലേ അവിടെ കൂടെ തൊഴുത് പോയേക്കാം' എന്നവള്‍ കരുതി. കല്‍വിളക്കിലെ ദീപം അവളെ കണ്ടപ്പോള്‍ ചിരിയ്ക്കുന്നതായി തോന്നി. ചെമ്പക മരത്തിലെ ഊഞ്ഞാല് കണ്ടപ്പോള്‍ അവള്‍ക്കൊന്ന് ഊഞ്ഞാലാടന്‍ ആഗ്രഹം തോന്നി. ആകാശം മഴക്കാറ് കൊണ്ട് നിറഞ്ഞു. അന്തരീക്ഷം തണുക്കാന്‍ തുടങ്ങി. പതിയെ പതിയെ കാറ്റ് ആഞ്ഞു വീശാന്‍ തുടങ്ങി.
ചെമ്പകമരത്തിന്റ്റെ ചില്ലകളുമൊപ്പം ആടിയുലയാന്‍ തുടങ്ങി. താരയുടെ മനസ്സില്‍ എന്തോ അകാരണമായ ഭീതി കയറാന്‍ തുടങ്ങി. ഒപ്പം ആരുമില്ല, വിനുവിന് എന്തോ ഒരു അത്യാവശ്യം വന്ന് പോയി കോകിലയും ശിഖിയും ഇനി നാളെ പുലര്‍ച്ചയേ വരുളളൂ.
താര സ്വയം മനസ്സിന് ധൈര്യം കൊടുക്കാന്‍ തുടങ്ങി. വെള്ള ചെമ്പകപൂക്കള്‍ പതിയെ അവളുടെ മടിയിലേയ്ക്ക് കൊഴിഞ്ഞു വീണു. ബാല്യകാലം മുതല്‍ ബാംഗ്‌ളൂര്‍ നഗരത്തില്‍ ജീവിച്ച അവള്‍ക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. അവയെല്ലാം അവള്‍ മണത്തു നോക്കി. പിന്നെ കയ്യിലെ ബാഗിലിട്ടു. ഇപ്പോള്‍ അന്തരീക്ഷം ഒന്ന് ശാന്തമായി. ശേഷം ബ്രഹ്മരക്ഷസ്സിന്റെ അനുഗ്രഹം വാങ്ങി മടങ്ങി.
പക്ഷേ തുളസി അന്തര്‍ജ്ജനത്തിന്റ്റെ തിരോധാനം തെളിയിക്കണം എന്ന ആഗ്രഹം അവളെ വല്ലാതെ അസ്വസ്ഥമാക്കി. റൂമില്‍ തിരികെ വന്ന് അവള്‍ ചെമ്പകപ്പൂക്കളെ സ്‌നേഹത്തോടെ നോക്കി. അതിനൊക്കെ എന്തോ വിളിച്ചു പറയാനുള്ളത് പോലെ. ഒരുപാട് ആലോചിച്ച ശേഷം അവള്‍ ബാംഗ്ലൂര്‍ക്ക് തിരികെ പോകാനുള്ള ടിക്കറ്റ് കാന്‍സല്‍ ചെയ്തു. പിറ്റേ ദിവസം കോകിലയും ശിഖിയും വന്നപ്പോള്‍ താരയുടെ തീരുമാനം പറഞ്ഞു. അവര്‍ക്കൊത്തിരി സന്തോഷമായി. നിഷ്‌കളങ്കമായ കണ്ണുകളുള്ള തുളസിയ്ക്ക് എന്ത് സംഭവിച്ചു എന്ന് ലോകം അറിയണമെന്ന് അവരും ആഗ്രഹിച്ചു.
അവര്‍ വീണ്ടും തറവാട്ടിലേയ്ക്ക് തിരികെ പോയി. അനിരുദ്ധന്റെ അതേ സ്വഭാവമുള്ള ഒരു പുതിയ തിരുമേനിയെ അവള്‍ കണ്ടു. അയാള്‍ കൗശലക്കാരനാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ അവള്‍ക്ക് മനസ്സിലായി. ഗൗതം -അതായിരുന്നു അവന്റെ പേര്. അവനും താരയെ പോലെ ബാംഗ്ലൂരില്‍ എഞ്ചിനിയറിങ്ങിന് പഠിയ്ക്കുന്നു. കാരണവര്‍ അവരെ പരസ്പരം പരിചയപ്പെടുത്തി .
'ഹലോ ഐ ആം ഗൌതം'- താരയ്‌ക്കൊരു ഷേക് ഹാന്‍ഡ് കൊടുത്ത് അവന്‍ കുറുക്കനെ പോലെ ചിരിച്ചു. അവള്‍ അവനെ അത്ര ഗൌനിച്ചില്ല. ഇന്നലെ മുകളിലത്തെ നിലയിലെവിടെയോ എന്റെ ആധാര്‍ കാര്‍ഡ് മിസ്സ് ആയി, അത് എടുക്കാനാണ് തിരികെ വന്നത് എന്നവള്‍ അവരെ ബോധ്യപ്പെടുത്തി. വിനു വീണ്ടും സഹായ ദൂതനായി എത്തി. പക്ഷേ ഇടയ്ക്ക് അവന്റെ കണ്ണ് വെട്ടിച്ച് കോകിലയും ശിഖിയും തുറക്കാത്ത മുറിയുടെ മുകളിലെ ഓടിന്റെ വിടവിലൂടെ അകത്തു ഇറങ്ങി. മുറി മുഴുവന്‍ ചിലന്തി വലയും പ്രാണികളുമായിരുന്നു. അവള്‍ ആ മുറി മുഴുവന്‍ തിരച്ചില്‍ നടത്തി . ആ മുറിയിലെ വസ്തുക്കളൊക്കെ പണ്ടേ മാറ്റിയത് പോലെ തോന്നി.
ഒരു ജീര്‍ണിച്ച പട്ട് ചേല മാത്രം അവള്‍ക്കു കിട്ടി. അത് തുളസി അന്തര്‍ജ്ജനത്തിന്റെ ആയിരുന്നു എന്നവള്‍ക്ക് മനസ്സിലായി. അത് കണ്ടപ്പോള്‍ അവള്‍ക്ക് കരച്ചില്‍ വന്നു. അവള്‍ ആ ചേല വീട്ടില്‍ കൊണ്ട് വന്ന് സൂക്ഷ്മമായി നോക്കി. അതിനിപ്പോഴും കല്യാണ സൗഗന്ധികപൂക്കളുടെ മണമുള്ളതായി അവള്‍ക്ക് തോന്നി. അതിന്റെ മുന്താണി കാണാനില്ലായിരുന്നു. അത് ആരോ മുറിച്ചു മാറ്റിയത് പോലുണ്ടായിരുന്നു. ആ സാരിയുടെ മുന്താണി എവിടെയോ കണ്ടതായി പെട്ടെന്നവള്‍ക്ക് തോന്നി. അവളുടെ മനസ്സില്‍ ഇടിത്തീ വീണു. അതേ ബ്രാഹമരക്ഷസ്സിന്റെ അമ്പലത്തിലെ ഉടവാളിന്റെ തുമ്പില്‍! അത് എങ്ങനെ സംഭവിച്ചു. തുളസിയുടെ ശരീരം വിറയ്ക്കാന്‍ തുടങ്ങി. ചെമ്പകപ്പൂക്കള്‍ അപ്പോഴേയ്ക്കും വാടിക്കരിഞ്ഞിരുന്നു.
തുളസിയുടെ തിരോധാനം എത്രയും പെട്ടെന്ന് കണ്ടെത്തണം എന്നവള്‍ തീരുമാനിച്ചു .
തിരികെ ബാംഗ്ലൂര്‍ പോയെങ്കിലും അവളുടെ മനസ്സ് മുഴുവന്‍ തുളസി അന്തര്‍ജ്ജനം ആയിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ താരയ്ക്ക് ഒരു ഫോണ്‍കോള്‍ വന്നു. വിനുവായിരുന്നു അത്. അടുത്ത മാസം 12 -നു അവന്റെ ചേച്ചിയുടെ വിവാഹമാണ്. അതിന് ക്ഷണിയ്ക്കാനായിരുന്നു അവന്‍ വിളിച്ചത്. കേട്ടപ്പോള്‍ അവള്‍ക്ക് സന്തോഷമായി. വീണ്ടും ആ നാട്ടിലേയ്ക്ക് പോകാമല്ലോ എന്നോര്‍ത്തവള്‍ സന്തോഷിച്ചു.
അപ്പോഴാണ് താരയുടെ അമ്മയുടെ വക ചോദ്യം. അന്നല്ലേ നിന്റെ പിറന്നാള്‍ ദിവസം, അന്ന് തന്നെ പോകണോ, നിനക്ക് 21 വയസ്സ് തികയുമപ്പോള്‍.
താര ഒന്ന് ആലോചിച്ചു. സാരമില്ല അടുത്ത വര്‍ഷവും പിറന്നാള്‍ കൂടാമല്ലോ. അങ്ങനെ വീട്ടില്‍ നിന്നും അനുവാദം വാങ്ങി അവള്‍ വീണ്ടും പുറപ്പെട്ടു. വിനുവിന്റെ വീട്ടിലെത്തി. അവിടെ മുഴുവന്‍ ആഘോഷമയമായിരുന്നു. അതും ഒരു പഴയ തറവാടായിരുന്നു.. പത്തായപ്പുരയില്‍ അവള്‍ക്കൊരു മുറി അവന്‍ ഒരുക്കി കൊടുത്തു. കല്ല്യാണ വീട്ടിലെത്തിയ ഗൗതം താരയെ കണ്ടപ്പോള്‍ ഒരു ഇരയെ കണ്ട സന്തോഷത്തില്‍ ചിരിച്ചു. അവനും അന്നവിടെ താമസിയ്ക്കുകയാണെന്ന് അവള്‍ അറിഞ്ഞു.
'ചെറുപ്പം മുതലേ കളരിയും കരാട്ടയും ഒക്കെ പഠിച്ച എന്നോടോ അവന്റെ വായിനോട്ടം, ഇങ്ങ് വരട്ടെ ചങ്കിടിച്ചു ചമ്മന്തി ആക്കിക്കൊടുക്കാം'- താര മനസ്സിലോര്‍ത്ത് ചിരിച്ചു.
താരയ്ക്ക് അവിടെ കൂട്ടിന് ഒരു കിങ്ങിണിയെ കിട്ടി. അവള്‍ വിനുവിന്റെ ഏറ്റവും ഇളയ സഹോദരി ആയിരുന്നു. ഇപ്പോള്‍ എട്ടാം ക്ലാസ്സില്‍ പഠിയ്ക്കുന്നു. ആളൊരു കിലുക്കാം പെട്ടി തന്നെ.
വിനു പറഞ്ഞപ്രകാരം അവള്‍ അവരുടെ വീടും പരിസരവുമൊക്കെ കാണിച്ചു. അങ്ങനെ അവര്‍ വാഴത്തോട്ടത്തില്‍ എത്തി. മറുവശത്ത് മരച്ചീനി കൃഷി ആയിരുന്നു. നടുവിലൂടെ ഒരു വഴിയുണ്ട്. അവര്‍ പതിയെ അത് വഴി നടന്നു. ദൂരെ ഒരു അമ്പലം കണ്ടു.
'തുളസിതമ്പുരാട്ടി പണ്ട് ഈ വഴിയായിരുന്നു നിര്‍മ്മാല്യം തൊഴാന്‍ പോയത്'-അവള്‍ പറഞ്ഞപ്പോള്‍ താര ഞെട്ടി.
'എന്താ നീ പറഞ്ഞേ, നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം'
'മുത്തശ്ശി പണ്ട് പറയുമായിരുന്നു, ആ തമ്പുരാട്ടി ഒരു പാവം ആയിരുന്നുവെന്നും ആ ഒറ്റക്കണ്ണന്‍ തിരുമേനി അവരെ കൊന്നതാണെന്നും. ആവോ ആര്‍ക്കറിയാം, ഒന്നിനും ഒരു തെളിവില്ലല്ലോ'-അവള്‍ പറഞ്ഞു.
മുത്തശ്ശനായിരുന്നു അയാളുടെ വലംകൈ. അതിനെപ്പോഴും മുത്തശ്ശി വഴക്ക് കൂടുമായിരുന്നു, ദുഷ്ടതകളുടെ ഫലം അനുഭവിയ്‌ക്കേണ്ടി വരുമെന്ന്. എന്നാലും നമുക്ക് കണ്ട് പിടിയ്ക്കണ്ടേ തുളസിയ്ക്ക് എന്താ പറ്റിയെന്ന്...
താരയുടെ ചോദ്യത്തിന് കിങ്ങിണി തല കുലുക്കി. അവര്‍ ആ ദൂരെ കണ്ട അമ്പലത്തില്‍ പോയി. കുറെ പടികള്‍ കയറി വേണം മുകളിലെത്താന്‍ . അവിടെ നിന്ന് നോക്കിയാല്‍ ആ ഗ്രാമം മുഴുവന്‍ കാണാം. താഴെയുള്ള കല്യാണസൗഗന്ധികപൂക്കള്‍ അവളെ വല്ലാതെ ആകര്‍ഷിച്ചു. അവയ്ക്കും എന്തൊക്കെയോ കഥ പറയാന്‍ ഉള്ളത് പോലെ.
തിരികെ എത്തിയപ്പോള്‍ സന്ധ്യ മയങ്ങി. കല്ല്യാണ വീട്ടില്‍ ഗാനമേളയൊക്കെ തുടങ്ങി. കിങ്ങിണി പെട്ടെന്ന് അവളെയും കൂട്ടി ഒരു മുറിയിലേയ്ക്ക് പോയി. ഒരു പഴയ ഫോട്ടോ കാണിച്ച് കൊടുത്തു. ഇത് കണ്ടോ ഇതെന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കല്ല്യാണ ഫോട്ടോയാ. ചേച്ചി തിരയുന്ന ഒരാളെ ഇപ്പോള്‍ കാണിച്ച് തരാം...
അവള്‍ ആ പഴയ ഫോട്ടോ ആല്‍ബം അവളെ കാണിച്ചു. അവളുടെ ഹൃദയം ഒന്ന് പിടഞ്ഞു. കാലപ്പഴക്കം ഉള്ള ഫോട്ടോ ആയിരുന്നു അത്. ഒരു മങ്ങിയ രേഖാചിത്രം. ചുരുണ്ട മുടിയുള്ള ഇരു നിറമുള്ള തുളസി. കണ്ണിലെ പ്രകാശം ഇപ്പോഴും ഉള്ളത് പോലെ. അമ്പലത്തില്‍ നിന്നും തിരികെ പോന്നപ്പോള്‍ കൊണ്ട് വന്ന കല്യാണസൗഗന്ധികപ്പൂക്കള്‍ അവള്‍ ഫോട്ടോയില്‍ സമര്‍പ്പിച്ചു.
'ഈ ഫോട്ടോ എനിയ്ക്ക് തരുമോ കിങ്ങിണി?'
'അതിനെന്താ ചേച്ചി എടുത്തോ. നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരേ മുഖഛായയാ. ചേച്ചിയ്ക്ക് ഇച്ചിരി വെളുപ്പ് ഉണ്ടെന്ന് ഉള്ളൂ'
'ശരിയാണ്, ഞാനിനി ശരിയ്ക്കും തുളസിയുടെ പുനര്‍ജന്മം വല്ലോമാണോ?'
അവള്‍ സ്വയം സംശയിച്ചു.
ഒരു പഴയ പെട്ടി അവിടെ കണ്ടു. അവള്‍ അത് ഒന്ന് സൂക്ഷിച്ചു നോക്കി. കിങ്ങിണി അത് തുറക്കാന്‍ നോക്കി. ഇതൊക്കെ അപ്പൂപ്പന്റെ പഴയ കണക്കുപുസ്തകങ്ങളാ. മുത്തശ്ശി മരണം വരെയും അത് തുറക്കാന്‍ സമ്മതിച്ചില്ല കളയരുത് എന്ന് പറഞ്ഞിരുന്നു.
അവളുടെ ആകാംക്ഷ കൂടി. പഴയ താക്കോല്‍ എവിടെ നിന്നോ കിങ്ങിണി തപ്പിയെടുത്ത് തുറന്നു. കുറെ ദ്രവിച്ച ബുക്കുകള്‍!
കിങ്ങിണിയെ പെട്ടെന്നാരോ വിളിച്ചപ്പോള്‍ അവള്‍ താഴേയ്ക്ക് പോയി. അതിലെ ഒരു ബുക്കില്‍ അവളുടെ കണ്ണ് ഉടക്കി. അവള്‍ ഓരോ പേജുകളും സൂക്ഷ്മമായി വായിക്കാന്‍ തുടങ്ങി.
മരിയ്ക്കുന്നതിന് മുന്‍പ് കിങ്ങിണിയുടെ മുത്തശ്ശന്‍ എഴുതിയ കുറിപ്പുകള്‍ ആയിരുന്നു അത്. എല്ലാം ചെന്നെത്തുന്നത് ഒരാളിലേയ്ക്കായിരുന്നു.പ്ലാക്കുറിശ്ശി ഇല്ലത്തെ പ്രതാപിയായിരുന്ന അനിരുദ്ധന്‍ തിരുമേനി.
തുളസിയുടെ തിരോധാനത്തിന്റെ ചുരുളുകള്‍ അഴിയാന്‍ തുടങ്ങി. കഥ ഇങ്ങനെ.
ഒറ്റക്കണ്ണന്‍ തിരുമേനി ഒരു ദുര്‍മന്ത്രവാദക്കാരനായിരുന്നു. പ്രേതാത്മാക്കളുമായുള്ള അയാളുടെ സംസര്‍ഗം തുളസിയ്ക്കറിയാമായിരുന്നു. അവളെ അത് ഭീതിയിലാഴ്ത്തി.തറവാടിന്റെ യശസ്സിന് ഒരു ബ്രഹ്മരക്ഷസ്സിനെ കുടിയിരുത്തണം എന്ന പ്രശ്‌നവിധിയ്ക്ക് പരിഹാരം കണ്ടത്താനായിരുന്നു അയാളുടെ ശ്രമം. അതിനായി ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ആരെയെങ്കിലും കുരുതി കൊടുക്കേണ്ടി വരും.
പല പ്രേതാത്മാക്കളെയും അയാള്‍ ആവാഹിച്ചു വരുത്തി. പക്ഷേ ,ബ്രഹ്മരക്ഷസ്സാകാന്‍ യോഗ്യത അവര്‍ക്കില്ലായിരുന്നു. അപ്പോഴാണ് നിര്‍മ്മാല്യം തൊഴാനായി ഒരുങ്ങുന്ന തുളസിയെ അയാള്‍ കണ്ടത്. ഇതിലും യോഗ്യതയുള്ള ഇര വേറെയെവിടെയും കിട്ടില്ലെന്നയാള്‍ക്ക് മനസ്സിലായി. പിന്നെ അധികം വൈകിയില്ല, സഹായത്തിനായി ഗുമസ്തനെയും കൂടെക്കൂട്ടി.
രണ്ട് പേരും തുളസിയറിയാതെ അവളെ പിന്തുടര്‍ന്ന് പോയി. പുറകില്‍ നിന്നും അനിരുദ്ധന്‍ തിരുമേനി അവളുടെ കല്ല്യാണപ്പുടവ കൊണ്ട് കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നുമൃദുലമായ ശരീരം മണ്ണില്‍ വീണു. എട്ട് ദിക്കും മുഴങ്ങുമാറ് ആ ഒറ്റക്കണ്ണന്‍ അട്ടഹസിച്ചു
ആ പെരുമഴക്കാലത്തെ മിന്നലും ഇടിയൊച്ചയും അവളുടെ ദീനരോദനം പുറം ലോകത്തെയറിയിച്ചില്ല. അവര്‍ അവളുടെ ശരീരം ദുര്‍മന്ത്രവാദത്തിനായി ഉപയോഗിച്ചു.ആ കല്ല്യാണപുടവയുടെ മുന്താണിയും അവളുടെ താലിയും ഒരു പാലയ്ക്ക മാലയും മന്ത്രം ചൊല്ലി തുളസിയുടെ ആത്മാവിനെ അതില്‍ ആവാഹിച്ചു. അയാളുടെ മാന്ത്രിക ഉടവാളിന്റെ തുമ്പില്‍ ബന്ധിച്ചു.
ശേഷം തറവാടിന്റെ വടക്കേമൂലയില്‍ അമ്പലം പണിത് അവളെ ബ്രഹ്മരക്ഷസ്സായി പ്രതിഷ്ഠിച്ചു. പിന്നെ ആരും കാണാതെ അമൂല്യ രത്‌നങ്ങളുള്ള ഒരു നിധി കുംഭവും അയാള്‍ അവിടെ ഒളിപ്പിച്ചു അതിന്റെ കാവല്‍ ചുമതല ബ്രഹ്മരക്ഷസ്സിനായിരുന്നു. അങ്ങനെ ജീവനുള്ള മനുഷ്യശരീരം ചേതനയുള്ള ബിംബമായി മാറി. ഒരു ജന്മം കിട്ടിയിട്ടും ജീവിയ്ക്കാന്‍ പറ്റാതെ പോയ ദൗര്‍ഭാഗ്യവതി ഇപ്പോള്‍ ആ നാടിന്റെ ഐശ്വര്യ ദേവതയും കാവലാളുമായി മാറി. പക്ഷേ, അപ്പോഴും തുളസി അന്തര്‍ജ്ജനത്തിന്റ തിരോധാനം ഒരു ചോദ്യ ചിഹ്നമായി ആ നാട്ടില്‍ അവശേഷിച്ചു പോന്നു.
ഒറ്റക്കണ്ണന്‍ തിരുമേനിയുടെയും കൊലപാതകത്തിന് കൂട്ട് നിന്ന വിനുവിന്റെ മുത്തശ്ശന്‍ ഭാസ്‌ക്കരന്റെയും ദുര്‍മരണമായിരുന്നു. പാമ്പ് കടിയേറ്റ് മരിച്ച അനിരുദ്ധന്റെ ദുരാത്മാവിനെ ഏഴിലം പാലയില്‍ ബന്ധിച്ചു. അത് തീയിട്ട് നശിപ്പിച്ചു.
പെട്ടെന്നാണ് ഗൗതം താരയുടെ അടുത്തേയ്ക്ക് വന്നത്. അവളുടെ കയ്യിലെ പുസ്തകം ബലമായി അവന്‍ തട്ടിയെടുത്തു വായിച്ചു. നിധികുംഭത്തെ പറ്റി കണ്ടപ്പോള്‍ അവന്റെ പൈശാചിക ബുദ്ധി ഉണര്‍ന്നു. എങ്ങനെ എങ്കിലും അമ്പലം പൊളിയ്ക്കണം, നിധികുംഭം സ്വന്തമാക്കണം -അതായിരുന്നു അവന്റെ ചിന്ത.
അവന്‍ ആരുമറിയാതെ അതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തി. പക്ഷേ ,താര അവനെ രഹസ്യമായി പിന്തുടര്‍ന്നു. സമയം 12 മണി,താരയുടെ പിറന്നാള്‍ ദിവസം. അമ്പലം പൊളിച്ച് പ്രതിഷ്ഠ നീക്കാന്‍ ആയിരുന്നു അവന്റെ ഉദ്ദേശ്യം. താര അപ്രതീക്ഷിതമായി അവനെ ചവുട്ടി വീഴ്ത്തി. അവളെ അവിടെ അവന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. താരയെ കൊല്ലാനായി അവന്‍ പാഞ്ഞടുത്തു.
പെട്ടെന്നാണ് അന്തരീക്ഷം മാറിയത് കാറ്റും മഴയും ഇടിയൊച്ചയും വന്നു. ചെമ്പകമരം ആടിയുലഞ്ഞു ഏറ്റവും ഉയരത്തിലുള്ള കൊമ്പ് ഗൌതമിന്റെ ദേഹത്ത് വീണു. അവന്‍ മരിച്ചു . താരയ്ക്ക് ഒരു പോറല്‍ പോലും ഉണ്ടായിരുന്നില്ല. അവള്‍ തുറന്നു കിടന്ന അമ്പലം നോക്കി. അപ്പോഴേയ്ക്കും ആളുകള്‍ അവിടെ തടിച്ചു കൂടി. നടന്നതെല്ലാം അവള്‍ പറഞ്ഞു. ഇപ്പോഴത്തെ ആ പ്രായം ചെന്ന കാരണവര്‍ വേണ്ട പരിഹാരക്രിയകളൊക്കെ ചെയ്തു.
അങ്ങനെ തുളസിയുടെ തിരോധാനം തെളിയിക്കപ്പെട്ടു.
ഇനി താര എങ്ങനെ ഈ തുളസിയുടെ കഥയുമായി ബന്ധപ്പെട്ടു എന്നറിയ?േ
കോകിലയെയും ശിഖിയെയും ഒരു പ്രത്യേക ഉദ്ദേശത്തോടെ ആയിരുന്നു ത്രിദശന്‍ അവളുടെ പക്കലേയ്ക്ക് അയച്ചത്. കുട്ടികളെ ഏറെ സ്‌നേഹിച്ചിരുന്ന തുളസി ആ നാടിന്റെ സന്താനദായിനി ആയിരുന്നു. കുട്ടികളില്ലാതെ വര്‍ഷങ്ങളായി വിഷമിക്കുന്ന ദമ്പതികള്‍ക്ക് സന്താന സൗഭാഗ്യം നല്‍കിയവള്‍ അനുഗ്രഹിച്ചു. വിട്ടുമാറാത്ത രോഗമുള്ള കുട്ടികളെ അവള്‍ പൂര്‍ണ്ണ ആരോഗ്യമുള്ളവരാക്കി മാറ്റി.
താരയുടെ അച്ഛനും അമ്മയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സന്താന സൗഭാഗ്യത്തിനായി ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചിരുന്നു. അങ്ങനെയാണ് താര ജനിച്ചത്, അതും തുളസിയുടെ ജന്മനക്ഷത്രമായ അശ്വതി നാളില്‍ തന്നെ!
തുളസിയ്ക്ക് നിറവേറാന്‍ പറ്റാതെ പോയ ഒരു ആഗ്രഹ പൂര്‍ത്തീകരണമായിരുന്നു താരയെ അവിടെ എത്തിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുളസിയുടെ 21 -ാം പിറന്നാളിന്റെ തലേന്നായിരുന്നു അവളുടെ വിവാഹം നടന്നത്. അന്ന് ഒരിയ്ക്കലും കാണാത്ത ത്രിദശന് സമ്മാനിയ്ക്കാനായി ഒരു കുട്ട നിറയെ കല്യാണ സൗഗന്ധിക പൂക്കള്‍ അവള്‍ സൂക്ഷിച്ചിരുന്നു. അതില്‍ ഒരു പൂവ് പോലും സമ്മാനിയ്ക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ലായിരുന്നു. ആ സ്വപ്നസാക്ഷാത്ക്കാരം താരയിലൂടെ നടക്കണമെന്നായിരുന്നു നിയോഗം .
വിനു അവളെ തുളസി മരിച്ചു വീണ സ്ഥലത്തേയ്ക്ക് കൂട്ടികൊണ്ടു പോയി.
അവിടെ നിറയെ കല്ല്യാണസൗഗന്ധികപൂക്കള്‍ ഇളം കാറ്റില്‍ ആടുന്നുണ്ടായിരുന്നു. അതിന്റെ ഗന്ധം തുളസിയെ മദോന്മത്തയാക്കി. അവള്‍ കണ്ണീരോടെ ആ പൂക്കളെല്ലാം പറിച്ചു കുട്ടയിലാക്കി ബ്രഹ്മരക്ഷസ്സിനെ തൊഴാനായി പോയി. കോവിലിനുള്ളില്‍ ഒരു ശിലാരൂപം, അതിന്റെ അടുത്ത് ഉടവാളും കാണാമായിരുന്നു. അവളുടെ കയ്യിലെ ആ പട്ടുചേലയുടെ മുന്താണി ആ വാളിന്റെ തുമ്പിലുണ്ടായിരുന്നു.
അവള്‍ കല്ല്യാണസൗഗന്ധിക പൂക്കള്‍ ആ പടിയ്ക്കല്‍ വച്ചു. പെട്ടെന്ന് വന്ന മഴക്കാറ്റില്‍ ശ്രീകോവിലിന് ഉള്ളിലിരുന്ന കുങ്കുമചെപ്പില്‍ നിന്നുംവീണ സിന്ദൂരം ആ പൂക്കളെ ചുമപ്പിച്ചു. ആ പൂക്കൊട്ട കോകിലയും ശിഖിയും കൊക്കില്‍ കൊത്തി ആകാശത്തേയ്ക്ക് പറന്നുയര്‍ന്നു പോയി. അവര്‍ പോകുന്ന കാഴ്ച്ച നിറ കണ്ണുകളോടെ അവള്‍ നോക്കി നിന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...


