
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കാലി ഗ്രാഫ്
അറവുകാരന്‍ കെട്ടിയിട്ടിട്ട് പോയ
അതേ മരത്തിലേക്ക്
കൊമ്പുരുമ്മി
പോത്ത്
ഇത്രകാലമായി
തണലിനോടുണ്ടായിരുന്ന സ്‌നേഹത്തെ
മരത്തില്‍ പറ്റിച്ചു വച്ചു
റോഡരികിലെ
ഇളവെയിലില്‍
അമര്‍ന്നു കിടന്ന
പച്ചപ്പുല്ല്
പോത്തിന്റെ
അവസാനത്തെ വിശപ്പിനെ
കരുണയോടെ
പൊത്തിപ്പിടിച്ചു
പുല്‍ച്ചാടിയും
പട്ടിയും
പഴുതാരയും
മനുഷ്യനും
മേയുന്ന ലോകത്തെ,
പോത്ത്
ആദ്യമായെന്നപോലെ
സങ്കടത്തോടെ
നോക്കി.
ജനിച്ചപ്പോള്‍ എന്ന പോലെ
കുടുക്കില്ലാത്ത കഴുത്തുമായി
ഒറ്റയ്‌ക്കൊന്ന് ഓടി ദൂരേക്ക് പോകാന്‍
പോത്ത് ഒടുക്കത്തെ കൊതി കൊതിച്ചു.
വെളിച്ചമേ,
കാറ്റടിക്കുമ്പോള്‍
ഉലഞ്ഞു വീഴുന്ന ഇലകള്‍
തണുപ്പിന്റെ പുതപ്പ് നെയ്യുന്ന
വയല്‍വെള്ളമേ,
നാളത്തെ പകലിലൂടെ
ചുറ്റാനിറങ്ങുന്ന സൂര്യനേ...
നിസ്സഹായതയുടെ
മലമുകളില്‍ നിന്ന് കൊണ്ട്
അത്
ശബ്ദമില്ലാതെ കരഞ്ഞു.
ഒരു രാത്രി കൊണ്ട്
അറ്റുവീഴാന്‍ പോകുന്ന
കഴുത്തിനെ
അങ്ങേയറ്റം അരുമയോടെ
നാവുകൊണ്ട്
ഉഴിഞ്ഞ്
അറ്റമില്ലാത്ത വയലിന്റെ പച്ചയെ
തീരാത്ത
കൊതിയോടെ നോക്കി
ഓരോ പുല്‍ത്തുമ്പിനേയും
ആര്‍ത്തിയോടെ മൊത്തിക്കുടിച്ചു.
പിന്നെ
നാലുകാലില്‍
പഴയപടി കുനിഞ്ഞു നിന്ന്
ഇന്നത്തെ രാത്രിയെ
എന്നേക്കുമായി നീട്ടിവയ്ക്കാന്‍
മൃഗങ്ങളുടെ ദൈവത്തോട്
കാലികളുടെ ഭാഷയില്‍
ആവര്‍ത്തിച്ച് യാചിക്കാന്‍ തുടങ്ങി.
അപ്പോഴേക്കും
പകല്‍ തീര്‍ന്നു പോയി
കഴുത്തിലെ
നേര്‍ത്ത പേശികളില്‍നിന്ന്
ചീറ്റിത്തെറിച്ച ചുവപ്പിനൊപ്പം
പുറത്തേക്ക് പോയ
നിലവിളിയുടെ കഷണം
ഇപ്പോഴും
വേവാതെ കിടക്കുന്നത്
അതുകൊണ്ട് ആയിരിക്കാം.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...