Malayalam Poem: കുടക്കീഴില്‍, രാജന്‍ സി എച്ച് എഴുതിയ കവിത

Published : Jun 28, 2025, 02:04 PM ISTUpdated : Jun 28, 2025, 02:09 PM IST
rajan ch

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രാജന്‍ സി എച്ച് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

കുടക്കീഴില്‍

1

ആകാശത്തെ
ഒതുക്കി വെക്കണമെന്നു
കരുതി
ഞാനെപ്പോഴും
കുട ചൂടി
നടക്കുന്നു.

 

2

കുട
നിവര്‍ത്തും
മഴ
മനസ്സില്‍.

 

3

മഴയോര്‍മ്മിപ്പിക്കും
മറന്ന കുടയെ
വെയിലിലും.

 

4

അവനവന്റെ പേരെഴുതി
സ്വന്തമാക്കാം കുടയെ.

മഴയേയോ?

 

5

കുടക്കീഴിലത്രെ
മഴക്കാലം.

മഴക്കീഴിലാമോ
കുടക്കാലം?

 

6

കാറ്റു പിടിക്കും
കുടയില്‍ നി-
ന്നെന്നെയോ
മാറ്റിപ്പൊതിയും
മഴയ്‌ക്കെന്തൊ-
രാഹ്ലാദം.

പൊട്ടും കുടക്കമ്പി
പോലതിന്‍ നീര്‍ച്ചിരി.

 

7

ജലച്ചായത്തിലായ്
വരച്ചിടും മഴ,
കുടയതിന്‍ മേലെ
പ്രകൃതിദൃശ്യങ്ങള്‍.

വരയുണങ്ങുംമു-
മ്പതിന്മേലെ വീണു
പുതുപ്രകൃതിതന്‍
വിരാടദൃശ്യങ്ങള്‍.
കഴുകിപ്പോയെല്ലാം.

 

8

വില്ലൊടിഞ്ഞൊച്ച കേട്ടു
സീതയൊന്നു തിരിഞ്ഞപ്പോള്‍
മഴയിലായ് നനഞ്ഞൊലി-
ച്ചരികിലായ് രാമന്‍.

തന്റെ കുട നീട്ടിയല്ലോ
രാമനായി സീത.

 

9

കുടമറയിലാ-
യിരുന്നത്രെ പണ്ട്
കുടുംബത്തിലൊളി-
ഞ്ഞിരുന്ന പെണ്ണുങ്ങള്‍.
കുട താഴ്ത്താതിപ്പോള്‍
നടന്നു പോകണം

കുട ഗതി മറച്ചിടാതെ-
യോര്‍മ്മകള്‍.

ചരിത്രക്കൂണുകള്‍.

 

10

പ്രതിരോധത്തിന്റെ
കുടകള്‍ നിരന്ന
തെരുവില്‍
മേഘമെയ്തുവിടും
ഗറില്ലാഷോട്ടുകള്‍.

ചോര തെറിക്കുന്നുണ്ട്
മണ്ണില്‍.

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : നായാട്ട്, കെ ആര്‍ രാഹുല്‍ എഴുതിയ ചെറുകഥ
Malayalam Poem : റൂഹാനി, സജറ സമീര്‍ എഴുതിയ കവിത