
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ആ വീടിന്റെ മുന്നിലെ വരാന്തയിലിട്ടിരുന്ന ചാരുകസേരയില്‍ കാലും നീട്ടിയിരിക്കാന്‍ നല്ല രസം തോന്നി. ചുറ്റിനും അടുത്തെങ്ങും വേറെ ആള്‍താമസമില്ലെന്ന് തോന്നുന്നു. കുറേ ഏക്കറുകളില്‍ പരന്നുകിടക്കുന്ന മരങ്ങള്‍ക്കിടയില്‍ പഴയ മാതൃകയില്‍ പണിതിരിക്കുന്ന ഒരു വീട്.
കുറേ നാളായിട്ടുള്ള ഒരാഗ്രഹമായിരുന്നു ഏകാന്തതയിലിരുന്ന് എന്തെങ്കിലുമൊക്കെ എഴുതണമെന്ന്. അങ്ങനെയാണ് അന്നൊരു നാള്‍ വയനാട്ടിലേയ്ക്ക് ഒറ്റയ്ക്ക് പുറപ്പെട്ടത്. ഏതായാലും നല്ലപാതി നാട്ടിലില്ലാത്ത സമയമായിരുന്നു. അപ്പോള്‍പിന്നെ ആരോടും ഒന്നും ചോദിക്കാനും പറയാനുമില്ല.
ഒന്നുരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഏറ്റവും അടുത്ത സുഹൃത്ത് നന്ദപ്പന്‍ വയനാട്ടിലുള്ള ആ വീടിനെ പറ്റി പറഞ്ഞത്. അയാള്‍ പത്‌നിയോടൊപ്പം നാല് നാളുകള്‍ അവിടെ പോയി താമസിക്കുകയുണ്ടായി. അതിന്റെ ഉടമസ്ഥര്‍ പ്രായം ചെന്ന ദമ്പതിമാരാണ്. ചെറുപ്പത്തില്‍ ധാരാളം കഥകള്‍ എഴുതിയിരുന്നതാണ് നന്ദപ്പന്‍. ഇടക്കാലത്ത് ഒന്നും എഴുതാതായി. പക്ഷേ, ഇവിടെ വന്ന് താമസിച്ച നാല് ദിവസം കൊണ്ട് അയാള്‍ നല്ലൊരു നീണ്ടകഥയെഴുതിത്തീര്‍ത്തു. ഇവിടത്തെ അന്തരീക്ഷം അത്രകണ്ട് സര്‍ഗ്ഗാത്മകതയ്ക്ക് വളക്കൂറുള്ളതാണെന്നാണ് അയാളുടെ അഭിപ്രായം.
പട്ടണത്തില്‍ നിന്നും ഉടമസ്ഥര്‍ കൂടെ വന്ന് ഇവിടെയാക്കിത്തരുകയായിരുന്നു. ഭക്ഷണം വയ്ക്കാനുള്ള പ്രയാസമറിയിച്ചപ്പോള്‍ ഉച്ചയ്ക്കലത്തെ ആഹാരം കൊടുത്തയക്കാമെന്നവരേറ്റു. പ്രാതലും അത്താഴവും തന്നെ ഉണ്ടാക്കുകയെ നിവൃത്തിയുള്ളു. ഭക്ഷണം അയാള്‍ക്ക് വലിയ താല്പര്യമുള്ള കാര്യമല്ലാത്തതിനാല്‍ അതൊരു പ്രശ്‌നമായി അയാള്‍ കണ്ടതുമില്ല. മൊബൈല്‍ ഫോണ്‍ഓഫ് ചെയ്തതിനാല്‍ അതിന്റെ ഉപദ്രവം ലേശം പോലുമില്ല. ചിന്തിക്കാനല്ലാതെ വേറെയൊന്നും ഇവിടിരുന്ന് ചെയ്യാനില്ല. നല്ലൊരു കഥാതന്തു കിട്ടിയാല്‍ എഴുതുവാന്‍ എളുപ്പമായിരിക്കും. ചെറുകഥകളല്ല, നോവല്‍ തന്നെയായിരുന്നു അയാളുടെ ലക്ഷ്യം. കുറച്ചുനാളായി എന്തെങ്കിലും കാര്യമായിട്ടെഴുതിയിട്ട്. ഈ വനവാസത്തില്‍ അതിനൊരറുതി വരുത്തണം.
ആ വൃദ്ധദമ്പതികളെ അയാള്‍ക്ക് നന്നെ ഇഷ്ടപ്പെട്ടു. പക്ഷേ, തന്നെ അവര്‍ ഇതിന് മുമ്പ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞത് അതിശയമായി തോന്നി. താനിത് ആദ്യമായിട്ടാണ് വയനാട്ടില്‍ വരുന്നത്. പിന്നെ ഇവരെ എവിടെ എങ്ങനെ കാണാനാണ്? ഇവിടെ ഇതിന് മുമ്പ് വന്ന് താമസിച്ചിട്ടുണ്ടോ എന്നുവരെ അവര്‍ ചോദിച്ചു. ഇല്ലെന്ന് താന്‍ തീര്‍ത്ത് പറഞ്ഞപ്പോള്‍പ്പിന്നെ അവര്‍ അതിനെ കുറിച്ച് സംസാരിച്ചതേയില്ല.
അതിനെ പറ്റി ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അയാള്‍ക്ക് തന്നെ സംശയമായി. ഇനിയിപ്പോള്‍ താനിവിടെ ഇതിന് മുമ്പ് വന്നിട്ടുണ്ടോ? മറവിരോഗത്തിന്റെ തുടക്കം വല്ലതുമായിരിക്കുമോ? അമ്‌നേഷ്യ, ഡിമെന്‍ഷ്യ, അള്‍ഷീമേഴ്‌സ് - അങ്ങനെ പല പല തലങ്ങളിലേയ്ക്ക് മറവിയുടെ വ്യാപ്തി പരന്നുകൊണ്ടിരിക്കുന്നു എന്നാണല്ലോ കേട്ടിരിക്കുന്നത്. അതില്‍ ഏത് സ്റ്റേജിലായിരിക്കാം തന്റെ മറവി?
പദപ്രശ്‌നങ്ങള്‍ ചെയ്യുന്നവര്‍ക്ക് പൊതുവേ മറവി വരാന്‍ വഴിയിലെന്നാണ് പറയുന്നത്. അയാള്‍ സ്ഥിരമായി പേപ്പറുകളില്‍ വരുന്ന പദപ്രശ്‌നങ്ങള്‍ ചെയ്യുന്ന കൂട്ടത്തിലാണ്. അതുകൊണ്ട് ഓര്‍മ്മക്കുറവിനുള്ള സാദ്ധ്യത കുറവാണ്. തനിയ്ക്ക് മറവിയില്ലെന്ന് സ്വയം ഉറപ്പ് വരുത്താന്‍ അയാള്‍ പഴയ കാര്യങ്ങള്‍ പലതും ഓര്‍ത്തെടുത്തു.
അയാളുടെ ഏറ്റവും അടുത്ത സ്‌നേഹിതന്‍ നന്ദപ്പന്‍. കോളേജില്‍ നിന്നും തുടങ്ങിയ സൗഹൃദമാണ്. നാല്പത് കൊല്ലങ്ങള്‍ക്കിപ്പുറവും അത് അവിഘ്‌നം തുടരുന്നു. കോളേജില്‍ ആദ്യദിവസം തമ്മില്‍ കണ്ട് ഒരേ ബഞ്ചില്‍ അടുത്തടുത്തിരുന്ന് പഠിത്തവും ചങ്ങാത്തവും. അന്ന് നന്ദപ്പന്‍ ഒരു നാസ്തികനായിരുന്നു. ആ സ്വഭാവം കുറെയൊക്കെ അയാളിലേയ്ക്കും പകരാന്‍ ആ സുഹ്രുദ്ബന്ധം കാരണമായി.
പിന്നീട് കുറേ കാലങ്ങള്‍ക്ക് ശേഷം നന്ദപ്പനെ മഹാനഗരത്തിലെ വസതിയില്‍ വച്ച്കണ്ടുമുട്ടിയപ്പോള്‍ വല്ലാത്തൊരു മാറ്റം നന്ദപ്പനില്‍ സംഭവിച്ചിരുന്നു. വീടിന്റെ ചുവരില്‍ നിറയെ ഗണപതി ചിത്രങ്ങള്‍. പണ്ടേ നല്ലൊരു ചിത്രകാരനായിരുന്ന നന്ദപ്പന്‍ തന്നെ വരച്ചതായിരുന്നു ആ വിഘ്‌നേശ്വരരൂപങ്ങള്‍. അതിനെ പറ്റി ചോദിച്ചപ്പോഴാണ് നന്ദപ്പന്‍ താന്‍ ദൈവവിശ്വാസി ആയതിന്റെ പിന്നിലെ ചരിത്രം വിവരിച്ചത്.
നന്ദപ്പന്‍ ജോലി ചെയ്തിരുന്ന കമ്പനിയിലെ മുതിര്‍ന്ന മാനേജര്‍മാര്‍, ജിഎം ഉള്‍പ്പടെ, വഴിവിട്ട രീതിയില്‍ കമ്പനിയുടെ പണം ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ ആരംഭിച്ചു. അതിനെ എതിര്‍ത്ത നന്ദപ്പനെ അവര്‍ തഴഞ്ഞു. അയാളുടെ പ്രമോഷനും ശമ്പളവര്‍ദ്ധനയുമെല്ലാം തടഞ്ഞുവച്ചു. അങ്ങനെ നന്ദപ്പനെ മാനസികമായി വളരെയധികം ഉപദ്രവിച്ചു. ഒരു സമയം ജോലി രാജിവയ്ക്കാന്‍ വരെ നന്ദപ്പന്‍ തീരുമാനിച്ചതായിരുന്നു. അപ്പോഴാണ് ജിഎമ്മിന്റെ സെക്രട്ടറി അയാളെ വിളിച്ച് ഉപദേശിച്ചത്. എല്ലാദിവസവും വിഷ്ണുസഹസ്രനാമം ഉരുവിട്ടാല്‍ മനസിന് ആശ്വാസം ലഭിക്കും. വിശ്വാസമുണ്ടെങ്കിലും ഇല്ലെങ്കിലും കുറച്ചു ദിവസം ശ്രമിച്ച് നോക്കുന്നതില്‍ തെറ്റില്ലല്ലോ. ഈശ്വരവിശ്വാസിയല്ലെങ്കിലും നന്ദപ്പന്‍ ഈശ്വരനിഷേധിയായിരുന്നില്ല. അതുകൊണ്ട് അവരുടെ ഉപദേശം അയാള്‍ സ്വീകരിച്ചു. രണ്ട് മാസങ്ങള്‍ക്കുള്ളില്‍ അയാളുടെ മാനസികാവസ്ഥ മെച്ചപ്പെട്ടു. പഴയ ഊര്‍ജ്ജസ്വലത തിരിച്ചുകിട്ടി. തന്നില്‍ത്തന്നെയുള്ള വിശ്വാസം അധികരിച്ചു. മാത്രമല്ല, അതിനടുത്ത കൊല്ലത്തിന്റെ തുടക്കത്തില്‍ കമ്പനിയുടെ വിജിലന്‍സ് അധികാരികള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ തട്ടിപ്പ് കണ്ടുപിടിക്കുകയും അവരെ ജോലിയില്‍ നിന്നും നീക്കുകയും ചെയ്തു. കൂടാതെ നന്ദപ്പന്റെ തടഞ്ഞുവച്ച പ്രമോഷനും ശമ്പളവര്‍ദ്ധനയും മുന്‍കാലപ്രാബല്യത്തോടെ സ്ഥിരീകരിച്ചു.അതോടെ നാസ്തികനായിരുന്ന നന്ദപ്പന്‍ തികഞ്ഞ ദൈവവിശ്വാസിയായി മാറി.
നന്ദപ്പന്റെ കാര്യങ്ങള്‍ ആലോചിച്ചെടുത്തപ്പോള്‍ അയാള്‍ക്ക് തന്റെ ഓര്‍മ്മശേഷിയില്‍ കൂടുതല്‍ വിശ്വാസമായി. കൂട്ടത്തില്‍ അടുക്കും ചിട്ടയോടെതന്നെ നന്ദപ്പന്റെ കൂടെ പട്ടണത്തില്‍ സൈക്കിളോടിച്ച് പോയിരുന്ന സ്ഥലങ്ങളും മനസ്സിലോടിയെത്തി. നന്ദപ്പന്റെ അച്ഛന്റെ അള്‍സര്‍ ഓപറേഷനും അന്ന് രാത്രി മുഴുവന്‍ അയാള്‍ അദ്ദേഹത്തിന്റെ കൂടെ ആശുപത്രിയില്‍ ചെലവഴിച്ചതും ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു. അതിന് ശേഷം നന്ദപ്പന്റെ അമ്മയ്ക്കും അച്ഛനും അയാളോട് ഒരു മകനോടുള്ള സ്‌നേഹമായിരുന്നു. വൈകുന്നേരത്തെ സൈക്കിളോട്ടത്തിനുശേഷം എന്നും നന്ദപ്പന്റെ അമ്മയുടെ നെയ്‌റോസ്റ്റ് കഴിക്കാനുള്ള ഭാഗ്യം അയാള്‍ക്ക് കിട്ടിയിരുന്നു.
സംശയിച്ചപോലെ തനിയ്ക്ക് മറവിയുടെ അസുഖം തീരെയില്ലെന്ന് ഉറപ്പായപ്പോള്‍ അയാള്‍ അത്താഴം കഴിച്ച് കിടക്കാന്‍ തീരുമാനിച്ചു. അതിനിടയില്‍ പുതിയ കഥയ്ക്കുള്ള ചില ഇതിവൃത്തങ്ങള്‍ മനസ്സില്‍ ഉരുണ്ട് കളിക്കാന്‍ ആരംഭിച്ചിരുന്നു. കിടക്കുമ്പോള്‍ അതിനെപറ്റി കൂടുതല്‍ ആലോചിച്ചാല്‍ ഒന്നുകില്‍ രാത്രി തന്നെ കഥയെഴുതി തുടങ്ങാന്‍ സാധിക്കും, അല്ലെങ്കില്‍ നല്ല സുഖമായി ഉറങ്ങുകയുമാവാം.
നല്ല കാലാവസ്ഥ. ഫാനിന്റെ ആവശ്യമില്ല. പക്ഷേ, ഇടയിലെപ്പോഴോ എന്തോ സ്വപ്നം കണ്ടിട്ടോ മറ്റോ അയാള്‍ ചാടിയെഴുന്നേറ്റു. ആകെ വിയര്‍ത്തിരിക്കുന്നു. തുറന്നുകിടന്നിരുന്ന ജനലില്‍ കൂടിയുണ്ടായിരുന്ന വായുസഞ്ചാരം നിലച്ചപോലെ. അയാളെഴുന്നേറ്റ് ഫാനിട്ടു. വീണ്ടും വന്നുകിടന്നു. കണ്ണടച്ച് ഉറങ്ങാന്‍ തുടങ്ങിയപ്പോഴാണ് ഒരു കിരുകിരിപ്പ് അയാളുടെ കാതിലെത്തിയത്. അതെന്താണെന്ന് ആലോചിച്ച് കിടക്കുന്നതിനിടയില്‍ ആ ശബ്ദം നിന്നു.
വീണ്ടും അതാ ആ കിരുകിരിപ്പ്. എന്താണെന്ന് മനസ്സിലാകുന്നില്ല. ഫാനിട്ടപ്പോഴാണോ കിരുകിരിപ്പ് തുടങ്ങിയത് അതോ അതിന് മുമ്പേ ഉണ്ടായിരുന്നോ? ഓര്‍മ്മയില്ല. എലിയോ മറ്റോ കരണ്ടുകൊണ്ടിരിക്കുന്ന പോലെ. ഈ മുറിയ്ക്കകത്ത് എലിയുണ്ടാകുമോ? ഇന്നിത് നോക്കിയിട്ട് തന്നെ ഒരു കാര്യം. ലൈറ്റിട്ട് നോക്കാം. അല്ലെങ്കില്‍ ഉറക്കം ഗോപിയാവും.
രാത്രിയുറക്കം നശിപ്പിക്കുന്ന എലിയെ കണ്ടുപിടിക്കേണ്ടത് ഒരു ആവശ്യമായി മാറി.അയാള്‍ എഴുന്നേറ്റ് ലൈറ്റിട്ടു. ഫാന്‍ കറങ്ങിക്കൊണ്ടേയിരിക്കുന്നു. എവിടെ നിന്നാണീ ശബ്ദം വരുന്നത്? മുറി മുഴുവന്‍ അരിച്ച് പെറുക്കാന്‍ തുടങ്ങി.എലി ആയിരുന്നെങ്കില്‍ അത് ലൈറ്റിട്ടപ്പോള്‍ ഓടിപോകേണ്ടതാണല്ലോ. അല്ല, ഇത് എലിയല്ല, വേറെന്തോ ആണ്. ചുറ്റിനും നോക്കി. അവിടെ മൂലയ്ക്കിരിക്കുന്ന മരയലമാരിയുടെ ഭാഗത്ത് നിന്നാണ് ശബ്ദം കേട്ടത്. ആ അലമാരി തുറന്ന് നോക്കാം.
അലമാരിയുടെ മുകളില്‍ നിന്നാണെന്ന് തോന്നുന്നു. അവിടെ കിടന്നിരുന്ന ഒരു കസേര വലിച്ചിട്ട് അതിന്റെ മുകളില്‍ കയറി നോക്കി. അതാ ഒരു കെട്ട് പേപ്പര്‍. ഫാനിന്റെ കാറ്റില്‍ പേപ്പര്‍ അനങ്ങുന്ന ശബ്ദമാണ് കേട്ടിരുന്നത്. തല്ക്കാലം ആ പേപ്പര്‍കെട്ടെടുത്ത് താഴെ എവിടെയെങ്കിലും വയ്ക്കാം.
അതെടുത്ത് മേശയ്ക്ക് മുകളില്‍ വച്ച് അതിന്റെ മുകളില്‍ ഒരു പുസ്തകവും വച്ചിട്ട് അയാള്‍ തന്റെ പാതിയില്‍ നിര്‍ത്തിവച്ച ഉറക്കം പുനരാരംഭിച്ചു.
പിറ്റേന്ന് രാവിലെ ഉണര്‍ന്ന് പ്രഭാതകര്‍മ്മങ്ങള്‍ക്ക് ശേഷം അയാള്‍ ചായയുമായി വരാന്തയിലെ ചാരുകസേരയില്‍ വന്നിരുന്നു. പുറത്തെ കാഴ്ച നയനാന്ദകരം തന്നെ. പച്ചപ്പ് നിറഞ്ഞ തൊടി. ചെറുകാറ്റില്‍ ആടിയുലയുന്ന വൃക്ഷത്തലപ്പുകള്‍. ഒരു മഴ പെയ്തിരുന്നെങ്കില്‍ നല്ല രസമായിരുന്നേനെ. കൊച്ചുകുട്ടികളെ പോലെ മഴയത്ത് ഇറങ്ങിക്കളിക്കാമായിരുന്നു. ഏതായാലും ഈ വേനല്‍ക്കാലത്ത് മഴപെയ്യാനുള്ള യാതൊരു സാദ്ധ്യതയുമില്ല.
ചായയുടെ ഊര്‍ജ്ജത്തില്‍ തന്റെ പുതിയ കഥയുടെ അണിയറപ്രവര്‍ത്തനം ആരംഭിക്കുന്നതാണ് നല്ലത്. ഇന്നലെ ആലോചിച്ചെടുത്തതെല്ലാം മറവിയുടെ മായാലോകത്തേയ്ക്ക് തിരസ്‌കൃതമാകുന്നതിന് മുമ്പേ എഴുതാന്‍ തുടങ്ങണം. പണ്ട് ജോലിചെയ്തിരുന്ന കമ്പനിയുടെ അരികിലൂടെ ഒഴുകിയിരുന്ന പെരിയാറിന്റെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച് ഒരു ഫേസ്ബുക്ക് കുറിപ്പ് വായിച്ചതിനെ ആസ്പദമാക്കിയായിരുന്നു അയാളുടെ പുതിയ നോവലിന്റെ ഭ്രൂണം ഉടലെടുത്തത്. പെരിയാറിന്റെ തീരത്തുള്ള ഇടയാറും അവിടെനിന്നുള്ള കഥാപാത്രങ്ങളും കണ്‍മുന്നില്‍ വന്ന് നൃത്തമാടാന്‍ തുടങ്ങിയിരുന്നു. ഇനി ഒട്ടും വൈകാതെ മനസ്സിലുള്ളതിനെ കടലാസിലേയ്ക്ക് മാറ്റണം. ഈ നേരിയ തണുപ്പുള്ള കാറ്റിന്റെ ആശ്ലേഷത്തിലമര്‍ന്ന് എഴുതിയാല്‍ അക്ഷരങ്ങള്‍ നല്ല സ്ഫുടതയോടെ കടലാസില്‍ തെളിയും. കൈയക്ഷരം നന്നായാലെ വിചാരധാര അനസ്യൂതം നിര്‍ഗ്ഗമിക്കുകയുള്ളു.
അയാള്‍ കസേരയില്‍ നിന്നും എഴുന്നേറ്റ് ചായക്കപ്പ് അടുക്കളയില്‍ കഴുകി വച്ചിട്ട് പേപ്പര്‍പാഡ്എടുക്കാന്‍ കിടക്കമുറിയിലേയ്ക്ക് കയറി. അപ്പോഴാണ് മേശപ്പുറത്ത് തലേന്ന് രാത്രി അലമാരയുടെ മുകളില്‍ നിന്നെടുത്ത് വച്ച കടലാസുകെട്ട് അയാള്‍ശ്രദ്ധിച്ചത്. മുകളിലെ കടലാസില്‍ എഴുതിയിരുന്നത് വായിച്ചു. 'ചെറുകഥകള്‍'. അത് അയാളുടെ കൗതുകം വര്‍ദ്ധിപ്പിച്ചു. ആ കടലാസുകെട്ടെടുത്ത് മറിച്ച് നോക്കി. കുറെ ചെറുകഥകളുടെ ഒരു സമാഹാരമാണ്. അതോടെ താന്‍ എഴുതണമെന്ന് വിചാരിച്ചിരുന്ന നോവലിന്റെ കാര്യം മറന്ന് അയാള്‍ ആ കടലാസുകെട്ടുമായി വരാന്തയിലേയ്ക്ക് കടന്നു. ചാരുകസേരയില്‍ ചാരി കിടന്ന് അതിലെ കഥകള്‍ ഓരോന്നായി വായിക്കാന്‍ തുടങ്ങി.
ഒന്നിനൊന്ന് മെച്ചപ്പെട്ട ഇരുപത് കഥകള്‍. നല്ല പുതുമയുള്ള ഇതിവൃത്തങ്ങള്‍. എല്ലാ കഥകളും ഒരു പ്രത്യേകരീതിയിലാണ് അവസാനിപ്പിച്ചിരിക്കുന്നത്. കഥാകാരന്റെ കൈയൊപ്പ് എന്നൊക്കെ വേണമെങ്കില്‍ അതിനെ സമര്‍ത്ഥിക്കാം. ഏതായാലും ഇത് എഴുതിയ ആള്‍ ഒരു നൂതന സര്‍ഗ്ഗശക്തിയ്ക്ക് ഉടമയാണ്. ആരാവും ഇതിന്റെ രചയിതാവ്? അയാള്‍ ആ കടലാസുകള്‍ വീണ്ടും പരിശോധിച്ചു. എവിടേയും കഥാകൃത്തിന്റെ പേര് ചേര്‍ത്തിട്ടില്ല. ഇത്രയും നല്ല കഥകള്‍ എഴുതിയ ആള്‍ സ്വന്തം പേര് എവിടേയും വേണ്ട എന്ന് ആഗ്രഹിക്കുന്നപോലെ.
ഇനിയിപ്പോള്‍ ഇതിന്റെ ഉടമസ്ഥനെ കണ്ടുപിടിക്കാന്‍ എന്താണ് ചെയ്യേണ്ടത്? ഇവിടെ ഇതിന് മുമ്പ് വന്ന് താമസിച്ച ആരെങ്കിലും ആയിരിക്കണം. ആ വൃദ്ധദമ്പതികള്‍ ഉച്ചഭക്ഷണവുമായി എത്തുമ്പോള്‍ ചോദിച്ച് നോക്കാം. അവര്‍ക്ക് ചിലപ്പോള്‍ അറിയാന്‍ സാധിക്കും. ഏതെങ്കിലും വലിയ എഴുത്തുകാരനാണെങ്കില്‍ തീര്‍ച്ചയായും നിശ്ചയമുണ്ടാകും. ഉച്ചയാവാന്‍ കാത്തിരിക്കാം.
ഇനി അഥവാ, അവര്‍ക്ക് ഇതിനെ പറ്റി അറിവില്ലെങ്കില്‍ പിന്നെ എന്താ ചെയ്യുക?അയാളുടെ മനസ്സില്‍ ഓടിയെത്തിയത് പ്രിയസ്‌നേഹിതന്‍ നന്ദപ്പനാണ്. നന്ദപ്പനെ വിളിച്ചാലോ?
ഈ റിസോര്‍ട്ട് ഇവിടെയുണ്ടെന്ന് പറഞ്ഞുതന്നത് നന്ദപ്പന്‍ തന്നെയാണല്ലോ. എന്തുകൊണ്ടും ഇവിടെ സഹായിക്കാന്‍ പറ്റിയ ആള്‍ നന്ദപ്പനാണ്. അതിന് പ്രാപ്തിയുള്ള...ത്രാണിയുള്ള... സഹായിക്കാന്‍ നല്ലൊരു മനസ്സുള്ള ആള്‍. അയാളെ തന്നെ ബന്ധപ്പെടാന്‍ നോക്കുന്നതാണ് നല്ലത്. ഏതായാലും വിളിച്ച് നോക്കാം. അയാള്‍ മൊബൈല്‍ ഫോണ്‍ തപ്പിയെടുത്ത് ഓണ്‍ ചെയ്തു.
അയാള്‍ നന്ദപ്പന്റെ നമ്പര്‍ വിളിച്ചു. പക്ഷേ, ഔട്ട് ഓഫ് റേഞ്ച്. ഈ നമ്പര്‍ നിലവിലില്ല എന്നൊക്കെയാണ് മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നത്. എവിടെ പോയി ഇയാള്‍? അപ്പോഴാണ് അയാള്‍ ഓര്‍ത്തത്. ഇവിടത്തെ മേല്‍വിലാസവും നമ്പറുമൊക്കെ തന്നതിന് ശേഷം നന്ദപ്പന്‍ പറയുകയുണ്ടായി, ഇടയ്ക്ക് ചെയ്യാറുള്ള പോലെ ആറ് മാസത്തെ വനവാസത്തിന് പോകുമെന്ന്. മനസ്സ് ഏകാഗ്രമാക്കാന്‍ വേണ്ടി അയാള്‍ സാധാരണ ചെയ്യാറുള്ള പ്രവൃത്തിയാണ് അത്. ആര്‍ക്കും ബന്ധപ്പെടാന്‍ സാധിക്കാത്ത ഒരു സ്ഥലത്ത് ഭാര്യയോടൊപ്പം പോയി താമസിക്കും. അതാണ് അയാളുടെ പ്രകൃതം. അതില്‍ നിന്ന് മനസ്സിന് വളരെയധികം സമാധാനം ലഭിക്കുമെന്നാണ് അയാള്‍ പറയാറുള്ളത്. തന്നോടും അതൊക്കെ ചെയ്യാന്‍ അയാള്‍ പറയാറുണ്ട്. ഇനിയിപ്പോള്‍ ആറ് മാസത്തേയ്ക്ക് അയാളെ ബന്ധപ്പെടാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല.
ഗണപതികോവിലുകള്‍ കാണാന്‍ ഇഷ്ടമുള്ള നന്ദപ്പന്‍. നന്ദപ്പനും ഭാര്യയും കൂടി ഏതെങ്കിലും ഒരു ഗണപതികോവിലില്‍ ഭജനയിരിക്കുകയോ മറ്റോ ആവും. ഫോണുകളൊന്നുമില്ലാതെയുള്ള ഒരു യാത്ര. വിളിച്ചാല്‍ കിട്ടില്ലെന്ന് അന്നേ പറഞ്ഞിരുന്നു. ''അണ്‍ഇന്ററുപ്റ്റഡ് മെഡിറ്റേറ്റീവ് സജേണ്‍'' എന്നാണ് നന്ദപ്പന്‍ തന്റെ യാത്രയെ നാമകരണം ചെയ്തിരിക്കുന്നത്.
നന്ദപ്പനെ നോക്കിയിരുന്നിട്ട് കാര്യമില്ല. വേറെ ഏതെങ്കിലും വഴി തേടുന്നതാണ് നല്ലത്. അപ്പോഴാണ് അയാള്‍ക്ക് ആരിഫിനെ ഓര്‍മ്മ വന്നത്. ചെറുകഥകളെ സ്‌നേഹിക്കുന്ന ഒരാള്‍. എവിടെ കഥ കണ്ടാലും തേടി പിടിച്ച് വായിക്കുന്ന സ്വഭാവമാണ്. ഈ കഥകള്‍ കൈയില്‍ കിട്ടിയാല്‍ അരിച്ച് പെറുക്കി വായിച്ച് അതിന്റെ കഥാകൃത്തിനെ എങ്ങനെയെങ്കിലും അന്വേഷിച്ച് കണ്ടുപിടിക്കാനും സഹായിച്ചേക്കും. ചിലപ്പോള്‍ എഴുത്തിന്റെ ശൈലിയില്‍ നിന്ന് ഇതിന് മുമ്പ് വായിച്ച ഏതെങ്കിലും കഥകളുമായി സാമ്യമുണ്ടോയെന്നും അയാള്‍ക്ക് പറയാന്‍ സാധിച്ചേക്കും.
ഈ വീട്ടിലെ വാസം ഒരാഴ്ചയാണ് ഉദ്ദേശിച്ചിരുന്നത്. അത് വേണ്ടെന്ന് വയ്ക്കുകയാണ് നല്ലത്. ഇനി ഈ കഥാകാരനെ കുറിച്ച് മനസ്സിലാക്കാന്‍ പറ്റിയാല്‍ മാത്രമേ സമാധാനം ഉണ്ടാവുകയുള്ളു. അതുവരെ വേറൊന്നും ആലോചിക്കാനോ എഴുതാനോ തോന്നില്ല. ഇവിടെ വെറുതെയിരുന്ന് സമയം കളഞ്ഞിട്ട് കാര്യമില്ല. ഉച്ചയ്ക്ക് വീടിന്റെ ഉടമസ്ഥര്‍ വന്നാല്‍ അവരുടെ കൂടെ തിരിച്ചുപോകാം. മുഴുവന്‍ പണവും കൊടുത്തിട്ടാണ് ഇവിടത്തെ താമസം തുടങ്ങിയത്. ബാക്കി കാശ് അവര്‍ തന്നാല്‍ വാങ്ങാം. അല്ലെങ്കില്‍ അത് പോട്ടെ.
അയാള്‍ തിരിച്ചു പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ആ വൃദ്ധദമ്പതികള്‍ക്ക് അത്ഭുതമായി. ഇതിന് മുമ്പ് അവിടെ പേരുകേട്ട ഒരു എഴുത്തുകാരനും വന്ന് താമസിച്ചിട്ടില്ല. ഇനി പരിചയമില്ലാത്ത ആരെങ്കിലും വന്നിരുന്ന് കഥകള്‍ എഴുതിയിട്ടുണ്ടോയെന്ന് അവര്‍ക്ക് നിശ്ചയമില്ല.
രണ്ട് ദിവസത്തെ വാടകയെടുത്തിട്ട് ബാക്കി കാശ് അവര്‍ അയാള്‍ക്ക് തിരിച്ചുകൊടുത്തു. ഇനി പിന്നെയൊരിക്കല്‍ വന്ന് താമസിക്കാമെന്ന് പറഞ്ഞ് അയാള്‍ അവരെ വിട്ട് കണ്ണൂര്‍ക്കുള്ള ബസില്‍ കയറി. ആരിഫിനെ കാണുകയെന്നൊരു ഉദ്ദേശ്യം മാത്രമേ അയാളുടെ മനസ്സില്‍ ഉണ്ടായിരുന്നുള്ളു.
ചെറുകഥകളെ സ്‌നേഹിക്കുന്ന ആരിഫ് എന്ന സുഹൃത്ത്. അദ്ദേഹത്തെ കണ്ടുമുട്ടിയതോടെ കാര്യങ്ങള്‍ കുറച്ച് വേഗതയോടെ മുന്നോട്ട് നീങ്ങി. അദ്ദേഹമാണ് പറഞ്ഞത് ഒരു പ്രസാധകനെ സമീപിച്ച് നോക്കാമെന്ന്. ആരിഫിന്റെ ഒരു കൂട്ടുകാരന്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഒരാളുണ്ട്-കരുണന്‍. അയാളുടെ കൈയില്‍ കൊണ്ടുകൊടുത്ത് നോക്കാം. ഈ കഥകള്‍ എഴുതിയ ആളെ കണ്ട് കിട്ടിയില്ലെങ്കില്‍ 'അനോനിമസ്' ആയിട്ട് തന്നെ ഈ ചെറുകഥകള്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും നല്ലതെന്നായിരുന്നു ആരിഫിന്റെ അഭിപ്രായം. 'പേരില്ലാ കഥാകൃത്ത്!'
ചിലപ്പോള്‍ പുസ്തകം വായിച്ചിട്ട് അതിന്റെ യഥാര്‍ത്ഥ കഥാകൃത്തോ അയാളെ പരിചയമുള്ള ആരെങ്കിലുമോ പ്രസാധകനെ ബന്ധപ്പെടാനും സാദ്ധ്യതയുണ്ട്. കഥാകാരനെ കണ്ടുപിടിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമൊന്നും ആരിഫിന്റെ മനസ്സിലും ഉദിച്ചില്ല.
ആരിഫിന്റെ അതേ അഭിപ്രായം തന്നെയായിരുന്ന കരുണനും. കഥകള്‍ വായിച്ച് കഴിഞ്ഞപ്പോള്‍ കരുണന് അത് പ്രസിദ്ധീകരിക്കാനുള്ള ആവേശമായി. പുസ്തകത്തിന് ഒരു അവതാരിക എഴുതാനായി സുപ്രസിദ്ധനായ പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ ഗോവിന്ദന്‍കുട്ടിയുടെ കൈയില്‍ കഥകളുടെ കരട് കൊടുത്തു.
''സാധാരണ വായിക്കുന്ന ചെറുകഥകളില്‍ നിന്നും വിഭിന്നം. മനുഷ്യന്‍ ജീവിതത്തില്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും വേദനകളും മാത്രം എഴുതിപ്പിടിപ്പിച്ച് കഥകള്‍ ഉണ്ടാക്കിയിട്ട് എന്താ കാര്യം? അതെല്ലാം കുറേപേരുടെ മനസ്സിലെങ്കിലും പ്രതികൂലാത്മകത സൃഷ്ടിക്കുകയേയുള്ളു. അതിന് പകരം പോസിറ്റീവ് ചിന്താഗതിയിലേയ്ക്ക് വരുന്നതാണ് എപ്പോഴും നല്ലത്. അത് വായനക്കാരന്റെ മനസ്സിനേയും പോസിറ്റീവായി ചിന്തിക്കാന്‍ പ്രേരിപ്പിക്കും. അല്പസ്വല്പം അതിശയോക്തി ഉണ്ടെങ്കില്‍ പോലും അതിനെല്ലാം ഒരു പ്രത്യേകതയുണ്ട്. അങ്ങനെയുള്ള കഥകളെയാണ് ഞാനീ പേരില്ലാ കഥാകൃത്തില്‍ കാണുന്നത്. എല്ലാ കഥകള്‍ക്കും വായനക്കാരന്‍ വിചാരിക്കാത്ത തരത്തിലുള്ള അന്ത്യവും. അതാണ് ആവശ്യം. അതാണ് വായനക്കാര്‍ക്കും ആവശ്യം. നന്നായിരിക്കുന്നു. വെറുതെ നന്നായിരിക്കുന്നു എന്ന് പറഞ്ഞാല്‍ പോരാ, ഗംഭീരം ... അതിഗംഭീരം!'' അതായിരുന്നു ഗോവിന്ദന്‍കുട്ടി കഥകള്‍ വായിച്ചുകഴിഞ്ഞ് അഭിപ്രായപ്പെട്ടത്.
കഥകള്‍ എഴുതിയ ആളെ കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ അവ ഒരു ചെറുകഥാസമാഹാരമായി പ്രസിദ്ധീകരിക്കാന്‍ കരുണനും ആരിഫും തീരുമാനിച്ചു. കഥകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിനെ സംബന്ധിച്ച് ഒരു ആമുഖവും അയാളില്‍ നിന്ന് അവര്‍ എഴുതിവാങ്ങി.
പുസ്തകം പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുള്ളില്‍ രണ്ടാം പതിപ്പിറക്കേണ്ടി വന്നു. അത്ര വലിയ സ്വീകരണമാണ് അതിന് പ്രബുദ്ധരായ വായനക്കാരില്‍ നിന്ന് ലഭിച്ചത്.
ജാതിമതഭേദമെന്യേ രാഷ്ട്രീയ ചേരിതിരിവില്ലാതെ എല്ലാവര്‍ക്കും ഒരേ അഭിപ്രായം - കൊള്ളാം ഈ കഥകള്‍. ഈ കഥാകാരനെ തേടി കണ്ടുപിടിക്കണമെന്ന് വായനക്കാരെല്ലാം അഭിപ്രായപ്പെട്ടു. ഈ സമുദായത്തിന് അങ്ങനെയൊരാളെ അവശ്യമുണ്ട്.
ആറുമാസത്തോളം ആഘോഷങ്ങളും പൊതുജനസമ്പര്‍ക്കപരിപാടികളും നീണ്ടുനിന്നു. പല പുസ്തകമത്സരങ്ങളിലേയ്ക്കും കരുണന്‍ ആ പുസ്തകത്തിന്റെ കോപ്പികള്‍ അയച്ചുകൊടുത്തു. പല സ്ഥലങ്ങളിലും ഒന്നാം സമ്മാനം കരസ്ഥമാക്കുമെന്ന ദൃഢവിശ്വാസമായിരുന്നു പ്രസാധകന്. 'അനോനിമസ്' കഥകള്‍ കണ്ടെത്തിയവന്‍ എന്ന നിലയ്ക്ക് അയാള്‍ക്കും എല്ലാത്തിലും പങ്കെടുക്കേണ്ടി വന്നു.
അങ്ങനെയിരിക്കെ ഒരുനാള്‍ അപ്രതീക്ഷിതമായി നന്ദപ്പന്‍ അയാളുടെ വീട്ടിലെത്തി. പേരില്ലാ കഥാകൃത്തിന്റെ പുസ്തകത്തിന്റെ ഒരു കോപ്പിയും കൊണ്ടാണ് നന്ദപ്പന്‍ അവിടെ വന്നത്. അയാളെ കണ്ടപാടെ നന്ദപ്പന്‍ ചൂടാവുകയായിരുന്നു. ''നിനക്കെന്താ വട്ടായോ? സ്വന്തം കഥകള്‍ ആരുടേയോ ആണെന്നമട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. മണ്ടന്‍. തനി ഭ്രാന്തന്‍!''
കാര്യം മനസ്സിലാവാതെ അയാള്‍ പകച്ചുനിന്നു. നന്ദപ്പന് വട്ടായോ എന്നായിരുന്നു അയാളുടെ സംശയം. ആറുമാസത്തെ ഏകാന്തജീവിതം ഒരാളെ അങ്ങനെയാക്കിത്തീര്‍ക്കുമോ? ''കാര്യമെന്താണെന്ന് പറയെന്റെ, നന്ദപ്പാ'', അയാള്‍ അപേക്ഷിച്ചു.
അയാളുടെ പരിഭ്രമിച്ച മുഖഭാവം കണ്ടിട്ടാവണം നന്ദപ്പന്‍ തണുത്തു. സോഫയില്‍ ഇരുന്നിട്ട് അയാളോടും ഇരിക്കാന്‍ ആവശ്യപ്പെട്ടു. ''നിനക്ക് ശരിക്കും മറവിയുടെ അസുഖമാണെന്ന് തോന്നുന്നു. ഈ പുസ്തകത്തിലെ കഥകളെല്ലാം നീ തന്നെ എഴുതിയതല്ലേ! എപ്പോഴും ചെയ്യാറുള്ളപോലെ ഓരോ കഥ എഴുതിക്കഴിയുമ്പോഴും നീ അത് എന്നെക്കൊണ്ട് വായിപ്പിച്ച് അഭിപ്രായം പറയിപ്പിക്കാറുള്ളതല്ലേ. എല്ലാ കഥകളും ഞാന്‍ വായിച്ചിട്ടില്ലെങ്കിലും ഇതില്‍ ഭൂരിഭാഗവും ഞാന്‍ വായിച്ചിട്ടുള്ളതാണ്. നീ തന്നെയാണ് ഇതിന്റെ കര്‍ത്താവ്.''
അയാള്‍ തന്റെ മുമ്പിലിരിക്കുന്ന നന്ദപ്പന്റെ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയായിരുന്നു. എന്താണിയാള്‍ പറയുന്നത്? താന്‍ എഴുതിയ കഥകളാണെന്നോ? പക്ഷേ, ഇതൊന്നും എഴുതിയതായിട്ട് ഒരോര്‍മ്മയും വരുന്നില്ലല്ലോ? ഇങ്ങനെയും ഒരു മറവി ഉണ്ടാകുമോ?
അയാളുടെ അത്ഭുതഭാവം കണ്ടിട്ടാവണം നന്ദപ്പന്‍ പറഞ്ഞു, ''ഒരു കൊല്ലം മുമ്പ് നീ ഏതോ ഒരു സ്ഥലത്ത് ഏകാന്തതയില്‍ താമസിക്കണമെന്ന് പറഞ്ഞ് കുറേ നാള്‍ പോയിരുന്നില്ലേ. അപ്പോള്‍ നീ പറഞ്ഞത് ഈ ചെറുകഥകളെല്ലാം ഒരു പുസ്തകരൂപത്തിലേയ്ക്കാക്കി മാറ്റാന്‍ പോകുന്നു എന്നാണ്. എനിയ്ക്ക് വായിക്കാന്‍ തരുമ്പോഴെല്ലാം ഞാന്‍ പറയാറുള്ളതാണ് എല്ലാ കഥകളിലും നിന്റെ പേരെഴുതാന്‍ മറക്കരുതെന്ന്. അതും നീ ചെയ്തില്ലെന്ന് തോന്നുന്നു. എന്നിട്ട് കഥകളെല്ലാം എവിടെയോ കൊണ്ടുപോയി കളഞ്ഞിരിക്കുന്നു. എന്ത് പറ്റി നിന്റെ ഓര്‍മ്മയ്ക്ക്? ഇതൊന്നും നിനക്ക് ഓര്‍മ്മ വരുന്നില്ലെന്നോ?''
അയാള്‍ പലതും ആലോചിച്ചെടുക്കാന്‍ ശ്രമിച്ചു. പക്ഷേ, കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷങ്ങളില്‍ താന്‍ എവിടെയായിരുന്നെന്നോ എന്താണ് പ്രത്യേകിച്ച് ചെയ്തിരുന്നതെന്നോ അയാള്‍ക്ക് ഓര്‍മ്മ വന്നില്ല. ഏതാണ്ട് ആ കാലയളവില്‍ തന്റെ തലച്ചോറിലെ മെമ്മറികാര്‍ഡ് എവിടെയോ കളഞ്ഞുപോയപോലെ.
യഥാര്‍ത്ഥത്തില്‍ താന്‍ മറന്നുപോയതാണോ അതോ താന്‍ മറവി അഭിനയിക്കുകയായിരുന്നോ? തന്റെ മനസ്സ് തന്നെ തന്നെക്കൊണ്ട് സെലക്റ്റീവ് ഡിമെന്‍ഷ്യ എന്ന മട്ടില്‍ അത് മാത്രം മറപ്പിച്ചു കളഞ്ഞതായിരിക്കുമോ? അറിയില്ല. അതോ താന്‍ തന്നെ മനഃപൂര്‍വ്വം ചെയ്തതോ?അയാള്‍ തന്റെ മുന്നിലിരിക്കുന്ന നന്ദപ്പനെ നോക്കി. സാവധാനം തല രണ്ടുവശത്തേയ്ക്കും ചലിപ്പിച്ചു.
''ശരി. നിനക്ക് ഓര്‍മ്മ വരുന്നില്ല. പോട്ടേ. ഞാന്‍ നിന്റെ പ്രസാധകനെ കണ്ട് സംസാരിക്കാം. എനിയ്ക്ക് നല്ല നിശ്ചയമുള്ള കാര്യമാണല്ലോ. ഇതെല്ലാം നീ തന്നെ എഴുതിയതാണെന്ന് ഞാന്‍ അവരെ പറഞ്ഞ് മനസ്സിലാക്കിക്കാം. അടുത്ത പതിപ്പില്‍ നിന്റെ പേര് വച്ച് അടിക്കുകയും ചെയ്യാവുന്നതാണ്.'' നന്ദപ്പന്റെ സംസാരം ആത്മാര്‍ത്ഥമായിരുന്നു.
താന്‍ തന്നെ കണ്ടും കേട്ടും കൊണ്ടും എഴുതിത്തീര്‍ത്ത ഈ കഥകളെല്ലാം എഴുതിയതിനല്ല അവ കണ്ടുപിടിച്ചതിനുള്ള അംഗീകാരമാണ് തനിയ്ക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത്.
ഒന്നുമില്ലാത്തവന്റ നിത്യജീവിതത്തിലെ ദയനീയതയും പീഢിപ്പിക്കപ്പെട്ട സ്ത്രീയുടെ വിചാരവികാരങ്ങളും അതുമല്ലെങ്കില്‍ പ്രവാസി പണ്ട് അനുഭവിച്ചിരുന്ന കഷ്ടപ്പാടുകളും - ഇതെല്ലാം ചേര്‍ന്നാലാണ് ഒരു കഥ എന്നാണ് പലരുടേയും വിചാരം. അതുമാത്രമല്ല, ഇതെല്ലാം ചേര്‍ത്തെഴുതുന്ന കഥാകാരന്മാര്‍ പലരുമുണ്ട്. പല ആഴ്ചപ്പതിപ്പുകള്‍ക്കും അതുതന്നെയാണ് ആവശ്യം. അതെന്താ അത്, അവര്‍ക്ക് വേറൊന്നിനെ പറ്റിയും ചിന്തയില്ലേ? ഇതു മാത്രമേയുള്ളോ? ഇതൊക്കെത്തന്നെയല്ലേ എപ്പോഴും നടക്കുന്ന കാര്യങ്ങള്‍. നടക്കാത്ത കാര്യങ്ങളും കൂടി എഴുതേണ്ടേ? എന്നാലല്ലേ ചെറുകഥ വായിക്കാന്‍ ഒരു രസമുണ്ടാവുകയുള്ളു. പക്ഷേ, ആഴ്ചപ്പതിപ്പുകളൊന്നും വായിക്കാത്ത തനിയ്ക്കിത് പറയാനെന്ത് അവകാശം!
താനെഴുതി എന്നതിനേക്കാള്‍ കൂടുതല്‍ സ്വീകാര്യത ഈ കഥകള്‍ ഒരു അജ്ഞാതന്റെ ആവുമ്പോഴായിരിക്കും. കഥാകാരന് ഒരു പേരുണ്ടാകുമ്പോഴല്ലേ വായനക്കാരന് രാഷ്ട്രീയവും ജാതിമതങ്ങളും നോക്കി അഭിപ്രായം പറയേണ്ട ആവശ്യം വരുന്നുള്ളു. അവരവരുടെ അഭിപ്രായം മറ്റുള്ളവര്‍ എങ്ങനെ കാണുമെന്ന ഭയപ്പാടാണ് പലര്‍ക്കും. അതുകൊണ്ടുതന്നെ നല്ലൊരു കഥയെ നല്ലതായി അംഗീകരിക്കാനും അവര്‍ക്ക് ബുദ്ധിമുട്ടാകുന്നു. പേരില്ലാത്ത ഈ കഥാകാരനെ പുകഴ്ത്താന്‍ ആര്‍ക്കും ഇങ്ങനെയൊന്നും ആലോചിക്കേണ്ട കാര്യമില്ല. കഥാകൃത്തിന് പേരില്ലാതിരിക്കുന്നത് തന്നെയാണ് നല്ലത്.
''അത് വേണ്ട നന്ദപ്പാ. ഇതിങ്ങനെ തന്നെ ഇരിക്കട്ടെ. ഈ കഥകളുടെ ഉടമസ്ഥാവകാശം ആ പേരില്ലാ കഥാകൃത്തിന്റെ കൈയില്‍ നിന്നും തട്ടിമാറ്റേണ്ട. ഇതു തന്നെയാണ് അതിന്റെ ശരി.'' അയാളുടെ ശബ്ദം ദൃഢമായിരുന്നു.
കുറേ നേരം അയാളുടെ മനസ്സ് മാറ്റാന്‍ ശ്രമിച്ചിട്ടും പറ്റാതായപ്പോള്‍ നന്ദപ്പന്‍ അയാളോട് യാത്ര പറഞ്ഞിറങ്ങി. ഇത്രയും നല്ലൊരു കൂട്ടുകാരന്റെ മനസ്സ് വേദനിപ്പിച്ചതില്‍ അയാള്‍ക്ക് തെല്ലൊരു ഖേദം തോന്നാതിരുന്നില്ല.
പുസ്തകാഘോഷങ്ങളുടെ തിരക്കുകള്‍ ഒഴിഞ്ഞിട്ട് വേണം ഒരു ദിവസം തന്റെ പുതിയ നോവലിന്റെ പശ്ചാത്തലമായ ഇടയാറിലെത്തി, അവിടെ പെരിയാറിന്റെ തീരത്ത് ആളൊഴിഞ്ഞ ഒരു സ്ഥലം കണ്ടുപിടിച്ച് മണലില്‍ പോയിരുന്ന് നോവലിനെ കുറിച്ചാലോചിക്കാന്‍.
സംഭവബഹുലമായ ചരിത്രമുള്ള ഇടയാറിനെ തഴുകിയൊഴുകുന്ന പെരിയാറിലെ കുഞ്ഞോളങ്ങളെ ആലിംഗനം ചെയ്ത് വരുന്ന മാരുതന്റെ തലോടല്‍ ഈ പേരില്ലാ കഥാകാരന്റെ സര്‍ഗ്ഗാത്മകതയ്ക്ക് പുനര്‍ജന്മം നല്കുമെന്ന് പ്രതീക്ഷിയ്ക്കാം.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...