
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഒന്ന്
നഗരത്തിലെ പാര്‍ക്ക്,
പകരമുള്ള വാക്കിനെയെല്ലാം
മനുഷ്യര്‍ ഉപേക്ഷിച്ചു പോകും
വിധം പൂവിട്ടിരിക്കുന്നു,
ഏറെ ക്ഷീണിതനായ വേനലിന്
ഇവിടെയൊരു വിശ്രമ മുറിയുണ്ട്
കടലിനോട് ചേര്‍ന്ന് ജനാല മുഖമുള്ളത്,
ഒരിക്കല്‍ മാത്രം ഞാനതിന്റെ
വാതില്‍ തുറന്നു നോക്കി
അനേകം പുസ്തങ്ങള്‍ പോലെ
ഇലയെഴുത്തുകള്‍ നിറഞ്ഞിരിക്കുന്നു
അതിലൊന്നിലെവിടെയോ
ഞാന്‍ നിനക്കെഴുതണമെന്ന്
കരുതിയ എഴുത്തെല്ലാം ഉണ്ട്,
പിന്നീടെപ്പോഴോ കനത്ത
മഴപെയ്യുമ്പോള്‍ ആശങ്കപ്പെട്ടിരുന്നു,
കഴിഞ്ഞ പ്രളയത്തില്‍ നഷ്ടപ്പെട്ടെന്ന്
കരുതി ഓടിച്ചെന്ന് നോക്കുമ്പോള്‍
അവള്‍ മുറിപൂട്ടി
പുറത്തിറങ്ങുന്നത് കണ്ടു
വായിച്ചിട്ടുണ്ടാവണമത്
എന്തെന്നാല്‍ അത്രയുമവള്‍
പൂത്തുലഞ്ഞിട്ടുണ്ടായിരുന്നു,
ഏറെ നേരം എന്നെ നോക്കി
നിറഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു
അവളുടെ കണ്ണില്‍ സൂര്യകാന്തി,
വെയില്‍ തട്ടി പ്രകാശിക്കുന്നു
രണ്ട്
പ്രണയത്തിന്റെ ഒറ്റമുറി ജനാലയില്‍
ഏറെ നേരം നോക്കി നിന്നു
അവളെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം
കടല്‍ വന്ന് ജനാല ചില്ലില്‍ തൊട്ടു പോകുന്നു
ഞാനെന്റെ കപ്പല്‍ മുറിയില്‍
ആഴക്കടലിന്റെ ഭാഷ പഠിക്കുന്നു
ഒരിക്കല്‍ക്കൂടി മഞ്ഞുമല
കടന്നു പോകുന്നത് കാണുന്നു
അതിന്റെ നിറുകയില്‍ പൊട്ടു
പോലെ വെയിലിന്റെ ഇത്തിരി തുള്ളി,
പതിയെ മഞ്ഞുരുകി
അവളുടെ മുഖം തെളിയുന്നു
കപ്പലിന്റെ മുകള്‍ത്തട്ടിലേക്ക് ഓടിക്കയറി
അവളുടെ പേരിട്ടു വിളിച്ച
മഞ്ഞുകാലം കടന്നു പോകുന്നു,
ഹെലെന്‍ ഞാന്‍ നിന്റെ തുറമുഖത്തേക്ക്
കപ്പല്‍ പായിക്കാന്‍ ആവശ്യപ്പെടുന്നു
നിന്റെ മുടിയില്‍ വയലറ്റ് പൂക്കളുള്ള
സ്‌കാര്‍ഫ് കൊണ്ട് പൊതിയണമെനിക്ക്,
ചേര്‍ത്ത് പിടിച്ച് നടക്കുമ്പോള്‍
ഇടയ്ക്കിടെ പൂക്കള്‍ കൊഴിഞ്ഞ്
നടപ്പാതയുടെ വെളിച്ചമാവണം,
ഹെലന്‍ ഞാനേറെ വൈകിയെങ്കിലും
അവിടെയെത്തുമ്പോള്‍
മഞ്ഞുകാലം കഴിയരുതേയെന്ന്
കടലിനോട് വീണ്ടും വീണ്ടും പ്രാര്‍ത്ഥിക്കുന്നു
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...