
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കടലാസ് പൂവ്
വാരിപ്പുണരാന്‍ ഭയന്നോ
വീറോടെ ചുറ്റിപ്പടര്‍ന്നഴിഞ്ഞിളകി
ആകാശം തൊടുമെന്നോര്‍ത്തോ,
എന്തിനാണ് ലോകമേ
നീയെന്നെ മുറിപ്പാടകലെ
മാറ്റിനിര്‍ത്തിയത്?
കാരണം ചൊല്ലാതകന്ന ഋതുക്കള്‍
തിരിഞ്ഞുനോക്കാതെ നടന്ന മനുഷ്യര്‍
എങ്ങോ പോയൊളിച്ച നിഴലുകള്‍
എന്തിനാണെന്നെ നീ
ജീവപര്യന്തം
മുള്ളുകള്‍ക്ക്
വിട്ടുകൊടുത്തത്?
പരിചയക്കാരെല്ലാം
അതിരില്‍ നിര്‍ത്തി,
ചുംബനവുമായെത്തിയ പ്രണയികള്‍
ചുണ്ടു വലിച്ചു നടന്നു,
നട്ടതും നനച്ചതും
അരികെ ചേര്‍ത്തതുമെല്ലാം
എല്ലാവരും മറന്നു.
മുജ്ജന്മ ശാപമോ
മുള്ളിന്റെ മൂര്‍ച്ചയോ,
കാട്ടിലും മേട്ടിലും
ആളോള്‍ ഉപേക്ഷിച്ച
കൊമ്പിന്‍ തലപ്പത്തും
ചാഞ്ഞും ചെരിഞ്ഞും
വേതാളം പോലെ
കിടന്നതെത്ര കാലങ്ങള്‍.
വെന്ത പകലുകള്‍
ഉള്ള് വേവുന്ന രാവുകള്‍
പൊള്ളുന്ന കനല്‍ക്കുളിരുകള്‍
എന്നിട്ടുമാര്‍ക്കും വേണ്ടാതെ
പോയ പൂക്കാലങ്ങള്‍.
ആരോ പേരിട്ടതാണ്
കടലാസു പൂവെന്ന്.
വര്‍ഷത്തില്‍ പൂക്കാതെ
വേരുകള്‍ ചീയാതെ
കൂര്‍ത്ത മുള്ളിന്റെ മൂര്‍ച്ച-
യുടലില്‍ ചേര്‍ത്തവള്‍.
തളിരിലത്തണ്ടില്‍ ,
മാരിവില്‍ചിത്രം വരച്ചിട്ടും
വിരിയുന്ന ചന്തത്തില്‍
അകംപുറമുണര്‍ന്നിട്ടും
പലവര്‍ണ്ണത്തളിരായ്
െതഴുത്തുനിന്നവള്‍
എന്നിട്ടും
എന്തിനാണെന്നെ
ലോകമേ...
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...