
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ശലഭച്ചിറകുകള്‍
ആകാശ വേരുകളിലൂടെ
മീനുകള്‍ മേഘങ്ങളിലേക്കും
നക്ഷത്രങ്ങള്‍ മണ്ണിലേക്കും
വിരുന്നു പോയ രാത്രിയിലാണ്
അന്ധയായൊരു പെണ്‍കുട്ടി
അവളിലേക്ക് ശലഭച്ചിറകുകള്‍ തുന്നിച്ചേര്‍ത്തത്
അന്നേരം ഒരു കുഞ്ഞു സൂര്യന്‍
അവളുടെ കണ്ണിലുദിച്ചു
നിലാവിന്റെ ശീതളിമയില്‍പറന്ന്
അവളാദ്യമെത്തിയത്
ഒരു പുഴവക്കിലാണ്
ഒന്ന് തൊട്ടപ്പോള്‍
പുഴ അവളെ മാറോടു ചേര്‍ത്തു
മിന്നാമിന്നികള്‍ക്കൊപ്പം
അവള്‍ അക്കരക്ക് തുഴഞ്ഞു
അവളെ കാത്തിരിക്കാന്‍
കാടുണ്ടായിരുന്നു
കാടിന്റെ പച്ചയിലൂടെ
കാറ്റിനൊപ്പം ഒഴുകി
തിരിച്ചു പോരുമ്പോള്‍
കാടിനെ അവള്‍ കൂടെ കൂട്ടി
പെട്ടെന്നാണ് മഴ പെയ്തത്
പുഴയും കാടും അവളും
മഴയിലേക്കിറങ്ങി
മഴയോടൊപ്പം മീനുകള്‍ ഊര്‍ന്നിറങ്ങി
നക്ഷത്രങ്ങള്‍ വാനിലേക്കോടി
മഴ തോര്‍ന്നപ്പോഴാണ്
ഈയലുകള്‍ പറന്നെത്തിയത്
അവ ശലഭച്ചിറകുകള്‍ക്കു ചുറ്റും
ചോദ്യങ്ങള്‍ കൊണ്ടൊരു വൃത്തം വരച്ചു
വിചാരണയുടെ കൂട്ടില്‍ കിടന്ന്
അവള്‍
കാറ്റിനെ, കാടിനെ, മഴയെ കൂട്ടിന് വിളിച്ചു
ഈയലുകളെക്കണ്ട് അവര്‍ തിരിച്ചു പോയി
സൂര്യന്‍ അവളുടെ കണ്ണില്‍ നിന്ന് ഓടിയൊളിച്ചു
ശലഭച്ചിറകുകള്‍ ഊരിയെറിഞ്ഞ്
അവള്‍ ഉയരങ്ങളിലേക്ക് പറന്നു