
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
മടക്കം
ഞാന്‍ മടങ്ങിയെത്തിയിരിക്കുന്നു
സ്‌നേഹരാഹിത്യത്തിന്റെ
വരാല്‍ മുറിവുകളേറ്റതിനാലാവാം
ജലോപരിതലത്തിലെ
വഴുവഴുത്ത
പാറക്കെട്ടുകള്‍ക്കിടയില്‍
ഞാന്‍ കുരുങ്ങിയിരിക്കുകയായിരുന്നു.
കൃത്യം
മൂന്നാംപക്കമാണെന്റെ
ഉയിര്‍ത്തെഴുന്നേല്‍പ്പ്,
ഈ മാത്രകളില്‍
ഞാന്‍ എനിക്ക് മാത്രം സ്വന്തമായ,
നിഗൂഢമൊരു
നിയമമായി മാറിയിരിക്കുന്നു.
അപരന്റെ തീരങ്ങളില്‍ പതിഞ്ഞ
വിശുദ്ധമെന്‍ സ്‌നേഹമുദ്രകള്‍,
എന്റെ തന്നെ അകത്തളങ്ങളിലെ
മണ്‍ചുമരുകളില്‍
ഭീതിതമൊരു തടില്ലതയുടെ
ആകസ്മികാഘാത-
മേല്‍പ്പിച്ചതിനാലാവണം
എന്റെ ഭരണഘടനയില്‍
സ്‌നേഹമെന്ന മൗലികാവകാശത്തെ
മാത്രമെഴുതി
ഞാന്‍ അവസാനിപ്പിക്കുന്നു.
ചെങ്കുത്തായ പാറകള്‍ നിറഞ്ഞ
തീപ്പന്തങ്ങള്‍ ജ്വലിക്കുന്ന
എന്റെ
ആത്മദാഹത്തിന്റെ
കുന്നിന്‍ ചെരുവിലേക്ക്
നടന്നു കയറുവാനാവാതെയെത്ര
സാത്വിക സ്‌നേഹങ്ങളാണ്
മരിച്ചു വീണത്.
ഓ! എന്റെ പരാജയമേ
നിന്റെ മരന്ദമധുരമറിയുവാന്‍
ജയഘോഷങ്ങള്‍ക്കിടയില്‍
വിസ്മരിക്കപ്പെടുന്ന
കൃതജ്ഞതയുടെ ഏടുകളിലെ
ക്രമാക്കങ്ങളുടെ
കുറവ് കണ്ടെത്തിയാല്‍
മതിയാകുമല്ലേ.
തീര്‍ച്ചയായും,
ധ്യാനാത്മകവും,
ധ്വനി സാന്ദ്രവുമായ
കാവ്യ ശകലങ്ങളില്‍
കുറിച്ചു വെച്ച
വാക്കുകളുടെ
മഹാസമ്മേളനത്തിലുപരി,
സ്‌നേഹരാഹിത്യത്തിന്റെയും
പരാജിത ഭാവത്തിന്റെയും
അഗ്‌നി പതംഗങ്ങള്‍ക്ക്
ആത്മയാനത്തിന്റെ
ചെഞ്ചൂളകളെ ഭേദിക്കുവാനുള്ള
അതി വൈഭവമുണ്ട്.
കൃതജ്ഞതയുടെ അത്തിപ്പഴം
കൊത്തി തിരിച്ചു പറക്കുവാനുള്ള
കരുത്തുമുണ്ട്.
നിശ്ചയം,
സ്‌നേഹരഹിത ഭാവത്തിനാലേറ്റ മുറിവുകള്‍ക്കും
പരാജയക്ലേശത്തിന്റെ മനോവേദനക്കും
ലേപനമാകുന്നവന്‍ അത്യുന്നതന്‍ തന്നെ.
ഞാന്‍ എന്നില്‍ അത്യുന്നതയാകുന്നു,
എന്റെ ക്ഷതങ്ങളില്‍
തൈലം പുരട്ടുന്നതെന്റെ-
വിരലുകള്‍ തന്നെയാണ്.
മറ്റാരുമതില്‍ ബാധ്യസ്ഥരല്ല.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...