
ഒറ്റമുറി
വീടുറക്കത്തിന്റെ മൂര്‍ദ്ധന്യത്തില്‍
അനാഥമായി കിടക്കുന്ന
ഒരൊറ്റമുറിയുണ്ട്.
അതില്‍,
മിഥ്യകള്‍ പ്രേതങ്ങളെപ്പോല്‍
അലഞ്ഞു നടക്കുന്നു.
പൂപ്പലെന്ന വ്യാജേന
സ്‌നേഹക്കറകള്‍ പറ്റിപ്പിടിച്ചു കിടക്കുന്നു.
ഏതോ ചപലമായ ആത്മാവ്
ഭാവിയുടെ ഭാരങ്ങള്‍ പേറാതെ
അപ്പൂപ്പന്‍ താടിയുടെ പ്രച്ഛന്ന വേഷം
അഴിച്ചു വെക്കുന്നു.
അര്‍ദ്ധനിദ്രയിലെത്തുമ്പോള്‍
വിഷണ്ണയായി
ഒഴിഞ്ഞ കട്ടിലില്‍
വളര്‍ച്ചയെത്താത്ത
ഹൃദയം ഉപേക്ഷിച്ചെറിയുന്നു.
അടച്ചിട്ട ജനല്‍പാളികള്‍ തുറന്ന്
ഘോരതപസ്സില്‍ നിന്ന് മോചനദ്രവ്യം
സ്വീകരിക്കണമെന്നാഗ്രഹിക്കാത്ത
ആത്മാക്കളുണ്ടാവുമോ?
അല്ലെങ്കിലും, മരിച്ചവരുടെ ആത്മഗതം
ആര് കേള്‍ക്കാനാണ്?
മഞ്ഞയാവുമ്പോള്‍ ഇലകള്‍
മഞ്ഞയാവുമ്പോള്‍ ഇലകള്‍
ആത്മഹത്യ ചെയ്യുന്നത്
എന്തിനെന്നു ചിന്തിച്ചിരിക്കെ,
തളിര്‍ക്കലുകള്‍ നിലച്ച്
തേഞ്ഞ കൊമ്പുകള്‍ മാത്രം ശേഷിച്ച
സ്വന്തം സ്വത്വത്തെക്കുറിച്ചൊരു
അവലോകനമാവാം.
ചത്തു വിറങ്ങലിച്ച
കൈ ഞെരമ്പുകള്‍ക്കും
ചിന്തകളറ്റു പുകഞ്ഞു തുടങ്ങിയ
തലച്ചോറിനും
കൊഴിയാന്‍ പാകത്തിന്
മഞ്ഞ നിറമായിരുന്നെന്ന്
ശരീരം അലാറം കണക്കെ
ഓര്‍മ്മപ്പെടുത്തുന്നു.
അനാഥത്വം
ഒരു സൂചിയെന്ന പോല്‍
ഇടക്കിടക്ക് കുത്തി നോവിക്കെ,
ഒരു ഫിനിക്‌സ് പക്ഷിയെന്ന പോലെ
പുനര്‍ജനിക്കണമെന്ന്
വെറുതെ വ്യാമോഹിക്കുന്നു.
ഇനിയൊരു തവണ കൂടി
ഒറ്റപ്പെടലിന്റെ നിലവിളി
മസ്തിഷ്‌ക്കത്തില്‍ ചൂഴ്ന്നിറങ്ങും മുമ്പ്
പേനയും പുസ്തകവും സഹിതം
മരണമേ,
നീയെന്നെ ജപ്തി ചെയ്യുക.
മുത്തശ്ശി മണങ്ങള്‍
ഓര്‍മ്മകളോടിയെത്തുന്നത്
മുത്തശ്ശി മണങ്ങളിലേക്കാണ്.
മൂക്കിലിരച്ചു കയറുന്ന
അരിഷ്ടങ്ങളുടെയും
ആസവങ്ങളുടെയും മണങ്ങള്‍.
ഓരോ തവണയും
ആ മണങ്ങളിലേക്കോടിയെത്തുമ്പോള്‍
മടങ്ങുമ്പോള്‍ കൂടെ പോരാനെന്ന വണ്ണം
കൊച്ചു കുട്ടിയെന്ന പോലവ വാശി പിടിക്കും.
മങ്ങിപ്പോയ എത്ര മുഖങ്ങളെയാണ്
മണങ്ങള്‍ ചേര്‍ത്തു പിടിക്കുന്നത്.
പുളിയിലക്കര മുണ്ടിന്റെ
അറ്റത്തു പൊതിഞ്ഞുവെച്ച
ചില്ലറത്തുണ്ടുകളിലേക്ക് പായുന്ന
കുട്ടിക്കാലത്തെ മിട്ടായി മോഹങ്ങള്‍ക്കിന്നും
ഇരട്ടി മധുരമാണ്.
ജീവിച്ചു മടുക്കുമ്പോള്‍,
ഓടിയെത്താനിടമില്ലാതാവുമ്പോള്‍,
ഓര്‍മ്മകളെ പെറുക്കിക്കൂട്ടി
വീണ്ടുമൊരു യാത്ര പോവണം.
മുത്തശ്ശിക്കഥകളിലേക്ക് ഊളിയിടണം.
പഞ്ചതന്ത്രം കഥകളിലെ
നരിയേയും കാക്കയേയും
ഉറക്കങ്ങളില്‍ കൂട്ടു പിടിക്കണം.
തലയിലമര്‍ന്ന,
ഞെരമ്പുകള്‍ പൊന്തിയ കൈയില്‍ തൂങ്ങി
ഉറക്കത്തിലേക്ക് മെല്ലെ ആഴ്ന്നിറങ്ങണം.