
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
നക്ഷത്രം പറഞ്ഞ കഥ
ശിഹാബിന്റെ ഉമ്മ അവന്റെ സഹോദരി ഷാലിമയുടെ അടുത്തേക്ക് പോയപ്പോഴാണ് ഹസ്നി ആ വീട്ടില്‍ തീര്‍ത്തും ഒറ്റപ്പെട്ടത്. ഷാലിമക്ക് ഡേറ്റ് അടുത്തിരിക്കുന്നു. നന്നേ ചെറുപ്പത്തിലെ ഉമ്മ നഷ്ടമായ അവള്‍ക്ക് ശിഹാബിന്റെ ഉമ്മ എന്തുകൊണ്ടും ഒരു ആശ്വാസമായിരുന്നു.
'പോവാതെ വയ്യ മോളെ. അവളവിടെ ഒറ്റയ്ക്കാ. മൂന്നേ മൂന്ന് മാസം അത് കഴിഞ്ഞ് മാക്‌സിമം ഉമ്മ ഇങ്ങോട്ട് വരാട്ടോ. ഇവിടെയിപ്പോ ഉപ്പയുണ്ടല്ലോ. ഉപ്പ ജോലിയിലൊക്കെ സഹായിച്ചോളും. മോള്‍ പേടിക്കണ്ട'
ഉമ്മ പോയതിന്റെ മൂന്നാം നാളാണ് അവളെയും തേടി ആ സന്തോഷവാര്‍ത്തയെത്തിയത്. തന്റെയും ഷിഹാബിന്റെയും ജീവിതത്തിലേക്ക് പുതിയൊരതിഥി വരാന്‍ പോകുന്നു. രണ്ടാഴ്ച ആയതേയുള്ളൂ ലീവ് കഴിഞ്ഞ് ശിഹാബ് കെയ്റോയിലേക്ക് തിരികെ പോയിട്ട്.
ഉപ്പ തന്നെയായിരുന്നു അവളെ നിര്‍ബന്ധിച്ചു ശിഹാബിന്റെ അടുത്തേക്ക് അയച്ചത്.
'മോള്‍ അവന്റെ അടുത്തേക്ക് പൊയ്‌ക്കോ. ഇപ്പൊ നിങ്ങള്‍ ഒന്നിച്ചുണ്ടാകേണ്ട സമയമാണ്. ഉമ്മ ഇനി അഥവാ വരാന്‍ വൈകിയാല്‍ മോളിവിടെ പെട്ട് പോകും. മാസം കടന്നുപോകുന്തോറും പിന്നെ യാത്ര ചെയ്യുന്നതിലും തടസമാകും'
ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്റോ. പിരമിഡുകളുടെ നാട്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി ഒരു ഉള്‍പ്രദേശത്തായിരുന്നു അവരുടെ വീട്.
'ഹസ്നി,നിന്നെ ഞാന്‍ ഒത്തിരി മിസ്സ് ചെയ്തിരുന്നു. എനിക്ക് തിരിച്ചു വരാതെ നിവൃത്തിയില്ലാത്തത് കൊണ്ടാണ്...'
'പടച്ചവനാണ് നമ്മളെ വീണ്ടും ഒരുമിപ്പിച്ചത് ഇക്ക. നമ്മുടെ കുഞ്ഞു വരുമ്പോള്‍ നമ്മള്‍ രണ്ടാളും ഒന്നിച്ചു വേണമെന്നായിരിയ്ക്കും'
അവര്‍ മനസ് നിറയെ സന്തോഷിച്ചു.
ശിഹാബ് ജോലിക്ക് പോകുമ്പോള്‍ അവള്‍ വീണ്ടും ആ വീട്ടില്‍ ഒറ്റപ്പെട്ടു. എങ്കിലും കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കെയ്റോയുടെ ആ സായാഹ്നസന്ധ്യയില്‍ തീരുമല്ലോ എന്നതായിരുന്നു ഏറെ ആശ്വാസം. വീടിനു മുന്നിലെ റോഡ് മിക്കപ്പോഴും വിജനമായിരുന്നു. വല്ലപ്പോഴും പോകുന്ന കാറുകളോ ബൈക്കുകളോ ഒഴിച്ചാല്‍ സ്വസ്ഥമായ ഒരിടം. ശാന്തം. സുന്ദരം. ആകെയുണ്ടായിരുന്നത് തൊട്ടടുത്ത വീട്ടില്‍ നിന്നും കേള്‍ക്കാറുള്ള ഒരു താരാട്ടു പാട്ടായിരുന്നു. അറബി ഭാഷയിലുള്ള അതിന്റെ ഈണമായിരുന്നു അവളെ ആകര്‍ഷിച്ചത്. മാത്രമോ മധുരമൂറുന്ന ശബ്ദവും.
'ആ വീട്ടില്‍ തീര്‍ച്ചയായും ഒരു കുഞ്ഞാവയുണ്ട്'
'ഉണ്ട്. ആ കുഞ്ഞാവയെ കൂടാതെ വേറെയും മൂന്ന് കുട്ടികള്‍ കൂടെയുണ്ട് അവിടെ. പിന്നെ അവരുടെ ഉമ്മയും'
'ഇത്ര നാളായിട്ടും ഇക്ക അവരെയൊന്നും പരിചപ്പെട്ടില്ലേ?'
'ഉം. ഞാന്‍ രാവിലെ പോയാല്‍ സന്ധ്യയാവും മടങ്ങി വരുമ്പോള്‍. പിന്നെ ഭക്ഷണം ഉണ്ടാക്കണം, വസ്ത്രങ്ങള്‍ കഴുകണം,കഴിക്കണം,ഉറങ്ങണം. ഇതിനിടയില്‍ എവിടെയാ ഹസ്നി നേരം. നിന്നെ തന്നെ എന്തുമാത്രം കഷ്ടപ്പെട്ടാണ് ഞാന്‍ വിളിച്ചിരുന്നത് എന്ന് നിനക്കറിയാലോ. പിന്നെയാ'
ഒരു നിമിഷം നിര്‍ത്തി അവന്‍ തുടര്‍ന്നു.
'ഇപ്പോള്‍ ജീവിക്കാനൊക്കെ ഒരു കൊതി തോന്നുന്നു ഹസ്നി. എന്റെ ഇരുപതാം വയസില്‍ എത്തിയതാ ഞാനിവിടെ. ഈ കെയ്റോ നഗരം. ഇവിടന്നുള്ള എന്റെ ഏക സമ്പാദ്യമാണ് നാട്ടിലെ നമ്മുടെ വീട്.
നിനക്ക് കെയ്റോ എന്ന വാക്കിന്റെ അര്‍ത്ഥമറിയോ ഹസ്നി?'
ഇല്ലെന്നവള്‍ തലയാട്ടി.
'വിജയി. ഇവിടെ വരുന്നവരാരും വിജയിക്കാതെ പോയിട്ടില്ല.'
അവന്‍ അവളെ ചേര്‍ത്തുപിടിച്ചു.
'ഇന്ന് നമുക്കൊരു ഔട്ടിങ് ആയാലോ?'
'ഞാന്‍ എപ്പോഴും ചോദിക്കണമെന്ന് കരുതും. പിന്നെ ഇക്ക വയ്യാതെയല്ലേ വരുന്നത്. അത് കാണുമ്പോള്‍ വേണ്ടെന്ന് വെക്കും'
'എന്നിട്ടാണോ. എന്നാല്‍ ഇന്നാ വിഷമം തീര്‍ത്തേക്കാം'
അവളന്ന് കെയ്റോ നഗരത്തെ ആദ്യമായി കാണുകയായിരുന്നു. നൈല്‍ നദിയുടെ കരയില്‍ ഉയര്‍ന്നുപൊങ്ങിയ വമ്പന്‍ നഗരം. ഖാന്‍-എന്‍-ഖലീലി എന്ന പരമ്പരാഗത കച്ചവട കേന്ദ്രം. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എന്ന് കേട്ടിട്ടേയുള്ളൂ, അതായിരുന്നു ഖാന്‍-എന്‍-ഖലീലി.
'എല്ലാം ഒറ്റക്കുടക്കീഴില്‍ ആണല്ലോ ഇക്ക'
'പിന്നല്ല. ഇവിടന്നാ ഞാന്‍ സാധനങ്ങള്‍ ഒക്കെ വാങ്ങാറ്. ദാ അറ്റത്ത് കാണുന്ന കട കണ്ടോ. അവിടെ നിനക്ക് ഇഷ്ടപ്പെട്ട ഡ്രസ്സ് ഉണ്ടാകും. കല്യാണത്തിന് മുമ്പ് ഞാന്‍ തന്നില്ലേ. അത് ഇവിടന്ന് വാങ്ങിയതാ. വാ നമുക്ക് നോക്കാം'
അവള്‍ക്ക് ഇഷ്ട്ടമുള്ള ഡ്രസ്സ് ഒക്കെ അവന്‍ വാങ്ങിക്കൊടുത്തു. പിന്നെ അവര്‍ പോയത് ഈജിപ്ഷ്യന്‍ മ്യൂസിയത്തിലേക്കായിരുന്നു. കെയ്റോ മ്യൂസിയം എന്നും അറിയപ്പെടുന്ന ആ മ്യൂസിയത്തില്‍ പുരാവസ്തുക്കളുടെ ഒരു വമ്പന്‍ ശേഖരം തന്നെയുണ്ടായിരുന്നു. ഫാറവോയുടെ സ്വര്‍ണ ശവസംസ്‌കാര മാസ്‌ക് ആയിരുന്നു അതിലെ മാസ്റ്റര്‍ പീസ്. പിന്നെ ആദ്യകാല ഈജിപ്റ്റുകാരുടെ മണ്‍പാത്രങ്ങള്‍, ആഭരണങ്ങള്‍, വേട്ടയാടല്‍ ഉപകരണങ്ങള്‍ രാജവംശത്തിലെ വസ്തുക്കള്‍, നിരവധി കലാസൃഷ്ടികള്‍.
എല്ലാം കണ്ട് ഹസ്നി അമ്പരന്ന് നില്‍ക്കുകയാണ്.
'ഇന്ന് നമുക്ക് തിരികെ പോയാലോ. ഇനി പിന്നൊരു ദിവസം വേറെ സ്ഥലങ്ങള്‍ കാണാന്‍ പോകാം'
അവര്‍ കെയ്റോ നടപ്പാതയിലൂടെ കൈകോര്‍ത്തു നടന്നു. ശൈത്യകാലം അതിന്റെ കാഠിന്യത്തില്‍ തന്നെയായിരുന്നു. ദൂരെ തെളിഞ്ഞ ആകാശത്തില്‍ നിറയെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍. നൈല്‍നദിക്കരയില്‍ കിടന്ന് വിവാഹത്തിന് മുമ്പുള്ള നാളുകളില്‍ അവന്‍ അവളെ വിളിച്ചതോര്‍ത്തു. ദിശ പറഞ്ഞും, എണ്ണം പറഞ്ഞും, വലുപ്പ-ചെറുപ്പങ്ങള്‍ പറഞ്ഞും അവര്‍ ഒരുപോലെ കണ്ട നക്ഷത്രങ്ങളിലൂടെയായിരുന്നു അന്ന് സംസാരിച്ചിരുന്നത്.
'ഹഹ'
മുകളിലേക്ക് നോക്കി നടക്കുന്ന ഷിഹാബിനെ കണ്ട് അവള്‍ ചിരിച്ചു
'എന്ത്യേ നീ ചിരിയ്ക്കുന്നെ?'
'ഇന്ന് ആ വേട്ടക്കാരനെ അമ്പെയ്തു വീഴ്ത്തുന്നില്ലേ?'
അവളുടെ ചിരിയില്‍ അവനും പങ്കുചേര്‍ന്നു. അറേബ്യന്‍ രുചികളും ആസ്വദിച്ചാണ് അന്നവര്‍ വീടെത്തിയത്.
രണ്ട്
നിത്യേന കേട്ടുകേട്ട് ആ പാട്ടിപ്പോള്‍ അവള്‍ക്ക് കാണപ്പാഠമാണ്. എന്നും പത്തുമണി ആകുമ്പോള്‍ ആ പാട്ടിനായി അവള്‍ കാതോര്‍ക്കുമായിരുന്നു. ആരും സംസാരിക്കാന്‍ ഇല്ലാതിരുന്ന ആ നിശബ്ദ വേളകളില്‍ ഉദരത്തിലുള്ള തന്റെ കുഞ്ഞിനായി അവള്‍ ആ പാട്ടുപാടി. കെയ്റോയുടെ സംഗീതം.
പതിവ് തെറ്റിച്ച് ഒരു ദിവസം ആ പാട്ട് കേട്ടില്ല. ചിലപ്പോള്‍ ഇന്ന് കുഞ്ഞ് വേഗത്തില്‍ ഉറങ്ങിയിരിയ്ക്കാം. അവളോര്‍ത്തു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളിലൊന്നും ആ പാട്ട് കേട്ടതേയില്ല. അന്വേഷിച്ചു ചെല്ലുവാന്‍ ഒരു മടി. എങ്കിലും അവള്‍ വീടിനുപുറത്തിറങ്ങി റോഡരികില്‍ ചെന്നു നിന്നു. അപ്പുറത്തെ വീടിന്റെ റോഡരികില്‍ ഒരു പെണ്‍കുട്ടിയെ കണ്ടു. ഏതാണ്ട് എട്ടോ പത്തോ വയസ് തോന്നിക്കുന്ന ഒരുവള്‍. അവളുടെ കണ്ണുകളായിരുന്നു ഏറെ ആകര്‍ഷണം.
വെള്ളാരം കല്ലുപോലെ തിളക്കമുള്ള നക്ഷത്രക്കണ്ണുകള്‍! വെന്മേഘം പോലെ സുന്ദരമായ മുഖം, പാറിപ്പറക്കുന്ന നീളമുള്ള ചെമ്പന്‍ തലമുടി. ശരിക്കും ഒരു ബാര്‍ബി ഗേള്‍.
ഹസ്‌നിയുടെ ചിരിക്ക് തിരിച്ചും മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ആ നക്ഷത്ര കണ്ണുകള്‍ വീട്ടിലേക്ക് കയറിപ്പോയി. പിന്നീട് അതൊരു പതിവായി. ആ നക്ഷത്ര കണ്ണുകളെ കാണുവാന്‍ മാത്രമായി ഹസ്‌നി പണികളെല്ലാം വേഗത്തില്‍ തീര്‍ത്തു വെച്ച് റോഡരികില്‍ ചെന്ന് നില്‍ക്കുമായിരുന്നു. വേഗത്തില്‍ തന്നെ അവര്‍ അടുത്തു. ഒറ്റയ്ക്ക് ആ നേരമത്രയും തള്ളിനീക്കുന്ന ഹസ്‌നിയ്ക്ക് കെയ്റോയിലെ ആ വെള്ളാരം കണ്ണുകള്‍ ഒരാശ്വാസമായിരുന്നു. പാതി അറിയുന്ന ഇംഗ്ലീഷും ഹിന്ദിയും മുഴുവന്‍ അറിയുന്ന മലയാളവും പിന്നെ ആംഗ്യഭാഷയും ചേര്‍ത്ത് ഹസ്‌നിയും അറബിയുടെ പല പ്രാദേശിക വകഭേദങ്ങളും ആംഗ്യഭാഷയും ചേര്‍ത്ത് ആ കൊച്ചുപെണ്‍കുട്ടിയും സംസാരിച്ചു.
അപ്പുറത്തെ വീട്ടില്‍ ഒരു ഉമ്മയും നാലു മക്കളുമാണുള്ളത്. അവരുടെ ഉപ്പ ദൂരെ എവിടെയോ ജോലിക്ക് പോയിരിക്കുകയാണ്. ഇടയ്‌ക്കൊക്കെയേ വരൂ. രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും. മൂത്തയാള്‍ നതാഷ. നക്ഷത്ര കണ്ണുള്ള ഒരു പെണ്‍കുട്ടി. അവള്‍ക്ക് മാത്രമല്ല ആ നാല് കുട്ടികള്‍ക്കും തിളക്കമുള്ള നക്ഷത്ര കണ്ണുകള്‍ ആണുള്ളത്'
'ആഹാ അവരുടെ ചരിത്രം മുഴുവന്‍ മനപാഠമാക്കിയോ? അല്ല ഭാഷയറിയാത്ത നീ എങ്ങനെ ഇതൊക്കെ മനസിലാക്കി?'
'എത്ര നാളത്തെ പരിശ്രമമാണ്. കൂട്ടായിക്കഴിഞ്ഞാല്‍ പിന്നെ ഭാഷയൊരു പ്രശ്‌നമല്ലന്നേ. ഞാന്‍ പറഞ്ഞിരുന്നില്ലേ. ഒരു താരാട്ട് കേള്‍ക്കുമായിരുന്നു എന്ന്. അവളുടെ ഉമ്മ ജോലിക്ക് പോയി തുടങ്ങി. ഇപ്പൊ അവളാണ് ബാക്കിയുള്ളവരെ നോക്കുന്നത്. അതാ ഇപ്പോ പാട്ട് കേള്‍ക്കാത്തത്. ഒരു വയസുള്ളൂ ഇളയവള്‍ക്ക്'
'ദേ അന്യനാടാ. ഒരുപാട് കൂടാനൊന്നും പോകണ്ട ട്ടോ'
'പിന്നേ. ഇക്ക പോയാല്‍ അവരേ എനിക്ക് കൂട്ടിനുള്ളു. അവരെ കൊണ്ട് എന്ത് പ്രശ്‌നമുണ്ടാകാനാ. അവള്‍ ഇടയ്‌ക്കൊക്കെ ഇവിടെ വരാറുണ്ട്. ഞാന്‍ എന്തെങ്കിലും ഒക്കെ പലഹാരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കും'
ശിഹാബ് പിന്നൊന്നും പറഞ്ഞില്ല.
'ഇക്കാ അടുത്ത മാസമാണ് ഡേറ്റ്. എനിക്കിപ്പോ ഒട്ടും വയ്യ. ഇക്കാക്ക് ലീവ് കിട്ടോ?'
'ഇല്ലടീ. ഞാന്‍ ഒത്തിരി നോക്കി. ഓഫീസില്‍ ജോലി കൂടുതലാ. ലീവ് കിട്ടില്ല. ഡെലിവറി കഴിഞ്ഞിട്ട് ലീവ് എടുക്കാം. എന്നാലും ഒത്തിരി ഒന്നും കിട്ടില്ല. അതുകൊണ്ട് ഓഫീസിന് അടുത്തുള്ള ലിബിയക്കാരിയോട് നിന്നെ നോക്കാന്‍ ഞാന്‍ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്'
'ഉം'
മൂന്ന്
വസന്തകാലത്തിന്റെ വരവറിയിച്ചു കൊണ്ട് കെയ്‌റോയുടെ പുലരികള്‍ മൂടല്‍മഞ്ഞ് കൊണ്ടുനിറഞ്ഞു. ഈജിപ്തില്‍ മഴ കൂടുതലും ശൈത്യകാലത്താണ് ലഭിക്കുന്നത്.
'ഇക്കാ എന്റെ മൊബൈല്‍ ഒന്ന് ചാര്‍ജ് ചെയ്‌തേക്കണേ. ഇന്നലെ തീര്‍ന്നു.'-ശിഹാബിനുള്ള ചോറ് പാക്ക് ചെയ്യുന്നതിനിടയില്‍ അവള്‍ പറഞ്ഞു
' ഓഫീസില്‍ ചെന്നിട്ട് ചെയ്‌തേക്കാം ട്ടോ'
'എന്നാ ഞാന്‍ ഇറങ്ങുവാണേ'
'ഓക്കേ ഇക്കാ'
പാത്രങ്ങള്‍ കഴുകി ശിഹാബിന്റെ വസ്ത്രങ്ങളും അലക്കി മുറികള്‍ അടിച്ചു വാരുമ്പോഴാണ് നടുവില്‍ നിന്നൊരു വേദന സര്‍വ്വനാഡീ ഞരമ്പുകളെയും തുളച്ചുകൊണ്ട് അവളിലേക്ക് എത്തിയത്.
'റബ്ബേ'
വിളിക്കുന്നതിനൊപ്പം അവളെവിടെ ഇരുന്നുപോയി. കാലുകളിലൂടെ ചൂടുള്ള ഒരു ദ്രാവകം ഒലിച്ചിറങ്ങി. അതിശക്തമായ വേദന. എങ്ങനെയൊക്കെയോ എഴുന്നേറ്റ് മൊബൈല്‍ എടുത്ത് ഷിഹാബിനെ വിളിമ്പോഴാണ് അറിയുന്നത് റീചാര്‍ജ് ചെയ്തിട്ടില്ല. നേരം കടന്നുപോകുന്തോറും വേദന കൂടിക്കൂടി വരുന്നു. പെട്ടന്നാണ് വാതില്‍ക്കല്‍ ഒരു മുട്ട് കേട്ടത്. ഏന്തിവലിഞ്ഞു ചെന്ന് വാതില്‍ തുറക്കുമ്പോള്‍ മുമ്പില്‍ നതാഷ. ഒരുനിമിഷം ഹസ്‌നിയെ നോക്കിനിന്ന ശേഷം അവള്‍ വീട്ടിലേക്ക് തന്നെ തിരികെ ഓടിപ്പോയി. തിരിച്ചുവരുമ്പോള്‍ അവള്‍ ഫോണില്‍ ആരോടോ സംസാരിക്കുകയായിരുന്നു. പേടിക്കണ്ടെന്നും ഇപ്പോള്‍ ആളു വരുമെന്നും അവള്‍ ഹസ്‌നിയോട് എങ്ങനെയൊക്കെയോ പറയുന്നുണ്ട്. ബോധം മറഞ്ഞു കണ്ണുകള്‍ അടയുവാന്‍ തുടങ്ങുമ്പോഴേക്കും ഷിഹാബെത്തി.
കൃത്യസമയത്ത് ഹോസ്പിറ്റലില്‍ എത്തിയത് ഭാഗ്യമായി. അധികം വൈകാതെ അവര്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചു. ഹോസ്പിറ്റല്‍ കിടക്കയില്‍ തന്നോട് ചേര്‍ന്നിരിക്കുന്ന ശിഹാബിനോട് ഹസ്‌നി ചോദിച്ചു.
'ഇക്ക എങ്ങനെ അവിടെയെത്തി? മൊബൈല് റീച്ചാര്‍ജ് ചെയ്യാത്തതുകൊണ്ട് എനിക്ക് വിളിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.'
'എന്നെ നതാഷ വിളിച്ചുപറഞ്ഞു'
'നതാഷ?'
'ഹസ്നി ഞാന്‍ നിന്നോട് പറഞ്ഞില്ലെന്നേയുള്ളൂ. നതാഷയെ എനിക്കറിയാം. അവളുടെ ഉപ്പ അഹമ്മദിനെയും. അദ്ദേഹം ദൂരെ ഒരു രാജ്യത്ത് അല്ല. അത് ഇറാഖാണ്. അദ്ദേഹം ഇനി മടങ്ങി വരില്ല ഹസ്നി. കഴിഞ്ഞവര്‍ഷം ഉണ്ടായ യുദ്ധത്തില്‍ അദ്ദേഹം മരിച്ചുപോയി. ആ കുട്ടികള്‍ക്ക് അറിയില്ല അത്. അവര്‍ ഇപ്പോഴും തങ്ങളുടെ ഉപ്പയെ കാത്തിരിക്കുകയാണ്. താരാട്ട് കേട്ട് ഉറങ്ങുന്ന കുഞ്ഞില്ലേ, കഴിഞ്ഞവര്‍ഷം അവളുടെ ഉമ്മയ്ക്ക് നിന്റെ പോലുള്ള ഇതേ അവസ്ഥ വന്നപ്പോഴാണ് നതാഷ എന്റെ അരികിലേക്ക് ആദ്യമായി ഓടിയെത്തുന്നത്. ഞാനാണ് അവരെ ഹോസ്പിറ്റലില്‍ കൊണ്ടുപോയതും ഇറാഖിലുള്ള അഹമ്മദിനെ വിളിച്ച് അറിയിച്ചതും. അവന് ആ കുഞ്ഞിനെ കാണുവാനുള്ള ഭാഗ്യം പടച്ചവന്‍ കൊടുത്തില്ല. അതിനുമുമ്പേ..'-ശിഹാബിന്റെ കണ്ണുകള്‍ നിറഞ്ഞു.
'റീചാര്‍ജ് ചെയ്യാന്‍ വിട്ടു പോയി എന്നുള്ളത് നേരാണ്. പക്ഷേ എനിക്കറിയാമായിരുന്നു ഹസ്നി നീ അവിടെ സുരക്ഷിതയായിരിക്കുമെന്ന്'
ഇതെല്ലാം കേട്ട് ഹസ്നി തരിച്ചിരിയ്ക്കുകയാണ്.
'അവനും നക്ഷത്രക്കണ്ണുകള്‍ ആയിരുന്നു ഹസ്നി. വെള്ളാരം കല്ലുകള്‍ പോല്‍ തിളങ്ങുന്ന നക്ഷത്രക്കണ്ണുകള്‍'
തന്റെ പൊന്നോമനയെ നോക്കുന്തോറും കെയ്റോയുടെ സംഗീതം അവളുടെ കണ്ണുകളെ നനച്ചുകൊണ്ടേയിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...