Malayalam Short Story: ചുഴി, ജയചന്ദ്രന്‍ എന്‍ ടി എഴുതിയ ചെറുകഥ

Published : Jul 02, 2025, 11:37 AM IST
Jayachandran NT

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജയചന്ദ്രന്‍ എന്‍ ടി എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

 

ചുഴി

വില്ലേജാഫീസിന്റെ ചുവരിലുണ്ടായിരുന്ന കലണ്ടറിലെ തീവണ്ടിയുടെ ചിത്രം അയാളൊരു ദിവസം കീറിക്കളഞ്ഞു. കൂടെയുള്ളവര്‍ ചോദിച്ചപ്പോള്‍, ചൂളംവിളി അസഹനീയമെന്നാണ് അയാള്‍ പറഞ്ഞത്.

അവരുടെയെല്ലാം കണ്ണുകളില്‍ വിടര്‍ന്ന പ്രത്യേകഭാവം!

തനിക്കെന്തോ പ്രശ്‌നമുണ്ടെന്ന് അയാള്‍ക്ക് സ്വയം തോന്നിത്തുടങ്ങിയിരുന്നു. മറ്റാരെങ്കിലുമത് കണ്ടുപിടിക്കുമെന്ന് ഭയന്നു സ്വയമതൊളിച്ചു വയ്ക്കാന്‍ മൗനിയാകുന്നത് പതിവായി. കാണുന്നതിലെല്ലാം കാണാത്തതെന്തോ തേടുകയായിരുന്നയാള്‍.

'വിജയന്‍പിള്ളേ എനിക്കൊരു ഡോക്ടറെ കാണാന്‍ പോകണം.' ഒരു ദിവസം ഓഫീസിലുള്ള സഹപ്രവര്‍ത്തകനോട് അയാള്‍ പറഞ്ഞു. അവര്‍ ഒരുമിച്ചാണ് ഡോക്ടറെ കാണാന്‍ പോയത്.

രണ്ടുപേരെയും കണ്ടപ്പോള്‍ ജോണേട്ടന്‍ ഇരിക്കെന്നും ഇതാണോ പറഞ്ഞ ആളെന്നും വിജയന്‍പിള്ളയോട് ഡോക്ടര്‍ ചോദിക്കുന്നത് കേട്ടപ്പോഴാണ് തന്നെപ്പോലെ എന്തോ കുഴപ്പം ഡോക്ടര്‍ക്കും ഉണ്ടെന്ന് അയാള്‍ക്ക് തോന്നിയത്. പിന്നീട് കുറെ ചിത്രങ്ങള്‍ കാണിച്ച് ഇതൊക്കെ എന്താണെന്ന് ചോദിച്ചപ്പോള്‍ അതുറപ്പായി.

ചിത്രങ്ങളിലുള്ളത് അയാള്‍കൃത്യമായി പറഞ്ഞു. പേപിടിച്ച് വായ് പിളര്‍ന്ന നായ, ചുറ്റുപിണഞ്ഞ സര്‍പ്പക്കുഞ്ഞുങ്ങള്‍, തുണിയില്ലാത്ത പെണ്ണുങ്ങള്‍. ഡോക്ടറുടെ മുറിക്കുള്ളിലെ ചുമരുകളിലുണ്ടായിരുന്നതും ഇത്തരം ചിത്രങ്ങളായിരുന്നു.

അയാളുടെ ഉത്തരങ്ങള്‍ കേട്ടു ഡോക്ടര്‍ ചില മരുന്നുകള്‍ കുറിച്ചുകൊടുത്തു. അയാളത് വാങ്ങുകയും വീട്ടിലേക്ക് പോകുന്ന വഴിയിലെ കുറ്റിക്കാട്ടിലേക്ക് എറിഞ്ഞുകളയുകയും ചെയ്തു.

അന്നുരാത്രിയിലാണ് കിടക്കമുറിയിലെ ചുമരിലൊട്ടിച്ചിരുന്ന ചിത്രങ്ങളും തന്നെ നോക്കി പല്ലിളിക്കുന്നതു കണ്ട് അയാളതെല്ലാം കീറിക്കളഞ്ഞത്. വലിച്ചിളക്കിയ ചിത്രങ്ങളോടൊപ്പം ചുമരിലെ കുമ്മായമടര്‍ന്ന് പുതിയ ചിത്രങ്ങളുണ്ടായി.

അലയടിക്കുന്ന സമുദ്രവും, പക്ഷികളുമൊക്കെ അയാളതില്‍ കണ്ടു.

'ഇതുപോലെ ഒച്ചയുള്ള ചിത്രങ്ങളാണ് വേണ്ടത്.' കമലയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോഴും അയാള്‍ പിറുപിറുത്തു. ഇടയ്ക്കിടെ ഉണര്‍ന്ന് പക്ഷികള്‍ അവിടെ ഉണ്ടെന്നുറപ്പ് വരുത്തി. നമ്മള്‍ കടല്‍ക്കരയിലാണ് കിടക്കുന്നതെന്നും തിരമാലകളുടെ ഒച്ച നീ കേള്‍ക്കുന്നില്ലേയെന്നും അവളുടെ കാതുകളില്‍ പിറുപിറുത്തു.

അയാളുടെ പുതിയ ശീലങ്ങള്‍ അവളെ അസ്വസ്ഥയാക്കിയെങ്കിലും രാത്രിഭാവനകളിലെ പുതുമകള്‍ അവളുമാസ്വദിച്ചു.

കമലയെ മാതു എന്നയാള്‍ വിളിച്ചപ്പോഴാണ് ആദ്യമായി അവളുടെ മുഖത്തും ഭാവമാറ്റമുണ്ടായത്.

'ബാലകൃഷ്ണനും ഇന്ന് റിട്ടയറാകും, ഞാനും അവനും ഒരേ ദിവസമാണ് ജനിച്ചത്. കമലയെയാണ് അവന്‍ വിവാഹം കഴിച്ചത്, പ്രേമിച്ചതാണവര്‍, ഞങ്ങളെല്ലാവരും ഒരുമിച്ച് പഠിച്ചതാണ്. നിനക്കറിയില്ലേ കമലയെ?

സുന്ദരിയാണ്.'

'അറിയാം' മുഖത്തുണ്ടായ ഭാവമാറ്റത്തോടെ അവള്‍ മറുപടി പറഞ്ഞു.

പിന്നീട് പല മുഖങ്ങളില്‍ നിന്നായി അയാള്‍ക്ക് ആ ഭാവം കാണേണ്ടി വന്നു.

പേരുമാറിയെന്നോര്‍ത്തപ്പോള്‍ അയാള്‍ക്കാദ്യം അവളോടെന്തു പറയണമെന്നറിയില്ലായിരുന്നു. പിടിക്കപ്പെട്ട കുറ്റവാളിയായി. ന്യായങ്ങള്‍ തേടി മനസ്സ് സഞ്ചരിച്ചു.

മാതു എങ്ങനെയാണ് നാവിലേക്കെത്തിയത്! കുറെ ആലോചിച്ചു. പഴയകാലങ്ങള്‍, പരിചയിച്ച മുഖങ്ങള്‍, മാതുവിനെ മാത്രം കണ്ടെത്താനായില്ല.

കമലയോട് ക്ഷമ ചോദിച്ച് അനുനയിപ്പിച്ചു.

'എന്തുപറ്റി! റിട്ടയറാകുന്ന ടെന്‍ഷനിലാണോ' അവളുടെ ചോദ്യം അയാളെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി.

'യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരു ടെന്‍ഷനുണ്ടോ? ഉണ്ടെങ്കില്‍ എന്തിന്'-എന്നൊക്കെ ചിന്തിച്ചു.

സ്വീകരണമുറിയിലുണ്ടായിരുന്ന ചിത്രങ്ങളും ഒഴിവാക്കി. എന്തിനാണിതൊക്കെ മാറ്റുന്നതെന്ന അവളുടെ ചോദ്യത്തിന് ഇതെല്ലാം അശ്ശീലങ്ങളാണെന്നും നമുക്ക് മൂളിപ്പറക്കുന്ന വണ്ടുകളുടെയും തേനീച്ചകളുടെയും മിന്നാമിനുങ്ങുകളുടെയും ഒച്ചയും വെളിച്ചവുമുള്ള ചിത്രങ്ങള്‍ മതിയെന്നും അയാള്‍ പറഞ്ഞു.

'അശ്ശീലങ്ങളോ?' മുറ്റത്തെ തെങ്ങിന്‍ ചുവട്ടിലേക്ക് കീറിയിട്ടിരിക്കുന്ന പൂക്കളുടെ ചിത്രങ്ങളിലേക്കവള്‍ കൗതുകത്തോടെ നോക്കി. നീലക്കുറിഞ്ഞികളും സൂര്യകാന്തിയും അവളെ നോക്കി ദയനീയമായി പുഞ്ചിരിച്ചു.

ഓഫീസില്‍ സ്ഥിരമായി ചായ കൊണ്ടുവരുന്നവനോട്, 'എന്താണ് രാഘവാ സുഖമാണോ?' എന്നു ചോദിച്ചപ്പോള്‍ അവന്റെ മുഖത്തും അതെ ഭാവമുണ്ടാകുന്നത് അയാള്‍ കണ്ടു.

'രാഘവനല്ല മാഷെ കുട്ടപ്പായിയാണ്.'

അയാള്‍ പറഞ്ഞു.

'ഓ സോറി, സോറി. ഞാന്‍ പെട്ടെന്ന് മറന്നുപോയി.'

'അല്ല മാഷെ ആരാ രാഘവന്‍?' ആ ചോദ്യത്തിന് അയാള്‍ മറുപടി ഒന്നും പറഞ്ഞില്ല. അയാള്‍ മാതു ആരാണെന്ന് ഓര്‍ക്കുകയായിരുന്നു.

പിറന്നാള്‍ ദിനത്തിന്റെ അന്നു തന്നെയായിരുന്നു റിട്ടയര്‍മെന്റ്. യാത്രയയപ്പ് ചടങ്ങുകള്‍ കഴിഞ്ഞു. വില്ലേജാഫീസില്‍ നിന്നും പടിയിറങ്ങുമ്പോള്‍ നെഞ്ചിലേക്കൊരു ഭാരം വന്നു നിറഞ്ഞു.

ഇനിയെങ്ങോട്ടാണ് എന്നൊരു ആശങ്കയൊന്നുമില്ല. മുപ്പത്തഞ്ച് വര്‍ഷത്തെ സര്‍ക്കാര്‍ജോലി കൊണ്ട് നല്ലൊരു വീട് പണിയാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനുണ്ടായ ബാങ്ക് ലോണെല്ലാം റിട്ടയര്‍മെന്റ് തുകയില്‍ അടഞ്ഞുതീരും.

പ്രണയിനിയെ സ്വന്തമാക്കാന്‍ കഴിഞ്ഞു. ഒരു മോനുള്ളതും സര്‍ക്കാര്‍ സര്‍സീസില്‍ കയറിയിട്ടുണ്ട്. ഇനി സ്വസ്ഥം ഗൃഹസ്ഥാശ്രമം എന്നൊക്കെ ആശ്വസിക്കുന്നതാണ്.

എങ്കിലും എന്തോ ഒരു ശൂന്യത ഉളളില്‍ വന്നു നിറയുന്നതുപോലെ,

യാത്രയയപ്പ് നേരുമ്പോള്‍ സഹപ്രവര്‍ത്തകരുടെയെല്ലാം കണ്ണുകളില്‍ നിറഞ്ഞ സഹതാപം എന്തിന്റെയായിരുന്നു!

മരണമൊന്നുമല്ലല്ലോ! അന്ത്യയാത്രയുമല്ല.

എന്നിട്ടും പലരുടെയും കണ്ണുകള്‍ നിറഞ്ഞു.

ഒരു കണക്കിന് ഇതുമൊരു മരണം തന്നെയാണെന്ന് തോന്നി.

'ബാലകൃഷണന്‍ ഇനി റിട്ടയറാണ്. പഴയ പ്രതാപങ്ങളിനിയില്ല.'

അങ്ങനെയൊരു സംശയം ആദ്യമുണ്ടായത് അവളുടെ പെരുമാറ്റങ്ങളിലടക്കം വ്യത്യാസങ്ങള്‍ കണ്ടെത്തിയപ്പോഴാണ്.

രാവിലെ ഉണര്‍ന്ന ഉടന്‍ പതിവായി കിട്ടുമായിരുന്ന ചായ കാണാതായതില്‍ നിന്നായിരുന്നു തുടക്കം.

കിടക്കപ്പായില്‍ നിന്നെഴുന്നേറ്റു, സ്ഥിരം ചായഗ്ലാസ്സ് ഉണ്ടാകുന്നിടത്ത് അതില്ല. പകരം രാത്രിയിലെപ്പൊഴോ ഊരിയെറിഞ്ഞ അടിവസ്ത്രമാണവിടുള്ളത്.

മാധവി എന്ന് രണ്ടു പ്രാവശ്യം വിളിച്ചിട്ടും മറുപടിയൊന്നുമുണ്ടായില്ല. അടുക്കളയില്‍ തട്ടുമുട്ടു ഒച്ചകള്‍ കേള്‍ക്കുന്നുണ്ട്.

അവള്‍ ധൃതി പിടിച്ച ജോലിയിലാണെന്ന് മനസ്സിലായി. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞെത്തിയപ്പോഴാണ് അവള്‍ മുറിവാതില്‍ക്കല്‍ തല കാട്ടിയത്.

രാവിലത്തെ അടുക്കളപ്പാടുകളുടെ ക്ഷീണം മുഖത്തുണ്ട്. പാറിപ്പറന്ന തലമുടി. അവള്‍ക്കിത്രയും നര ഉണ്ടായിരുന്നോ

ഉറക്കച്ചടവുകള്‍ കൊണ്ട് ക്ഷീണിച്ച കണ്ണുകള്‍ക്ക് താഴെ കറുപ്പ് പടര്‍ന്നിട്ടുണ്ട്.

എന്തേയ് എന്ന ചോദ്യഭാവത്തോടെ അവള്‍ നനഞ്ഞ സാരിത്തുമ്പുയര്‍ത്തി മുഖം തുടച്ചു.

അയാള്‍ കൗതുകത്തോടെ അവളുടെ പ്രവൃത്തികള്‍ നോക്കിയിരുന്നു.

'മോന് ഉച്ചക്ക് ചോറ് കൊടുത്തു വിടാമെന്ന് കരുതി ഇത്തിരി ജോലിയിലായിപ്പോയി. ചായ കുടിക്കാത്തതെന്തേ?'

അവള്‍ ചോദിച്ചു.

'ചായയോ അതിന് നീയെപ്പോഴത് തന്നു.' അയാള്‍ മനസ്സിലോര്‍ത്തു.

മേശപ്പുറത്ത് നോക്കിയപ്പോള്‍ ചായ ഗ്ലാസ് അവിടെയുണ്ട്. തണുത്താറി മുകളില്‍ പാടപിടിച്ചിരിക്കുന്നു. ഇവള്‍ ഇതെപ്പൊഴാണ് കൊണ്ടുവച്ചത്? കുറച്ച് മുന്‍പുവരെ ഇവിടില്ലായിരുന്നല്ലോ!

മകന്‍ പുറത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകുന്ന ഒച്ച കേട്ടപ്പോള്‍ ചിന്തകള്‍ മാറി.

വില്ലേജാഫീസില്‍ നിന്നും കുറച്ചുദൂരം നടക്കാവുന്നതേയുള്ളു വീട്ടിലേക്ക്. യാത്രയയപ്പ് പ്രസംഗങ്ങളെല്ലാം കഴിഞ്ഞ് ഓരോരുത്തരെയായി പേരെടുത്തു പറഞ്ഞ് അയാള്‍ നന്ദി പറഞ്ഞപ്പോള്‍ എല്ലാവരും നിശബ്ദമായി അയാളെ ഉറ്റുനോക്കിയിരുന്നു.

കവലയിലെത്തി തങ്കന്റെ കടയില്‍ നിന്ന് ഒരു കവര്‍ പാലും രാജുവിന്റെ കടയില്‍ നിന്നു പഴവും വാങ്ങി കാശുനല്‍കി കുശലാന്വേഷണം നടത്തിയപ്പോഴും അവരുടെ കണ്ണുകളിലുണ്ടായിരുന്നതും സഹതാപമാണോ എന്നയാളോര്‍ത്തു.

'എന്തിന്? എന്തിനാണിവര്‍ ഇത്രക്ക് വിഷമിക്കുന്നത്?'

'തങ്കനും രാജുവും മരിച്ചു പോയില്ലേ മാഷെ' -അവര്‍ അങ്ങനെ പറഞ്ഞെങ്കിലും അയാള്‍ക്ക് വിശ്വാസമായില്ല. ഇവര്‍ പിന്നെ ആരാണ്?

'അവരൊക്കെ മരിച്ചുപോയോ? എങ്ങനെ? എന്തിനാണിങ്ങനെ സ്വയം ദുഷ്ടത്തരം പറയുന്നത്.

പിന്നെ നിങ്ങളാരാണ്?'

'ഞങ്ങള് ബേബിയും, കുമാറുമാണ്, മാഷ് മറന്നുപോയോ?'

ചോദിച്ചിട്ടവര്‍ അടക്കിച്ചിരിക്കുന്നതുപോലെ തോന്നി. പറ്റിക്കുകയാണിവര്‍.

അപ്പൊ മാതുവോ?

അയാള്‍ കാലുകള്‍ നീട്ടിവച്ച് വേഗതയില്‍ വീട്ടിലേക്ക് നടന്നു.

വഴിയരികിലെല്ലാവരും ഒരു കാഴ്ചവസ്തുവിനെ പോലെ തന്നെ നോക്കി നെടുവീര്‍പ്പിടുന്നതു പോലെ അയാള്‍ക്കു തോന്നി. എല്ലാവരും ചുറ്റിനും നിന്ന് തന്നെ പരിഹസിക്കുകയാണ്. എത്ര നാളിതു തുടരുമെന്നറിയണമല്ലോ, റിട്ടയര്‍ ആകുന്നതറിഞ്ഞുള്ള ആളുകളുടെ സഹതാപമാണ്.

'എന്താണ് രാമാ വിശേഷങ്ങള്‍ സുഖമല്ലേ?' തയ്യല്‍ക്കടക്കാരനോടുള്ള ചോദ്യത്തിന് 'അതെ മാഷെ' എന്ന തണുത്ത ഉത്തരം.

വീട്ടിലെത്തുമ്പോഴുള്ള കാര്യങ്ങളെപറ്റിയും അയാള്‍ക്കൊരു മുന്‍വിധിയുണ്ടായിരുന്നു.

ഇനി തന്റെ ആവശ്യങ്ങള്‍ക്കൊന്നും അധികം പ്രധാന്യമില്ലാതാകുന്നു. പതിവ് പോലെ വൈകുന്നേരം ഞാനെത്തുന്നതും നോക്കി അവള്‍ കാത്തുനില്‍ക്കുന്നുണ്ടാകില്ല.

എന്തെങ്കിലും ജോലിയിലായിരിക്കും. മകന്‍ വീട് മാറുന്നു എന്നു പറഞ്ഞിരുന്നു. മിക്കവാറും അവള്‍ സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കുന്ന തിരക്കിലാകും. എത്ര പെട്ടെന്നാണ് അവള്‍ക്ക് മാറാന്‍ കഴിഞ്ഞത്.

കുറെ നാളുകള്‍ക്ക്‌ശേഷമാണ് അവനുമായൊരു സംഭാഷണമുണ്ടായത്.

'അച്ഛാ ഒരു കാര്യം പറയാനുണ്ട്. ജോലി സ്ഥലത്തിനടുത്ത് ഞാനൊരു വീട് എടുത്തിട്ടുണ്ട് നാളെ അവിടേക്ക് മാറുകയാണ്. അമ്മയും എന്നോടൊപ്പം വരികയാണ്. ഇവിടെ ആരെങ്കിലും വേണമല്ലോ ടോമിയും ജിമ്മിയുമൊക്കെ പട്ടിണിയായിപ്പോകില്ലേ'-അവന്‍ പറഞ്ഞു നിര്‍ത്തി.

'ശരിയാണ് എല്ലാരൂടെ പോയാല്‍ വീടുറങ്ങിപ്പോകും. മാത്രല്ല മിണ്ടാപ്രാണികളും കഷ്ടത്തിലാകും നിങ്ങള്‍ പൊയ്‌ക്കോളൂ. ഞാനിവിടെ നില്‍ക്കാം.'

'ഇടക്ക് ഞങ്ങള്‍ വരാം.'

അയാളതിന് മറുപടി ഒന്നും പറഞ്ഞില്ല.

ചിന്തകള്‍ക്ക് വിപരീതമായിരുന്നു യഥാര്‍ത്ഥ്യം. അയാള്‍ വരുന്നതും കാത്ത് അവര്‍ ഉമ്മറപ്പടിയിലുണ്ടായിരുന്നു. ബാഗും കുടയും വാങ്ങിവച്ചു, അയാളുടെ മങ്ങിയ മുഖത്തേക്ക് നോക്കി.

'എന്തിനിങ്ങനെ വിഷമിക്കുന്നു ഇനി നമ്മള്‍ സ്വതന്ത്രരായില്ലേ?'-അയാള്‍ ചോദിച്ചു.

എന്തൊരഭിനയം' എന്നയാള്‍ മനസ്സില്‍ കരുതി. നാളെ മകനോടൊപ്പം വീട് മാറുകയാണ്, അവന്‍ എന്നോടത് പറഞ്ഞിട്ടുണ്ട്. ഇവളതറിഞ്ഞിട്ടില്ല. തടസ്സം പറയാതിരിക്കാനുള്ള സൂത്രങ്ങളാണ് ഈ സ്‌നേഹപ്രകടനങ്ങള്‍.

രാത്രിവൈകിയും അവള്‍ അടുക്കളയിലോരോ തിരക്കിട്ട പണികളിലായിരുന്നു. മുഖാമുഖം നേരിടാന്‍ വയ്യാത്തത് കൊണ്ടാണെന്ന് അയാള്‍ക്ക് മനസ്സിലായി. ഉറങ്ങിയിട്ട് വരാനായിരിക്കും കരുതുന്നത്. ഉറങ്ങാന്‍ ശ്രമിച്ചിട്ടും കഴിയുന്നില്ല.

അയാള്‍ ചുവരിലെ ചിത്രങ്ങളിലേക്ക് നോക്കിക്കിടന്നു. തിരമാലകള്‍ പാദങ്ങള്‍ നനയ്ക്കുകയും അയാളെ സമുദ്രത്തിനുള്ളിലേക്ക് കൂട്ടികൊണ്ടു പോകുകയും ചെയ്തു. പക്ഷികളോടൊപ്പം അയാള്‍ അതില്‍ മുങ്ങിക്കുളിച്ചു.

ഒടുവില്‍ ലൈറ്റണച്ച് ഉറക്കം അഭിനയിച്ചു തുടങ്ങിയപ്പോഴാണ് പാത്രങ്ങളുടെ ഒച്ച നിലച്ചത്. അവള്‍ വന്നടുത്തു കിടക്കുന്നത് അയാള്‍ അറിഞ്ഞിരുന്നു. മൗനങ്ങള്‍ തമ്മില്‍ യുദ്ധമാരംഭിച്ചു. നിശ്ശബ്ദതയെ മുറിച്ച് കൊണ്ട് മഴ പെയ്തു തുടങ്ങി.

പിറ്റേദിവസം വൈകിയാണ് അയാളുണര്‍ന്നത്.

മഴ തോര്‍ന്നിട്ടുണ്ട്. വീടുറങ്ങിയിരുന്നു.

നിശബ്ദത ചൂഴ്ന്ന് നില്‍ക്കുന്ന മുറികള്‍.

അവര്‍ രാവിലെ തന്നെ പോയെന്ന് മനസ്സിലായി.

പതിയെ നടന്ന് അടുക്കളയിലേക്കെത്തിയപ്പോള്‍ മേശപ്പുറത്ത് ചായ ഇട്ടു വച്ചിരിക്കുന്നു.

അവള്‍ മേശമേല്‍ തല ചായ്ച്ചിരിക്കുകയാണ്.

'മാധവി' അയാളുടെ ശബ്ദം ഇടറി. അവര്‍ തല ഉയര്‍ത്തി അയാളെ നോക്കി.

'നീ പോയില്ലേ!'

'എവിടേക്ക്'

'അവന്റെ കൂടെ, അവന്‍ പറഞ്ഞു.'

'അവന്‍ പറഞ്ഞപ്പോള്‍ നിങ്ങളങ്ങ് വിശ്വസിച്ചു, അല്ലേ? എന്നോടൊരു വാക്ക് നീ പോകുന്നോ എന്ന് ചോദിച്ചോ? അല്ലെങ്കില്‍ മാധു നീ പോകരുതെന്ന് പറയാത്തതെന്തേ'

'എനിക്കറിയില്ല ഒറ്റദിവസം കൊണ്ട് എനിക്കെന്തോ ഒന്നുമല്ലാതായതുപോലൊരു തോന്നല്‍'

'എന്തിന്?'

'അറിയില്ല.''

'നമ്മള്‍ പ്രണയിച്ചപ്പോള്‍ നിങ്ങള്‍ക്ക് ജോലി ഉണ്ടായിരുന്നോ?'

'ഇല്ല'

'വിവാഹം കഴിച്ചപ്പോള്‍'

'ഇല്ല'

'പിന്നെ ഇപ്പോഴെന്താണ്. എന്തിനാണിങ്ങനെ വിഷമിക്കുന്നത്. കഷ്ടപ്പാടിലും നമ്മള്‍ ഒന്നായിരുന്നു. ഇനി അവസാനകാലംവരെയും നമ്മള്‍ ഒന്നായിരിക്കും.'

'അതിനെനിക്ക് വിഷമമുണ്ടായിരുന്നോ!'

അയാള്‍ ആലോചിച്ചു. അയാള്‍ക്കൊന്നു പൊട്ടിക്കരയണമെന്ന് തോന്നി.

അതെ, നീയുളളതുകൊണ്ടാണ് ഞാനുമുണ്ടായതെന്ന് പറയണമെന്ന് തോന്നി.

മാറോട് ചേര്‍ത്തവളെ പുണരണമെന്ന് തോന്നി. കരച്ചില്‍ കേട്ടിട്ടാകണം നായകള്‍ കുരച്ച് ഒച്ചയുണ്ടാക്കുന്നത് അയാളുടെ കാതുകളിലേക്കെത്തി.

'ടോമിയും ജിമ്മിയും അവര്‍ പട്ടിണിയാകില്ലേ അവന്‍ പറഞ്ഞു എന്നോടിവിടെ നില്‍ക്കാന്‍.'

അവള്‍ അതുകേട്ടു അയാളുടെ കവിളുകളില്‍ തലോടിക്കൊണ്ട് പറഞ്ഞു. 'അതിന് നമുക്ക് നായകളൊന്നുമില്ലല്ലോ!'

'ഇല്ലേ! പിന്നെ മുറ്റത്ത് കിടക്കുന്നതാരാണ്.'

അയാള്‍ മുറ്റത്തേക്ക് വിരല്‍ ചൂണ്ടി. മാഞ്ചുവട്ടില്‍ കിടന്ന നായകള്‍ നാവുനീട്ടി വാലാട്ടി സ്‌നേഹം കാണിക്കുന്നതയാള്‍ കണ്ടു.

'അത് ബൈക്ക് മൂടുന്ന ടാര്‍പോളിനാണ് നായകളൊന്നുമല്ല.'

അയാള്‍ മുറ്റത്തിറങ്ങി നോക്കി, ശരിയാണ് കറുത്ത നിറമുള്ള ടാര്‍പോളിനാണ്. അപ്പോള്‍ കുരയ്ക്കുന്ന ഒച്ച കേള്‍ക്കുന്നതോ?

തിരികെ അടുക്കളയിലെത്തിയപ്പോള്‍ അവള്‍ അവിടെയില്ല.

'മാതു എനിക്ക് സുഖമില്ല, എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാമോ'

'വിഷമിക്കണ്ട നമുക്ക് പോകാം.' എന്നവള്‍ പറയുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തു.

അതിനെനിക്ക് വിഷമമുണ്ടോ എന്നയാള്‍ വീണ്ടുമാലോചിച്ചു.

അടുപ്പില്‍ രണ്ടു ഗ്ലാസ്സ് വെള്ളം വെച്ച് ചായ തിളപ്പിച്ചെടുത്തു. ഒരു ഗ്ലാസ് മേശപ്പുറത്തൊഴിച്ചു വച്ചു. ഒന്നുമായി അയാള്‍ ഉമ്മറത്തെത്തി.

ചാരുകസേരയിലേക്ക് കിടന്നു.

'കമല! അവളെവിടെയാണ്?

'എന്റെ കമലയെ കണ്ടിട്ടൊരുപാടായല്ലോ, ഓളെവിടാക്കാണ് ഇടയ്ക്കിടക്കിങ്ങനെ പോകുന്നത്?'

അയാള്‍ വീണ്ടും മനോരാജ്യങ്ങളില്‍ മുഴുകി.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത