
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ജനാല
പകുതി അടഞ്ഞ ജാലകത്തിനപ്പുറം അയാളുടെ ഉറക്കെയുള്ള ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അതാളുടെ ശബ്ദത്തിനു പിന്നാലെ, ആ സ്ത്രീ തിരിച്ചങ്ങോട്ട് എന്തൊക്കെയോ പറയുന്നു, തര്‍ക്കം രൂക്ഷമാകുന്നു.
ഇത് സ്ഥിരമാണ്. ഏതോ രണ്ട് അപരിചിതര്‍ ദിനംപ്രതി എന്റെ മനസ്സമാധാനത്തിന് ഭംഗം വരുത്തുന്നു. എന്റെ പകുതി അടയാത്ത ജനാലയും അവരുടെ തുറന്ന ബാല്‍ക്കണിയും ഞങ്ങള്‍ അപരിചിതര്‍ക്കിടയിലെ അകലം കുറച്ചു. ജനാല പലപ്പോഴും ഞാന്‍ ദേഷ്യത്തോടെയാണ് കൊട്ടിയടക്കാറ്.
പുറത്തുവച്ച് അവരിരുവരെയും ഒരിക്കലും കണ്ടിട്ടില്ല, കണ്ടാലും തിരിച്ചറിയുമോ എന്നത് സംശയമാണ്. ദൂരെ നിന്ന് കണ്ടത് വെച്ച് നോക്കുമ്പോള്‍ ആ സ്ത്രീക്ക് 30 വയസ്സ് കഴിഞ്ഞിരിക്കുന്നു. ചിലപ്പോള്‍ ദുഃഖം അവരെ പിടികൂടിയിരിക്കും, അടുക്കളയുടെ ചൂടില്‍ മുഖം വാടിയിരിക്കും, കൈനഖങ്ങളുടെ അഗ്രത്ത് ചെറുതായി പൊട്ടല്‍ വീണിരിക്കും. അവരുടെ ഇടതൂര്‍ന്ന മുടിയിഴകള്‍ പലപ്പോഴും അത് കെട്ടിവയ്ക്കാന്‍ അവര്‍ പാടുപെടുന്നത്, എന്നും വ്യക്തമായി കാണുമായിരുന്നു. അവരുടെ ഭര്‍ത്താവ് ശബ്ദം കൊണ്ട് മാത്രം എനിക്ക് സുപരിചിതനാണ്. അയാളുടെ നെറ്റി ചിലപ്പോള്‍ കേറി തുടങ്ങിയിരിക്കും, വൈകുന്നേരങ്ങളില്‍ അയാളുടെ ശബ്ദം ക്ഷീണിച്ചപോല്‍ തോന്നുമായിരുന്നു.
പല ദിവസങ്ങളിലും ആ സ്ത്രീ അവരുടെ ഗാര്‍ഡനില്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് കാണാം. വഴക്കിന് ശേഷം മിക്കപ്പോഴും അവര്‍ ഒറ്റയ്ക്ക് വന്നിരിക്കും. ചെടികളെ പരിപാലിക്കും, മറുവശത്ത് അവര്‍ കരയുകയാണ് എന്ന് എനിക്ക് തോന്നും. അവരുടെ ചുവന്ന പൂക്കളുള്ള ചെടി, അത് എല്ലാവര്‍ക്കും സന്തോഷം പരത്തി പൂത്തുലഞ്ഞിരുന്നു.
ചിലപ്പോഴൊക്കെ ഉറക്കെയുള്ള ബഹളം കേട്ടിട്ട് അരിശം മൂത്ത് അവരുടെ ബാല്‍ക്കണിയിലേക്ക് നിലവിളിച്ചാലോ എന്ന് ഞാന്‍ ആലോചിക്കും. പിന്നെ വേണ്ടെന്ന് വെക്കും.
പെട്ടെന്നൊരു ദിവസം അവിടെ നിന്ന് ശബ്ദം കേള്‍ക്കാതെയായി. ബാല്‍ക്കണിയില്‍ കുറച്ച് അപരിചിതരെ കണ്ടു. പിന്നീട് ബാല്‍ക്കണിയും ശൂന്യമായി. ഞാന്‍ നാള്‍ക്കുനാള്‍ സമാധാനത്തോടുകൂടി ഉറങ്ങുവാന്‍ തുടങ്ങി.
ക്രമേണ അവരുടെ ചെടികളും ഉണങ്ങാന്‍ തുടങ്ങി. പതിയെ ചുവന്ന പൂക്കളും അപ്രത്യക്ഷമായി. ഒരു രാത്രിയില്‍ ഞാന്‍ അവരുടെ ഭര്‍ത്താവിനെ കണ്ടു, ക്ഷീണിതനായ ഒരു മനുഷ്യന്‍. അയാളുടെ നെറ്റി അത്രകണ്ട് കയറിയിട്ടില്ല. ആ സ്ത്രീ ഇരിക്കുന്നിടത്ത് അയാള്‍ കുറെ നേരം ഇരുന്നു. പിറ്റേന്ന് രാവിലെ ആരൊക്കെയോ ബാല്‍ക്കണി വൃത്തിയാക്കാന്‍ തുടങ്ങി. ആ വീട് നിശബ്ദമായി.
നാളുകള്‍ കഴിഞ്ഞ് അവിടെ പുതിയ താമസക്കാരെത്തി. റിട്ടയര്‍മെന്റ് നോട് അടുത്തിരിക്കുന്ന ദമ്പതികള്‍, വളരെ ശാന്തം.
ചിലപ്പോള്‍ ഞാന്‍ ആലോചിക്കും ആ സ്ത്രീക്ക് എന്തു പറ്റിയെന്ന്, ചിന്തകള്‍ കാട് കയറുമ്പോള്‍ ഞാന്‍ അവയ്ക്ക് കുരുക്കിടും. അവരെവിടെയോ സുഖമായിരിക്കുന്നു എന്ന് കരുതും. അതെ, അവര്‍ സുഖമായി ഇരിക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...