
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കൊമ്പ്
കൃത്യം നടന്നതിന്റെ നാല്‍പത്തിയൊന്നാം നാളിലാണ് അയാള്‍ക്ക് കൊമ്പ് മുളച്ചത്. മൂത്രശങ്ക തീര്‍ക്കാനായ്, വെളുപ്പാന്‍കാലത്ത് ചാടിപ്പിണഞ്ഞ് എഴുന്നേറ്റ നേരമാണ് അവയവപ്പിറവി അയാള്‍ തിരിച്ചറിഞ്ഞത്.
കാലങ്ങളായുള്ള മോഹം, അരികിലെത്തിയതിന്റെ സുഖമുഹൂര്‍ത്തം ഭേദിച്ച് കണ്ണ് തുറക്കേണ്ടി വന്നതിന്റെ നിരാശ അയാളെ മൂടിയിരുന്നു. കിടക്കയില്‍ അയാള്‍ എഴുന്നേറ്റിരുന്നു. അരികെ, കൂര്‍ക്കം വലിച്ചുറങ്ങുന്ന പെമ്പറന്നോത്തിയെ അയാള്‍ പരിഗണിച്ചതേയില്ല.
കടന്നുവന്ന, സ്വപ്നസുന്ദരിയെ വീണ്ടും ഓര്‍ത്തെടുക്കാനുള്ള ശ്രമത്തിനിടയിലാണ് തല തടവിപ്പോയത്. വിരലുകള്‍ക്കിടയില്‍ എന്തോ തടഞ്ഞതും അയാള്‍ ബാത്‌റൂമിലേക്കോടി കണ്ണാടിയില്‍ നോക്കി. അവിടെ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചുകളഞ്ഞു.
കൊമ്പിന്റെ അഗ്രം മാത്രമേ അന്നേരം പുറത്തുവന്നിരുന്നുള്ളൂ. ഒരലര്‍ച്ചയോടെ അയാള്‍ തിരികെ ഭാര്യയ്ക്കരികിലെത്തി, അവരെ കുലുക്കി വിളിച്ച് , ലൈറ്റിട്ട്, പെട്ടത്തല കാട്ടിക്കൊടുത്തു.
ഉറക്കച്ചടവോടെ സ്വന്തം ശരീരത്തെ എഴുന്നേപ്പിച്ചിരുത്തി കണ്ണ് തിരുമ്മി, അവര്‍ അയാളുടെ തലയില്‍ നോക്കി
'നോക്ക്യേടീ തലയിലൊരു മൊഴ'
നടു വളച്ച്, അവര്‍ക്ക് മുന്നില്‍ തല കുമ്പിട്ട് നിന്ന് അയാള്‍ മുഴഭാഗം കാട്ടിക്കൊടുത്തു.
'ദേ ടീ ദിവടെ. കണ്ടില്ലേ രണ്ട് വശത്തൂണ്ട്'
ഭാര്യയില്‍ നിന്ന് പ്രതികരണം ഇല്ലാണ്ടായപ്പോള്‍ അയാള്‍ തലയുയര്‍ത്തി നോക്കി.
വെളുപ്പാന്‍ കാലത്ത്, വിളിച്ചുണര്‍ത്തി തലയില്‍ മൊളച്ച മൊഴ കാട്ടിത്തരാന്‍ നടു വളച്ച് നിക്കണ കെട്ട്യോനെ കണ്ടപ്പോള്‍ മഠത്തിലെ തൊഴുത്തില്‍ നിക്കണ എരുമക്കുട്ടന്മാരെയാണ് ത്രേസ്യാമ്മയ്ക്ക് ഓര്‍മ്മ വന്നത്.
'എന്ത് മൊഴ? നിങ്ങക്ക് വട്ടുണ്ടാ മനുഷ്യാ, സ്വപ്നം വല്ലതും കണ്ടാ'
ഭാര്യേടെ പരിഹാസം അയാള്‍ക്ക് സുഖിച്ചില്ല. സീരിയസ്സായി ഒരു കാര്യം പറഞ്ഞിട്ടും അത് ഗൗനിക്കാതെ, വീണ്ടും മാറിക്കിടക്കണ ഭാര്യേടെ മുതുകത്ത് രണ്ട് ചവിട്ട് വെച്ചു കൊടുക്കാന്‍ അയാളുടെ കാലുകള്‍ തരിച്ചു. ഈ അവസരത്തിലൊരു പ്രശ്‌നം ഉണ്ടാക്കിയാലുണ്ടാവുന്ന ഭവിഷ്യത്ത് ഓര്‍ത്ത് അയാള്‍ അടങ്ങി.
പിറ്റേന്ന് മുതല്‍, അയാളുടെ തലയില്‍ ഒരു തൊപ്പി പ്രത്യക്ഷപ്പെട്ടു. മുളച്ചു വന്ന മുഴ പതിയെപ്പതിയെ
പുറം ലോകം കാണാന്‍ വെമ്പിത്തുടങ്ങി. ഉരുണ്ടു കൊഴുത്ത മുഴയ്ക്ക് പകരം അതിനൊരു കൂര്‍ത്ത
അഗ്രമാണ് ഉണ്ടായതെന്ന് മാത്രം. സത്യം പറഞ്ഞാല്‍ ശരിക്കുമുള്ള കൊമ്പ്.
ത്രേസ്യാമ്മ, കൊമ്പിനെ ഗൗനിച്ചതേയില്ല. ഒരു കാലത്ത് കൊമ്പു കുലുക്കി അവളെ അടക്കി വാണിരുന്ന അയാളെ മഠത്തിലെ കന്യാസ്ത്രീകളാണ് ധ്യാനം കൂടിപ്പിച്ച് നന്നാക്കിയത്.
പഴയ മനുഷ്യനിലേക്കുള്ള യാത്ര അയാളുടെയും ഭാര്യയുടേയും മഠത്തിലെ ജോലികളില്‍ നിന്നുള്ള
കുടിയിറക്കായിരിക്കുമെന്ന് അയാള്‍ക്ക് നന്നായറിയാം. അവള്‍ പതിവുപോലെ വെളുപ്പാന്‍ കാലത്ത് ഉണര്‍ന്ന് പ്രാര്‍ത്ഥിച്ച്, മഠത്തിലെ അടുക്കള തേടിപ്പോയി. ഭാര്യയുടെ പക്കല്‍നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ വകയില്ലെന്ന് അയാളുടെ മനസ്സ് പറഞ്ഞു.
അതോണ്ട്, അയാള്‍ നേരെ മഠത്തിലെ ഡോക്ടര്‍ സിസ്റ്ററിന്റെ അടുക്കലെത്തി കൊമ്പ് കാണിച്ചു. അയാള്‍ പറയുന്നതെല്ലാം വിശദമയി കേട്ട്, ഒടുക്കം സിസ്റ്റര്‍ അയാളോട് പറഞ്ഞു.
'സെബാട്ടി ചേട്ടാ, അടി നിര്‍ത്തി പുക തുടങ്ങിയാ....? ഏതാ ഐറ്റം?'
സെബാട്ടി ഡോക്ടറമ്മയെ തറപ്പിച്ചൊന്ന് നോക്കി ആ മുറിയില്‍ നിന്നും ഇറങ്ങി പോന്നു. പിന്നെ ആ വഴി പോയിട്ടില്ല. പക്ഷേ പ്രശ്‌നം അതല്ല, തൊപ്പിയില്‍ ഒളിപ്പിക്കാന്‍ കഴിയാത്ത വിധം അത് വളര്‍ന്ന് വരുന്നു. മൊഴകളൊക്കെ ക്യാന്‍സറാവാന്‍ സാധ്യത ഉണ്ടെന്ന് ചായക്കടയിലെ നാട്ടുവര്‍ത്താനത്തിന്റെ ഇടേന്ന് അറിഞ്ഞതോടെ സെബാട്ടി ശരിക്കും പേടിച്ചു. വീര്‍ത്തുവന്ന വയറ്, ശ്രദ്ധിയ്ക്കാണ്ട് പിന്നേം മൂക്കുമുട്ടെ കുടിച്ച് നടന്ന സന്ധ്യാവ് പടമായത്, വയറ്റില്‍ മൊഴ ഉള്ളോണ്ടാത്രേ.
മഠത്തിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍, മാര്‍ക്കറ്റില്‍ പോയപ്പോഴാണ് ടൗണിലൊരിടത്ത് തലങ്ങും വിലങ്ങും നടക്കണ മൂരിക്കുട്ടന്മാര്‍ കണ്ണിലുടക്കിയത്. സെബാട്ടിയുടെ ഉള്ളൊന്ന് തിളച്ചു. നാലുകാലില്‍ നിലയുറപ്പിച്ച തന്റെ രൂപമാണ് മനസ്സില്‍ തെളിഞ്ഞു വന്നത്. സ്വജാതിയെ കണ്ട സന്തോഷത്തില്‍ മൂരിക്കുട്ടന്മാര്‍ തലയിട്ടിളക്കി സ്വരമുയര്‍ത്തി.
അതോടെ, സെബാട്ടി അമ്പാടെ തകര്‍ന്നു. മനുഷ്യരൊന്നും തിരിച്ചറിയാത്ത തന്റെ ധര്‍മ്മസങ്കടം മൃഗങ്ങള്‍ മനസ്സിലാക്കുന്നല്ലോ എന്നോര്‍ത്ത് സന്തോഷവും സങ്കടവും തോന്നി. കൊമ്പ് സെബാട്ടി എന്നുള്ള വിളിയുമായ് ജീവിതം മുന്നോട്ട് പോകണമെന്നും ചത്ത് കഴിഞ്ഞ് കുഴിച്ചിടാന്‍ നേരം കൊമ്പൊതുക്കി കിടക്കാന്‍ പാകത്തില്‍ സ്‌പെഷ്യല്‍ മഞ്ചയുണ്ടാക്കണമെന്നല്ലോ എന്നൊക്കെയോര്‍ത്ത് അയാള്‍ സങ്കടപ്പെട്ടു. ഒന്നുറക്കെ കരയാന്‍ തോന്നിയപ്പോള്‍ നാലെണ്ണം വീശി അയാള്‍ അടുത്തു കണ്ട പള്ളിയില്‍ കയറി.
പള്ളീടെ മുന്‍വാതില്‍ അടച്ചിട്ടിരുന്നു. തുറന്ന് കിടന്ന സൈഡ് വാതില്‍ വഴി അകത്തു കയറും നേരമാണ്
അന്തോണീസ് പുണ്യാളന്റെ രൂപത്തിന് മുന്നിലെ നേര്‍ച്ചപ്പെട്ടി കണ്ണിലുടക്കിയത്. പോക്കറ്റില്‍ നിന്നും
അമ്പതു രൂപാ അതിലിട്ട് കണ്ണടച്ച് മനമുരുകി പ്രാര്‍ത്ഥിച്ചു. അന്നേരമാണ് സെബാട്ടിയ്ക്ക് വെളിപാട് ഉണ്ടായത്
കൊമ്പു മുളച്ചതിന്റെ നാല്പത്തിയൊന്ന് ദിവസം മുന്‍പത്തെ രാത്രി. മഠത്തിലെ പണിക്കാരന്‍ ബാബു നാട്ടില്‍ പോണ ദിവസം, ബാബൂന്റെ ചങ്ങാതി സക്കീര്‍ ബാബുവിന്റെ പെട്ടിയൊന്ന് തന്നെ ഏല്‍പ്പിച്ചത് ഇപ്പോഴും ചായ്പ്പിലുണ്ടോ? അത് തുറന്ന് താന്‍ അടിച്ചു മാറ്റിയ ഷര്‍ട്ടിലാണ് തന്റെ ശരീരമിപ്പോള്‍ നിലകൊള്ളുന്നത് എന്നോര്‍ത്തതും സെബാട്ടിക്ക് ശരീരം പൊളളി. അന്ന് ഛോട്ടാ ബാബുവിനെ നാട്ടിലേക്ക് വിടാന്‍ റെയില്‍വേ സ്റ്റേഷനില്‍ സക്കീറും പോകുന്നുവെന്ന് പറഞ്ഞിരുന്നു.
'ബാബുഭായ്.... നാട്ടില്‍ പോയ് വരുമ്പോ എന്ത് കൊണ്ടരും?'
'മേരേ ചാന്ദ്‌നി ഭീ മേരെ സാത്ത് ഹോഗേ'
മറുപടി കേട്ട് താനവനെ നുള്ളിയതോര്‍ക്കുന്നു. രണ്ടാഴ്ച ദിവസം കഴിഞ്ഞും ബാബുവെത്താതെയായപ്പോള്‍ അവന്‍, നാട്ടിലെ കലാപത്തിലകപ്പെട്ടെന്ന് സക്കീര്‍ ഭായ്. പക്ഷേ സക്കീറിന്റെ പഴ്‌സില്‍ കണ്ട നോട്ടുകെട്ടുകള്‍. സക്കീറിനെവിടുന്ന് ഇത്രയും കാശ്?
ചോദ്യമുയര്‍ന്ന നേരം തന്നെ, സെബാട്ടിയുടെ വണ്ടി കുതിച്ചു. മുന്നില്‍ പോണ വണ്ടികളും പിന്നോട്ടോടിയ
കെട്ടിടങ്ങളും സെബാട്ടിയുടെ മരണപ്പാച്ചില്‍ കണ്ട് അന്തം വിട്ടു
ബാബു എവിടെ? സക്കീര്‍ ഇപ്പോഴും അവിടെ നടപ്പുണ്ട്. ആ രാത്രിചിത്രങ്ങള്‍ വീണ്ടുമൊരാവര്‍ത്തി സെബാട്ടിയുടെ മുന്നിലോടൊഴുകി. സെബാട്ടിയുടെ കാലുകള്‍ ആക്‌സിലേറ്ററില്‍ ആഞ്ഞാഞ്ഞു ചവിട്ടി. കൊമ്പുകള്‍ക്ക് നീളം വെയ്ക്കുന്നതായും തൊപ്പിയെ തുളച്ച് അത് പുറത്തുവരുന്നതായും അയാളറിഞ്ഞു.
വണ്ടി മീത്തിലെത്തുമ്പോള്‍, നേരം ഇരുളിയിരുന്നു. മുറികളിലെ വെളിച്ചമണയുന്നതുവരെ അയാള്‍
കാത്തിരുന്നു. കൈയിലൊരു തൂമ്പയുമായ് ഇരുളിന്റെ മറവില്‍ അയാള്‍ വാഴത്തോട്ടത്തിലെത്തി.
ബാബു പോയ ശേഷം സക്കീറുമായാണ് ഒരുരാത്രി മദ്യപിക്കാന്‍ കൂടിയത. അന്നാണ് തലയ്ക്ക് പിടിച്ച മദ്യം സക്കീറിനെക്കൊണ്ട് വലിയ വായില്‍ കരയിപ്പിച്ചതും ഈ തോട്ടത്തിലെത്തിച്ചതും. മണ്ണിനെ കെട്ടിപ്പിടിച്ച് സക്കീര്‍ ബാബുവിന്റെ പേര് പറഞ്ഞ് കരഞ്ഞു. തള്ളിനുമൊടുവില്‍ തലയിലെന്തോ കൊണ്ട് സക്കീര്‍ ഒന്ന് താങ്ങി. അതെ, അന്ന് പോയ വെളിവാണ്. ഇന്ന് തിരിച്ചെത്തിയത്.
സെബാട്ടി, മണ്ണില്‍ ആഞ്ഞാഞ്ഞ് വെട്ടി, സക്കീര്‍ ഭായ് കെട്ടിപ്പിടിച്ചു കരഞ്ഞ അതേ സ്ഥലത്ത്. പ്രയാസപ്പെടേണ്ടി വന്നില്ല, പ്രേതത്തിന്റെ ശരീര ഭാഗങ്ങള്‍ പതിയെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതും
ബാബുവെഴുന്നേറ്റ് വന്ന് സെബാട്ടിയുടെ കൊങ്ങക്ക് പിടിച്ചതും ഒപ്പമായിരുന്നു.
കണ്ണു തുറക്കുമ്പോള്‍, ചുറ്റും മനുഷ്യരാണ്. പോലീസും മീഡിയയും അച്ചന്‍മാരും കന്യാസ്ത്രീകളും. നേരം വെളുത്തിരിക്കുന്നു.
ചോദ്യങ്ങള്‍, വാക് പോരുകള്‍. തെളിവെടുപ്പുകള്‍. സെബാട്ടി പറഞ്ഞതൊന്നും ആരും വിശ്വസിച്ചില്ല.
ജയിലില്‍ സെബാട്ടി കുന്തിച്ചിരുന്നു കൊമ്പ് തടവി. കൊമ്പിനൊരല്‍പ്പം ശമനമുണ്ടോ, അയാള്‍ അളവെടുക്കാന്‍ ശ്രമിച്ചു. ഓര്‍മകളൊക്കെ നൂലുണ്ട കണക്കേ കെട്ടിപ്പിടിച്ച് കിടക്കുന്നു. അവ്യക്തമായ
രൂപങ്ങള്‍ നിഴലില്‍ നൃത്തംചെയ്യുന്നു. കരഞ്ഞു കലങ്ങിയ കണ്ണുമായ്, ഒരു കൊച്ചുപെണ്ണ് മണ്ണിലിരുന്
നിലവിളിക്കുന്നു. ഓര്‍മ്മകള്‍ ചുരണ്ടിയെടുക്കുന്ന കൂട്ടത്തില്‍ സക്കീര്‍, നോട്ടുമാലകള്‍ തന്റെ കഴുത്തിലണിയിച്ച് പൊട്ടിച്ചിരിക്കുന്നു.
ചിന്തകള്‍ക്ക് മൂര്‍ച്ച കൂട്ടുവാന്‍ എന്ന വണ്ണം സക്കീര്‍, ഒരു ദിവസം അയാളെ കാണാന്‍ വന്നു. കൂടെ കരഞ്ഞു കലങ്ങിയ കണ്ണുമായ് ത്രേസ്യാമ്മയും ഉണ്ടായിരുന്നു.
'എന്നാലും മനുഷ്യാ, കഞ്ചാവടിച്ച് ആ പാവത്തിനെ നിങ്ങളെന്തിന്?'
ത്രേസ്യ നെഞ്ചത്തടിച്ചു കരഞ്ഞു. ബോധം കെട്ടു. സക്കീര്‍ അവരെ താങ്ങി തറയില്‍ പിടിച്ചിരുത്തി.
സെബാട്ടി വീണ്ടും ചിന്തയില്‍ മുഴുകി.
സത്യത്തില്‍ ഇനി ഞാനാണോ അവനെ തട്ടിയത്?
മണ്ണില്‍ കുഴിച്ചിട്ട് പെട്ടി അടിച്ചു മാറ്റിയത്?
പാപം ചെയ്തത് കൊണ്ടാണോ എനിക്ക് സാത്താനെ പോലെ കൊമ്പ് മുളച്ചത്?
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...