ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് ഷിഫാന സലിം എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Short Story by Shifana Salim 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Add Asianetnews as a Preferred SourcegooglePreferred

നാരങ്ങാ മിട്ടായിയുടെ രുചി

നാരങ്ങാ മിട്ടായിയുടെ രുചിയായിരുന്നു അവളുടെ ഉമിനീരിന്, അവളുടെ ഓരോ അധരങ്ങള്‍ ചുംബിക്കുമ്പോഴും എനിക്ക് ചെറുപ്പത്തില്‍ ജാനു വാങ്ങിച്ചു തന്ന രണ്ടു പൈസയുടെ നാരങ്ങാ മിട്ടായി ഓര്‍മ വന്നു.

ജാനു സുന്ദരിയായിരുന്നു, വിശന്നു വലഞ്ഞു ഞാനൊരു പട്ടിയെ പോലെ അവളുടെ അടുക്കളക്കരികില്‍ പോകുമ്പോഴെല്ലാം, കൊറച്ചെങ്കിലും വറ്റുള്ള കഞ്ഞി തന്നത് എനിക്കവളാണ്. അവളെന്ന് പറയാന്‍ പാടില്ലെന്ന് കൂടെ വന്ന ചാത്തന്‍ പറഞ്ഞ മുതലാണ് പല്ലു പൊന്തിയ വിളര്‍ത്ത ചുണ്ടുള്ള ജാനുവിനെ ഞാന്‍ ''ജാനുവേച്ചി'' എന്ന് വിളിക്കാന്‍ തുടങ്ങിയത്.

ഒറ്റക്ക് താമസിക്കുന്ന ജാനുവിന് മക്കളില്ലായിരുന്നു , എന്നെ കാണുമ്പോഴെല്ലാം അവരെന്റെ തലയില്‍ തലോടി. ''കുപ്പി പാട്ട പഴയ പാത്രങ്ങള്‍ വില്‍ക്കാനുണ്ടോന്ന്'' ചോദിച്ചു ഞാനാര്‍ക്കുമ്പോഴെല്ലാം അവരെനിക്ക് എന്തെങ്കിലും തിന്നാന്‍ തന്നു. ഇടക്ക് പൈസ വാങ്ങിക്കാതെ ചെറിയ പൊട്ടിയ പാട്ടകളും ചുളുങ്ങിയ കുടുക്കകളും തന്നു. പിന്നെ വല്ലപ്പോഴുമൊക്കെ മഞ്ഞ നിറത്തിലുള്ള നാരങ്ങാ മുട്ടായിയും തന്നു. ചാത്തന്‍ അപ്പോഴെല്ലാം എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു.

അത് കൊണ്ടാണ് അവളെ ഉമ്മ വെച്ചപ്പോഴെല്ലാം എനിക്ക് നാരങ്ങാ മുട്ടായിയുടെ മണത്തിനൊപ്പം ജാനുവിനെ കൂടി ഓര്‍മ വന്നത്.

കുട്ടിത്തം ഓടി കടന്നു പോയി. ഒന്നും രണ്ടും സമ്പാദിച്ചു അന്ന് വയനാട്ടിലേക്ക് കുടിയേറി പാര്‍ത്തവരുടെ കൂട്ടത്തില്‍ പെട്ട് പോയ ഞാന്‍ പിന്നെ കൃഷി തുടങ്ങുന്നതും കച്ചവടക്കാരനാകുന്നതുമെല്ലാം പിന്നെയാണ്.

അങ്ങനെയൊരു പെണ്ണും കെട്ടി രണ്ട് കുട്ടികളുമായി നാല്പതിന്റെ നിറവില്‍ നില്‍ക്കുമ്പോഴാണ്

ബസില്‍ വെച്ച് ഞാനവളെ കാണുന്നത്. മഞ്ഞ സാരിയുടുത്ത ആ പെണ്‍കിടാവ് എന്റെയടുത്തിരുന്നു. കോഴിക്കോടേക്ക് ടിക്കറ്റ് എന്ന് കണ്ടക്ടറോട് പറഞ്ഞപ്പോള്‍ അവളുടെ മുന്നിലെ രണ്ടു പല്ലുകള്‍ക്കിടയിലൂടെ തുപ്പല്‍ മുന്‍പിലേക്ക് തെറിച്ചു, അപ്പോഴാണ് നാരങ്ങാ മിട്ടായിയുടെ മണമുള്ള മറ്റൊരു പെണ്ണിനെ ഞാന്‍ കാണുന്നത്. വെളുത്തു മെലിഞ്ഞ ചെറുതായി പല്ലു പൊന്തിയ അവളെ കണ്ടപ്പോള്‍,

അവളെ എനിക്ക് മൂപ്പെത്താത്ത പ്രായത്തില്‍ സ്‌നേഹം തോന്നിയ ജാനുവിനെ ഓര്‍മ വന്നു.

അങ്ങനെയാണ് അവളോട് മിണ്ടിയും പറഞ്ഞും നാല് മാസക്കാലത്തിനു ശേഷം ഞാനവളെ ഈ ലോഡ്ജില്‍ കൊണ്ട് വരുന്നത്. ബസില്‍ നിന്നിറങ്ങുന്നതിന് മുന്‍പേ ഞാനവളെ നോക്കിയിരുന്ന് അനുരാഗ പൂര്‍വം ചിരിച്ചത് കൊണ്ടായിരിക്കണം അവളെനിക്ക് ഞാന്‍ ചോദിച്ചപ്പോഴേ ഇറങ്ങുമ്പോ നമ്പര്‍ തന്നു.

ഇടക്കെല്ലാം ഞാനവളെ വിളിച്ചു, രണ്ടു കുട്ടികളുടെ തന്തയാണ് ഞാനെന്ന് മറച്ചു വെച്ച്, പൊന്നെ പ്രാണനെ എന്ന് കുറുകി, കോഴിക്കോടിലെ കടലാഴങ്ങളുടെ തീരത്തു വെച്ചു ഞങ്ങള്‍ സൂര്യാസ്തമയം കണ്ടു, ഐസ്‌ക്രീം കഴിച്ചു. അങ്ങനെ അവളുടെ വിശ്വാസത്തിന്റെ അവസാനത്തെ കണികയും നേടിയതിനു പിന്നാലെയാണ്, പുഷ്പം ലോഡ്ജില്‍ ഞാന്‍ മുറിയെടുത്തു അവളെ വിളിപ്പിച്ചത്.

വാതില്‍ തുറന്ന പാടെ ഞാനവളെ ചുംബിച്ചു നാരങ്ങാ മിട്ടായിയുടെ മണം..ജാനുവിന്റെ മണം..ഞാന്‍ വലിച്ചെടുത്തു. ആ ചുംബനത്തിന് ശേഷം, അവളുടെ കണ്ണുകളില്‍ കണ്ണുനീര്‍ നിറയുന്നതും വിക്കി വിക്കി അവള്‍ എന്തൊക്കെയോ കരയുകയും പറയുകയും ചെയ്യുന്നത് ഞാന് കേട്ടു.

'എന്റെ ജീവിതത്തില്‍ ആരുമെന്നെ ഇത്ര സ്‌നേഹിച്ചിട്ടില്ല.. എന്നെ പൊന്നെ യെന്നോ പ്രാണനെ യെന്നോ വിളിക്കാന്‍ ഒരു മനുഷ്യന്‍ വരുമെന്ന് കൂടി ഞാന്‍ വിചാരിച്ചില്ല.. ഇനിയിപ്പോ നിങ്ങളെന്നെ പറ്റിക്കയാണെങ്കില്‍ കൂടി, നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു..നിങ്ങളുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ ഞാനാഗ്രഹിക്കുന്നു.'

അവള്‍ പറഞ്ഞു.

ഇളം നീല സാരിയില്‍ പൂക്കളുള്ള കൊലുന്നനെയുള്ള അവളെന്റെ മുന്നില്‍ നിന്ന് കരഞ്ഞപ്പോള്‍ ഞാന്‍ ജാനുവിനെ ഓര്‍ത്തു.

ജാനൂന്റെ വീട്ടിന്ന് ഔസേപ്പിനെ പിടിച്ചെയെന്നുള്ള നട്ടപ്പാതിരയ്ക്കുള്ള കൂവലോര്‍ത്തു,

ഉറക്കം മറന്ന് രാത്രി രണ്ടു മണിക്ക് കൊറേ മനുഷ്യര്‍ മേല്‍മുണ്ടില്ലാത്ത ജാനുവിനെ കുറ്റ വിചാരണ ചെയ്തതോര്‍ത്തു, ഔസെപ്പിന്റെ കെട്ടിയോള്‍ അവളുടെ കരണം നോക്കി അടിച്ച അടികളോര്‍ത്തു.

ഇപ്പൊ നിങ്ങള്‍ക്കെന്നെ സ്‌നേഹമാണെന്ന് പറയുന്നില്ലേയെന്ന് നിങ്ങള്‍ പറഞ്ഞ കെട്ടു താലി ഇവര്‍ക്ക് മുന്‍പില്‍ വെച്ചു കെട്ടുന്നില്ലേയെന്ന് തലകുനിച്ചു നില്‍ക്കുന്ന ഔസേപ്പിനോട് കണ്ണില്‍ കണ്ണീരുമായി ചോദിച്ച ജാനുവിനെയോര്‍ത്തു. പിറ്റേന്ന് മുതല്‍ അനാഥയായ അവളുടെ വീടിനെയോര്‍ത്തു..

അത് വരെ വീര്‍ത്തു പൊട്ടാനിരുന്ന എന്റെ ഉദ്ധാരണം താനെ കാറ്റഴിച്ചു വിട്ട ബലൂണ് പോലെയായി,

അവളുടെ കണ്ണ് നീര് തുടച്ചു ഞാന്‍ വാതില്‍ തുറന്നു കൊടുത്തു, അപ്പോള്‍ അവള്‍ എനിക്ക് മറ്റൊരു ജാനു ആവണ്ടായിരുന്നു, എനിക്ക് മറ്റൊരു ഔസേപ്പും ആകണ്ടായിരുന്നു.

സാരി വലിച്ചു ചുറ്റി അവള്‍ എന്റെ മുന്നിലൂടെ നടന്നു പോയി.. തിരിഞ്ഞു നോക്കാതെ ഞങ്ങള്‍ പരസ്പരം യാത്ര പറഞ്ഞു. അന്ന് മുതല്‍ എന്റെ സ്വപ്നങ്ങളിലെ പ്രണയത്തില്‍ നാരങ്ങാ മിട്ടായിയുടെ മണമില്ലതായി. ജാനുവില്ലാതെയായി.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...