
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഒന്നാം ഭാഗം/ 1
നെറ്റിയിലെ മുറിവില്‍ നിന്ന് രണ്ടു കുഞ്ഞന്‍ ചുവന്നപാമ്പുകള്‍ ഇഴഞ്ഞ് അബിയുടെ മൂക്കുവരെ വന്നു. തല കുടഞ്ഞപ്പോള്‍ അവ മുണ്ടിലേക്ക് വീണ് ചോര കക്കിയിട്ടു. അബി ഞെട്ടിയെഴുന്നേറ്റു. ചുറ്റും കൈയ്യടി. ഇന്റര്‍വെല്ലായി. അപ്പോള്‍ ഫസ്റ്റ് ഹാഫ് മുഴുവന്‍ ഉറങ്ങി.
അബി പുറത്തിറങ്ങി കുപ്പിവെള്ളം വാങ്ങി, കൈയ്യിലിരുന്ന പെയിന്‍കില്ലറൊരെണ്ണം എടുത്ത് കഴിച്ചുകൊണ്ട് നെറ്റിയില്‍ തടവി. ഒന്നു പൊട്ടിയപ്പോള്‍ രണ്ടാമതിട്ട സ്റ്റിച്ചാ. ഇനി പൊട്ടിയാ പാടാ!
സെക്കണ്ട് ഹാഫാണ് രസം. മുഴുവന്‍ ഇടിയാണ്. അമ്മയ്ക്ക് ഇഷ്ടാകും. പക്ഷേ, ഒച്ചകൂടുമ്പോള്‍ അബിക്ക് മാളിലെ മള്‍ട്ടിപ്ലക്‌സില്‍ ഉറങ്ങാതെ ഫസ്റ്റ് ഹാഫ് കണ്ട ദിവസം ഓര്‍മ്മ വരും; അന്ന്‌നെറ്റിയില്‍ നിന്നും ചീറ്റിയ ചോര, യൂറിനലില്‍ നിന്ന് വായിലേക്ക് വീണ മൂത്രം, അണഞ്ഞു കത്തിയ എല്‍.ഇ.ഡി ട്യൂബിന്റെ കാട്ടുതീ പോലത്തെ വെട്ടം.
പടം കഴിഞ്ഞ് അബിയും അമ്മയും ഓട്ടോയില്‍ കേറി. വീട്ടില്‍ നിന്നും കഷ്ടി ഒരു കിലോമീറ്ററെ ഉള്ളു അഞ്ചലിലെ രണ്ട് തീയറ്ററിലോട്ടും. എന്നാലും, അമ്മയ്ക്ക് പേടിയായോണ്ടാണ് ബൈക്ക് എടുക്കാഞ്ഞത്. അങ്കണവാടിക്ക് മുന്നില്‍ ഓട്ടോ നിന്നു. അതിന്റെ സൈഡിലൂടെ പുതിയ കോണ്‍ക്രീറ്റ് റോഡുണ്ട്. ഓട്ടോയ്ക്ക് ഒക്കെ സുഖവായിട്ട് വീടുവരെ വരാന്‍ പറ്റും. പക്ഷേ, അവരാരും വരത്തില്ല.
വീട് കത്തുന്നത് ആദ്യം കണ്ടത് അമ്മയാണ്. അമ്മ നിന്നപ്പോള്‍, അബി വീട്ടിലേക്കോടി.
മുറ്റത്തിരുന്ന ബൈക്ക് കത്തിതീരാറായി. എന്നാലും അബി ആഞ്ഞു ചവിട്ടി. സെന്റര്‍ സ്റ്റാന്‍ഡ് മാറി ഒറ്റ കുതിപ്പിന് കോണ്‍ക്രീറ്റ് റോഡിനപ്പുറത്തെ ചാലിലേക്ക് ബൈക്ക് ചെന്നുവീണു. പൊള്ളിയതിന്റെ പക വെള്ളം കാട്ടി. പുക പൊങ്ങി.
പച്ച നെറ്റടിച്ച കൂട്ടിനകത്തെ മരം നിന്ന് കത്തുന്നു. ചുറ്റും തീയുണ്ടകള്‍ ചിറകടിക്കുന്നു. അബി കൂട് തുറന്നു. ഉല്‍ക്കകള്‍ പോലെ മൂന്നെണ്ണം അവന്റെ കാലിനരികിലേക്ക് വന്നു വീണു.
അബി വീടിന്റെ പുറകിലേക്കോടി. ചുവന്ന കട്ട അടുക്കിയതിന്റെ അകത്തു കിടക്കുന്ന പെങ്ങടെ മുകളില്‍ വളര്‍ന്ന അരുളി കരിഞ്ഞ് ചാമ്പലായി.
ഒന്നാം ഭാഗം/ 2
അബിയുടെ പെങ്ങള്‍ മരിച്ച അന്ന് വൈകിട്ട്, കാര്യസ്ഥന്‍ പിള്ള വരാന്തയിലെ മേശപ്പുറത്തേക്ക് ഇലയപ്പവും, കട്ടനും കൊണ്ടുവച്ചു. ചാരുകസേരയില്‍ കിടക്കുന്ന ശ്രീനിയുടെ കൈയ്യിലിരുന്ന പരുന്ത് ചാടി ഹാന്റ് റെയിലിലേക്കു മാറി. പിള്ള കൊടുത്ത ഇലയപ്പത്തിന്റെ പൊതിയിലെ ഈര്‍ക്കില്‍ ശ്രീനി വലിച്ചൂരി. പരുന്ത് ഒന്നു ഞെട്ടി. പിന്നെ പറന്ന് പട്ടിയില്ലാത്ത കൂടിന്റെ പുറത്തേക്ക് ചെന്നിരുന്ന് പുറകിലുള്ള അബിയുടെ വീട്ടിലേക്ക് നോക്കി. അവിടെ അബിയുടെ അച്ഛന്‍ ബോബന്‍ തന്റെ മകളെ അടക്കിയതിന്റെ മുകളിലെ മണ്ണ് തൂമ്പകൊണ്ട് ഉറപ്പിക്കുകയായിരുന്നു.
ശ്രീനി ഇലപ്പൊതി മുറ്റത്തേക്കെറിഞ്ഞു: ''ഒരുപൂച്ച ചത്താപോലും ഞാനെന്റെ അയ്യത്ത് കുഴിച്ചിടത്തില്ല. ആ എന്റെ അയലോക്കത്ത് ഒരു പെണ്ണിനെ കുഴിച്ചിട്ടേക്കുന്ന്. എന്നും കെളച്ചുതരും എന്ന് പറഞ്ഞ് പുരേടം കൊടുത്ത തന്തമാരെ പറഞ്ഞാ മതി.''
പിള്ള കട്ടനൊന്ന് ഊതി തണുപ്പിച്ചു:''തൂങ്ങിയതായോണ്ട് സെമിത്തേരിയില്‍ പറ്റത്തില്ലെന്ന് പറഞ്ഞ് ഉടക്കായി.''
''അതാ തൂങ്ങിനിന്നതാ പ്രശ്‌നം. പൊടിപോലും ബാക്കിയില്ലാതെ കത്തണമായിരുന്നു. അല്ലേല്‍ തന്നെ ഇവനൊക്കെ എന്നാ പള്ളീല്‍ കേറി തൊടങ്ങിയേന്ന് അവര്‍ക്കറിയത്തില്ലേ?''
രാത്രി, മണ്ണെണ്ണ കന്നാസും പിടിച്ച് ശ്രീനിയുടെ പുറകില്‍ നടക്കുമ്പോള്‍ പിള്ള വിറച്ചു:''കത്തിക്കണോ?''
''കുറ്റികെട്ടി ഒണ്ടാക്കിയ ഒരു തൊലിഞ്ഞ വേലിയും, കൊറേ പറിഞ്ഞ കിളിയും അല്ലേ? അല്ലാതെ അവനേം പെണ്ണുമ്പിള്ളേനേം ആ ചെറക്കനേം അല്ലല്ലോ?'' ശ്രീനി പിള്ളയുടെ കൈയ്യില്‍ നിന്ന് കന്നാസ് പിടിച്ചു വാങ്ങി: ''ആ കിളീടെയൊക്കെ നാറ്റോം കൊണ്ട് അതിന്റെ മൂട്ടികെടന്ന് ഇവനൊക്കെ എങ്ങനാ ഒറങ്ങുന്നേ?''
മുകളിലൊരു വെട്ടവും, ചുറ്റും ചൂടുള്ളൊരു കാറ്റും. പിള്ള ശ്രീനിയെ പിടിച്ച് തറേലിരുത്തി:''അതിലോട്ട് നോക്കല്ലേ കത്തും! വരത്തുപോക്കാ. താഴെ കാവീന്ന് മേലെ കാവില് പോന്നതാ.''
ശ്രീനി നോക്കി. ഇരുണ്ടൊരു സൂര്യനും, അതിന്റെ ചുറ്റും കുറേ കറങ്ങുന്ന തീഗോളങ്ങളും.
അകം തിളങ്ങുന്ന കണ്ട് പേടിച്ച് പിള്ള ശ്രീനിയുടെ കൈയ്യില്‍ നിന്ന്കന്നാസ് വലിച്ചെടുത്തെറിഞ്ഞു. അബിയുടെ വീട്ടിലേക്ക് നാറ്റം പിടിച്ച വെള്ളം ഒഴുക്കി വിടാനായി അതിരിനടുത്ത് ശ്രീനി കെട്ടിയുണ്ടാക്കിയ ഷീറ്റുപുരയിലേക്ക് കന്നാസ്സ് ചെന്ന് വീണ് തീപിടിച്ചു!
''ലക്ഷങ്ങളാ പിള്ളേ!''
രണ്ടാം ഭാഗം/ 1
കത്തികൊണ്ടിരിക്കുന്ന വീട്ടില്‍ നിന്ന് അബി തിരികെ കോണ്‍ക്രീറ്റ് റോഡില്‍ തളര്‍ന്നിരിക്കുന്ന അമ്മയുടെ അരികിലേക്കോടിയെത്തി. അവരുടെ പഴ്‌സ് തുറന്ന് അവന്‍ ഫോണെടുത്തു. മാളില്‍ വെച്ച് ഫസ്റ്റ് ഹാഫ് കണ്ട ദിവസം അബിയുടെ പുത്തന്‍ ഫോണ്‍ പൊട്ടിപ്പോയതാണ്. പിന്നെ പഴയതില്‍ സിമ്മിടാന്‍ അവന് തോന്നിയില്ല. എന്തേലും ആവശ്യം വന്നാല്‍ ഇതുപോലെ അമ്മയുടെ ഫോണെടുത്ത് വിളിക്കും.
ലിജോ ഫോണെടുത്തില്ല. ''എടാ എന്റെ കാറ് കത്തി.'' എന്നു പറഞ്ഞ് അതുല്‍ ഫോണ്‍ വെച്ചു. അപ്പോള്‍ ലിജോ തിരിച്ചു വിളിച്ചു:''ഷെഡിന് തീപിടിച്ചെടാ. നമ്മടെ ജെസിബിയും ടിപ്പറുമെല്ലാം കത്തി. നീ വെക്കം കേറി വാ.''അബി ആകെ അങ്ങോട്ട് സംസാരിച്ചത് തുണിക്കട സാബുവിനോടായിരുന്നു. സാബുവും, മൂത്ത മോനും കോണ്‍ക്രീറ്റ് റോഡിലൂടെ ആള്‍ട്ടോകാറിലെത്തി. അബി അമ്മയെ പിടിച്ചെഴുന്നേല്‍പ്പിച്ച് ആ കാറിലിരുത്തി.
അതുലിന്റെ കാര്‍ കത്തിത്തീര്‍ന്നതുകൊണ്ട്, ലിജോയുടെഷെഡിലേക്കും അബിയുടെ വീട്ടിലേക്കും മാത്രമായിരുന്നു പുനലൂരില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് വണ്ടി വിട്ടത്.
വീട്ടിലേക്കുള്ള വണ്ടി അങ്കണവാടിക്ക് മുന്നില്‍ നിന്നു. അവിടുന്നങ്ങോട്ട് വഴി പോര. പിന്നെ തിരിച്ച് ഷെഡിന്റെ മുന്നിലൂടെ ശ്രീനിയുടെ ഗേറ്റിനരികില്‍ എത്തി. സാബു എത്ര വിളിച്ചിട്ടും ശ്രീനിയെ കിട്ടിയില്ല. അവസാനം സാബു മതിലുചാടി അകത്ത് കേറി ഗേറ്റ് തുറന്നു. വണ്ടി ശ്രീനിയുടെ വീടിന്റെ പുറകുവശം വരെ വന്നു. അവിടുന്ന് അബിയുടെ വീട്ടിലേക്ക് ഹോസ് വലിച്ചു.
രണ്ടാം ഭാഗം/ 2
ശ്രീനിയുടെ വീടിന്റെ വലതുവശത്ത് ലിജോയുടെ ഷെഡ്, പുറകില്‍ അബിയുടെ വീട്. പക്ഷേ, അബിയുടെ വീട്ടിലോട്ട് പോകാന്‍ ഷെഡിനപ്പുറത്തെ ഇടവഴിയിലൂടെ അങ്കണവാടിക്കുമുന്നില്‍ വന്ന്,അതിന്റെ സൈഡിലൂടെയുള്ള ഇടുങ്ങിയകോണ്‍ക്രീറ്റ് വഴിയിലൂടെ പോകണം.
ശ്രീനിയുടെ വീടിന് മുന്നിലെ വഴിക്കപ്പുറത്താണ് അയാളുടെ അച്ഛന്‍ ദിവാകരന്‍ കൊച്ചുമകന്, അതായത് ശ്രീനിയുടെ ഏക മകന്‍ ഷൈജുവിന് കൊടുത്ത അഞ്ചര ഏക്കര്‍ കിടക്കുന്നത്. ഷീറ്റു പുരകത്തിയ രാത്രിയില്‍ പിള്ള പറഞ്ഞ കാവ് അഞ്ചര ഏക്കറിന്റെ അറ്റത്ത് തൊട്ടൊഴുകുന്ന തോടിന്റെ നടുവിലെ പാറക്കെട്ടിലാണ്.
ഷൈജുവും ശ്രീനിയും തമ്മില്‍ നല്ല ഇരിപ്പുവശമല്ലാത്തതുകൊണ്ട്, അഞ്ചര ഏക്കര്‍ പലവട്ടം വില്‍ക്കാന്‍ ഷൈജു നോക്കിയതാണ്. ശ്രീനി അതെല്ലാം മുടക്കി.
മുതലാളിമാരുടെ തലകള്‍ വെട്ടിയെടുക്കപ്പെടുന്ന എഴുപതുകളിലെ വിപ്ലവകാലത്ത്, അഞ്ചര ഏക്കര്‍ പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടാന്‍ കുശിനിമുക്കിലെ ചിലര്‍ പദ്ധതിയിടുന്നെന്ന് ദിവാകരന്‍ അറിഞ്ഞു.
മഴക്കാലത്ത് പാമ്പുകള്‍ ഒഴുകിവന്ന് കിടക്കുന്ന തോടിന് നടുവിലെ പാറക്കെട്ടില്‍ ദിവാകരന്‍ വിളക്ക് കത്തിച്ചു. അവിടെക്കിടക്കുന്ന പത്തുതലയുള്ള സര്‍പ്പങ്ങളെയും, അവ തിന്നുന്ന അഞ്ചര ഏക്കറിലെ മാമ്പഴങ്ങളെയും, രാത്രി പറക്കുന്ന ഇരുണ്ട സൂര്യനെയും, അതിന്റെ ചുറ്റുമുള്ള തീഗോളങ്ങളെയും പറ്റി ദിവാകരന്റെ കാര്യസ്ഥനായിരുന്ന പിള്ളയുടെ അച്ഛന്‍ ചായക്കടകളിലിരുന്ന് എന്നും കടിച്ചുപറിച്ചു. അതോടെ വിപ്ലവം ഒരു വിദൂര സ്വപ്നമായി മാറി.
ഒരു രാത്രി വീട്ടിലെ പത്തായം കത്തുകയും, അതില്‍ പെട്ട് ദിവാകരന്‍ മരിക്കുകയും ചെയ്തു. അന്ന് ''കഥ കാര്യമായെടാ..'' എന്നൊരു നിലവിളി പത്തായത്തിലെ തീയുടെ ഉള്ളില്‍ നിന്ന് നൃത്തം ചെയ്യുന്നത് ശ്രീനി നല്ലപോലെ കണ്ടു.
ഷൈജു ഓണ്‍ലൈനിലിട്ട അഞ്ചര ഏക്കര്‍ വാങ്ങാന്‍ ഒരു പാര്‍ട്ടി റെഡിയായി എന്നറിഞ്ഞപ്പോള്‍ ''അവന്റെ പേരെന്തുവാ?'' എന്നു മാത്രം ശ്രീനി തിരക്കി. ''അതെങ്ങനെ ശരിയാവും വിളക്ക് കത്തിക്കുന്ന പുരേടവാ.''
മഴക്കാലത്ത് മഴപെയ്യാത്തൊരു രാത്രി നോക്കി കമ്പിപാരയുമെടുത്ത്, ശ്രീനി അഞ്ചര ഏക്കറിലൂടെ കാവിലേക്ക് വെട്ടിയ പുത്തന്‍ വഴിയിലൂടെ നടന്നു. പാതിരാത്രി ആരും അറിയാതെ ആ വഴി വെട്ടിയവന്മാരെ സിനിമ കാണാന്‍ മാളില്‍ വന്നപ്പോള്‍ തല്ലിയതിന്റെ ആവേശം അയാളില്‍ കത്തി നിന്നു.
ഇതിന് കൂട്ട് വിളിച്ചാല്‍ പിള്ള വരത്തില്ലെന്ന് ശ്രീനിക്ക് അറിയാമായിരുന്നു. കാരണം കാവിന്റെ കഥ പിള്ളയുടെ അച്ഛന്‍ ആദ്യം പറഞ്ഞത് പിള്ളയോടായിരുന്നു. പിള്ള അത് കൂട്ടുകാരോട് പറഞ്ഞു. കൂട്ടുകാരത് വീട്ടുകാരോടും. വീട്ടുകാര് നാട്ടുകാരോടും പറഞ്ഞു.
തോടിനരികിലെത്തിയ ശ്രീനി അപ്പുറത്തെ കാട്ടില്‍ നിന്ന് കുറുക്കന്മാര്‍ ഓരിയിടുന്നത് കേട്ട് കാവിലേക്ക് നോക്കി. അവിടെ കറുത്ത ഉടലുള്ള രണ്ട് രൂപങ്ങള്‍. അവയുടെ കൈകളില്‍ തീപ്പന്തങ്ങള്‍. തലയുടെ സ്ഥാനത്ത് പോത്തിന്റെ മാംസമില്ലാത്ത വെള്ളതല.
പെട്ടെന്ന് ശ്രീനിയുടെ പുറകിലെ സര്‍പ്പം തിന്നുന്ന മാങ്ങയുള്ള മാവില്‍ നിന്ന് മൂന്നാമതൊരു പോത്തുതലയന്‍ തീപ്പന്തവുമായി ചാടിയിറങ്ങി.
പിന്നെ തീപ്പൊരിയായിരുന്നു ശ്രീനിയുടെ ചുറ്റും. തീ തന്നെ വിഴുങ്ങിയെന്ന് അയാള്‍ക്ക് തോന്നി. എന്നാല്‍ ശ്രീനിയെ വിഴുങ്ങാന്‍ നോക്കിയത് മറ്റൊന്നായിരുന്നു.
പിറ്റേന്ന്, പരുന്ത് പറന്നതിന്റെ പുറകെ ശ്രീനിയെ തേടി കാവിലേക്ക് വന്ന പിള്ള കണ്ടത് വെളുപ്പിനത്തെ മഴയ്ക്ക് ഒഴുകിവന്ന പെരുമ്പാമ്പ് ചുറ്റിയ അടിയേറ്റ് ബോധമില്ലാതെ കിടക്കുന്ന ശ്രീനിയെ ആയിരുന്നു. ശ്രീനിയെ വിഴുങ്ങാന്‍ വായ തുറന്ന പെരുമ്പാമ്പിനെ പിള്ള തൊഴുതു. പിന്നെ റോഡിലേക്കോടി നാട്ടുകാരെ കൂട്ടി.
ആശുപത്രിയില്‍ വെച്ച് ബോധം വന്നപ്പോള്‍ ശ്രീനി ആടിനിന്ന തന്റെ മുന്‍വശത്തെ രണ്ട് പല്ലുകള്‍ വലിച്ചുപറിച്ച് നിലത്തേക്കെറിഞ്ഞു:''മൂന്നാമത്തെ പോത്ത് തലയുടെ പുറകിലെ പൊട്ടിയ സ്റ്റിച്ചില്‍ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു പിള്ളേ. ആ മുറിവെനിക്കറിയാം.''
മൂന്നാം ഭാഗം/ 1
അഞ്ചര ഏക്കറിന്റെ കച്ചവടം മുടങ്ങുന്നതിന്റെ പിന്നില്‍ ശ്രീനിയാണെന്ന് ചെന്നൈയിലുള്ള അയാളുടെ മകന്‍ ഷൈജുവിനോട് വിളിച്ചുപറഞ്ഞയാള്‍, ഫോണ്‍ വെയ്ക്കുന്നതിന്റെമ ുന്നേ ഒരു കാര്യത്തിന് അനുവാദം ചോദിച്ചു. നാട്ടുകാര്‍ക്ക് മുഴുവന്‍ സന്തോഷമാവുന്ന കാര്യമാണെന്ന് അയാള്‍ പറഞ്ഞത് കേട്ടിട്ടല്ല, ശ്രീനിക്ക് അതൊരു അടിയാകും എന്നതുകൊണ്ടും, ''കാര്യം നടന്നാല്‍ വസ്തു താന്‍ മേടിച്ചോളാം. ശ്രീനി എന്നോട് കളിക്കത്തില്ല.'' എന്ന് അയാള്‍ പറഞ്ഞതുകൊണ്ടും ഷൈജു സമ്മതിച്ചു:''പെട്ടെന്ന് ചെയ്യണം. ഞാന്‍ കൂടെ ഒണ്ടെന്ന് ഇപ്പോ ആരും അറിയണ്ട.''
ഒറ്റരാത്രികൊണ്ട് അഞ്ചര ഏക്കറിന്റെ വലത്തെ അറ്റത്തൂടെ കാവിലേക്ക് പുത്തന്‍ വഴി പ്രത്യക്ഷപ്പെട്ടു. കാവിലെ സര്‍പ്പങ്ങള്‍ക്ക് തിന്നാന്‍ വേണ്ടി തോടിനരികിലെ മൂന്ന് മാവുകള്‍ ഒഴിച്ച് ബാക്കിയെല്ലാം വെട്ടി ശ്രീനി നേരത്തെ തന്നെ റംമ്പൂട്ടാന്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നു. വഴിവെട്ടിയ വഴിക്ക് അതിലെ പതിനൊന്നെണ്ണം വീണു.
അഞ്ചര ഏക്കര്‍ നോക്കി കൊതിവിട്ടുനടന്ന തന്റെ അതേ കരയോഗക്കാരനാണ് രാത്രി വഴിവെട്ടാന്‍ ചൂട്ട് പിടിച്ചതെന്ന് ശ്രീനിക്ക് എളുപ്പത്തില്‍ പിടികിട്ടി. പക്ഷേ, ഇതേ ആവശ്യത്തിന് നാട്ടുകാര്‍ ചിലര്‍ വീട്ടില്‍ വന്നപ്പോള്‍ ആട്ടിയിറക്കി വിട്ടതായതുകൊണ്ട് ചാടിക്കേറി വേലികെട്ടിയാല്‍ സംഗതി കൈവിട്ടുപോകുമെന്ന് ശ്രീനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തല്‍ക്കാലത്തേക്ക് അയാള്‍ ഒതുങ്ങി. വഴിവെട്ടിയ ജെ.സി.ബിയുടെ മുതലാളിയെയും, അതോടിച്ചവനെയും ശ്രീനി ഒന്ന് നോക്കിവെച്ചു:''തൊട്ടടുത്ത് കെടക്കുന്നവന്മാരാ. പണ്ടേയുള്ള കലി അവന്മാരിതിലങ്ങ് തീര്‍ത്തതാ.''
മൂന്നാം ഭാഗം/ 2
''എടേ ഒര് പന്ത്രണ്ട് കിലോമീറ്ററ്, പുനലൂര് വരെ പോയാ പോരേ? പുത്തന്‍ മാള്, കിടിലം മള്‍ട്ടിപ്ലക്സ്സ്. ഓണപ്പടം അവിടുന്ന് കാണാം. എന്തായാലും മൊബൈല് മാറ്റാന്‍ അവടെ പോണം.'' അബി തന്റെ സ്വിച്ചോഫായ മൊബൈല്‍ ഫോണ്‍ പൊക്കി രണ്ടു കുലുക്ക് കുലുക്കി:''ഇതിന്റെ ബാറ്ററി അടിച്ചുപോവാറായി.''
ലിജോയും, അതുലും അത് കേട്ട് തലയാട്ടി. അല്ലേലും അതുല്‍ ചെന്നേ പറ്റു. അവന്റെ പേരില്‍ ലോണിട്ടു വേണം ഫോണെടുക്കാന്‍. അവന് സഹകരണ ബാങ്കില്‍ ജോലിയുണ്ട്. അവിടുന്ന് കിട്ടുന്ന ശമ്പളംകൊണ്ട് കാറിന്റെ ലോണ്‍ കൃത്യമായിട്ട് അടയ്ക്കും. അതുകൊണ്ട് സിബില്‍ പക്കായാ.
അതുല്‍ പോയപ്പോള്‍,അബി ലിജോയെ സോപ്പിട്ടു:''ഓണവല്ലേ? ബോണസ്സു വല്ലോം താടേ.''
''നീയല്ലേ എന്റെ ജെസിബിയും കൊണ്ട് നടക്കുന്നേ? ഒരു മാസവായിട്ട് വല്ല പണീം ഒണ്ടോ? ബൈപ്പാസിന്റെ പണി തീര്‍ന്ന അന്ന് ഷെഡിക്കേറ്റിയതാ. ഇല്ലേല്‍, വള്ളി കേസാന്ന് അറിഞ്ഞിട്ടും ഞാന്‍ കാവിലോട്ട് വഴിവെട്ടാന്‍ ഏക്കത്തില്ലായിരുന്നു. ഇനി ബൈപ്പാസിന്റെ ബാക്കി വരണം വല്ലോം കിട്ടാന്‍. നിന്റെ വീടിന്റെ മുന്നി കൂടല്ലേ? കോളല്ലേ?''
''എന്നാ ശ്രീനിക്ക് കുരുപൊട്ടും. പണ്ട് കോണ്‍ക്രീറ്റ് റോഡ് വന്നപ്പോ ഒറയ്ക്കുന്നതിനു മുന്നേ പട്ടിയെ മോളിലൂടെ നടത്തിച്ചവനാ. ഇനി അത് വലുതാക്കി ബൈപ്പാസായിട്ട് ഞങ്ങള് മെയിന്‍ റോഡ് സൈഡിലായാ അയാക്ക് അറ്റാക്ക് വരും. അതൊറപ്പാ.''
മാളിലെ മൊബൈല്‍ കടയില്‍ നില്‍ക്കുന്ന പയ്യന്‍ അതുലിന്റെ ആധാറിന്റെ ഫോട്ടോയുമെടുത്ത്, ഫോണ്‍ നമ്പറും വാങ്ങി.''ഒരഞ്ച് മിനിറ്റ്. സിബില് ഓക്കെയാണേല്‍ പിന്നെ സീനില്ല. നിങ്ങള് ഫോണ്‍ നോക്കിക്കോ.''
പോക്കറ്റിലിടാതെ പുത്തന്‍ ഫോണ്‍ കൈയ്യില്‍ പിടിച്ച്, മാളിന്റെ മുകളിലെ നിലയിലെ തീയറ്ററിലോട്ട് പോവാന്‍ ലിഫ്റ്റിലേക്ക് കേറുന്ന അബിയെകണ്ടപ്പോള്‍ ലിജോയ്ക്ക് ചിരിവന്നു: ''ഇതിങ്ങനെ പൊക്കിപ്പിടിച്ചോണ്ട് നടക്കണ്ടാ. പോക്കറ്റിലിട്ടാ മതി. ചാടി പോവത്തില്ല.''
നടുവിലത്തെ നിരയിലെ സീറ്റിലേക്ക് കയറുമ്പോള്‍ മൂവരും ഏറ്റവും പുറകിലെ സോഫാ സീറ്റിലിരിക്കുന്ന ശ്രീനിയെ കണ്ടു. നാട്ടില്‍ രണ്ട് ചെറിയ ബാങ്കുണ്ടെങ്കിലും പ്രൊഡ്യൂസര്‍മാര്‍ക്ക് ഫിനാന്‍സ് ചെയ്യുന്നതായിരുന്നു ശ്രീനിയുടെ മെയിന്‍ പണി. അതുകൊണ്ട് തന്റെ കൈയ്യില്‍ നിന്ന് കാശുവാങ്ങുന്നവരുടെ പടങ്ങള്‍ ആദ്യത്തെ ദിവസം തന്നെ ശ്രീനി കാണും. എന്നിട്ട് കാശെപ്പോള്‍ കിട്ടുമെന്ന് കണക്കുകൂട്ടും.
പടം തുടങ്ങി. ഫസ്റ്റ് ഹാഫ് മുഴുവന്‍ കഥയാണ്. കഥ കഴിഞ്ഞപ്പോള്‍ ഇന്റര്‍വെല്ലായി.
പോപ്‌കോണ്‍ വാങ്ങാന്‍ ലിജോയെ തള്ളി വിട്ടിട്ട്, അബിയും അതുലും ടോയിലറ്റിലേക്കോടി. തിരിച്ചിറങ്ങിയിട്ട് ഒരു സെല്‍ഫി എടുക്കാന്‍, അപ്പോഴേക്കും അബിയുടെ ഷര്‍ട്ടിന്റെ പോക്കറ്റിലെത്തിയ പുത്തന്‍ ഫോണ്‍ അതുല്‍ വലിച്ചെടുത്തു. ആ വലിയില്‍ മൂത്രമൊഴിച്ചുകൊണ്ടിരുന്ന അബി തിരിഞ്ഞു. അപ്പോള്‍ അവിടേക്ക് കേറി വന്ന ശ്രീനി തന്റെ ദേഹത്ത് രണ്ടു തുള്ളി വീണെന്ന് പറഞ്ഞ് ആദ്യത്തെ അടി പൊട്ടിച്ചു.
രണ്ടാമത്തേതില്‍ അതുലും ഫോണും തെറിച്ചു. മൂന്നാമത് ചാഞ്ഞു നില്‍ക്കുന്ന അബിയുടെ തലയ്ക്കിട്ട് ചവിട്ടായിരുന്നു. യൂറിനലിലിടിച്ച് നെറ്റിപൊട്ടിഅബി വീണു!
നാലാം ഭാഗം/ 1
തുടല് തറേല്‍ ഇഴച്ചുകൊണ്ട് ജര്‍മ്മന്‍ ഷേപ്പേര്‍ഡ് വന്ന് കൈകള്‍ പൊക്കി ഭിത്തിയില്‍ വെച്ച് ശ്രീനിയുടെ കിണറ്റിനകത്തേക്ക് എത്തിനോക്കി.
തൊടിയില്‍ വളര്‍ന്ന് നില്‍ക്കുന്ന കളപറിച്ചുകൊണ്ട് ഉറക്കം തൂങ്ങി നിന്ന അബിയുടെഅച്ഛന്‍ ബോബന്‍ ഞെട്ടി മുകളിലേക്ക് നോക്കി.
''എന്താടാ ഇനി ഇതിനും പാണ്ടികളെ വിളിക്കണോ? നിനക്കിപ്പോ ഭയങ്കര ഡിമാന്റാണെന്ന് പിള്ള പറഞ്ഞ്.'' കിണറ്റിനകത്തേക്ക് ശ്രീനിയുടെ ശബ്ദം മുഴക്കത്തോടെ ഇറങ്ങി.
''ആയുര് ഒര് തുണിക്കടേല് സെക്യൂരിറ്റിയായിട്ട് ജോലികിട്ടി. മൂന്നാല് ദെവസം കൂടുമ്പോ ഒരു വൈകുന്നേരത്തിങ്ങ് പോരും. വന്നാ ഒറങ്ങാനെ നേരം കാണു.''
പട്ടി മണപ്പിച്ച് തേങ്ങകള്‍ കൂട്ടിയിട്ടിരിക്കുന്നതിന് അടുത്ത് കമഴ്ത്തിവെച്ചിരിക്കുന്ന കുട്ടയുടെ അടുത്തേക്ക് ചെന്ന് കുരച്ചു.
''നീ കേറിവന്നേടാ പാമ്പാന്ന് തോന്നുന്നു.''
''പാമ്പല്ല. പരുന്തിന്റെ കുഞ്ഞാ. കാക്കള് കൊത്തിയിട്ടതാ. പൂടപോലും വന്നിട്ടില്ല. വീട്ടികൊണ്ട് കൊച്ചുങ്ങളെ കാണിക്കാന്‍ എടുത്ത് വെച്ചതാ.''
''നിന്റെ മോക്ക് കളിക്കാന്‍ ഇത് പൂച്ചേം, കിളീം ഒന്നും അല്ലല്ലോ? പരുന്തല്ലേ?പിള്ളേടെ കൈയ്യികൊടുത്തേര്.''
നാലാം ഭാഗം/ 2
''സംഗതി മാളുകാര്‍ക്ക് കേസില്ല. ശ്രീനി സാറ് പറയുന്നേ നിങ്ങള് മുന്‍വൈരാഗ്യം വെച്ച് അഞ്ചലുതൊട്ട് ഫോളോ ചെയ്ത് വന്ന് ആക്രമിച്ചതാന്നാ. എന്തോ വേണം?''
സി.ഐയുടെ 'ശ്രീനി സാറ്' കേട്ടപ്പോഴേഅബിക്കും, ലിജോയ്ക്കും, അതുലിനും കാര്യം പിടികിട്ടി.
മൂവരും സ്റ്റേഷനില്‍ നിന്നും വെളിയിലേക്ക് വന്നപ്പോള്‍, ആല്‍മരത്തിന്റെതണലില്‍ ഇട്ടിരിക്കുന്ന കാറിലിരുന്ന് ചിരിക്കുന്ന ശ്രീനിയെ കണ്ടു.
അബി തന്റെ നെറ്റിയിലെ സ്റ്റിച്ചില്‍ തടവി: ''കുത്തിവെപ്പെടുത്താലും തൈയ്ക്കാന്‍ നേരത്ത് സൂചി കേറുമ്പോ മാംസത്തില് തൊളവീഴുന്നത് അറിയാന്‍ പറ്റും. ഒരു മാതിരി ഞണ്ടിറുക്കുന്ന പോലാ.''
സ്റ്റേഷന് മുന്നിലൂടെ ചന്തയിലേക്ക് കൊണ്ടുപോകുന്ന പോത്തുകളുടെ കറുത്ത തൊലിയില്‍ ചാട്ടവീഴുന്ന ശബ്ദം..
''ചതവിന് പോത്തുതല നല്ലതാ. സൂപ്പിടാം.''
നാലാം ഭാഗം/ 3
കാവില്‍വെച്ച് കിട്ടിയ അടിക്ക് ചികിത്സിച്ചിട്ട് ശ്രീനി വീട്ടിലോട്ട് വന്നപ്പോള്‍, അബിയുടെ വീട്ടുമുറ്റത്ത് പണ്ട് അരുളി ഉണ്ടായിരുന്നിടത്തേക്ക് നോക്കി ഷൈജു പറമ്പില്‍ നില്‍പ്പുണ്ടായിരുന്നു.
പിള്ള അത്താഴം വിളമ്പവെ, നടുവിലത്തെ കസേരയിലിരുന്ന് സിഗററ്റ് വലിക്കുന്ന ശ്രീനിയെ നോക്കി ഷൈജു ചുമച്ചു.
''എന്തെടാ ഒര് ചൊമ.. ആണുങ്ങളാവുമ്പോ വലിക്കും.അതെങ്ങനാ? മീശേം വടിച്ച്, കളഞ്ഞിട്ടു പോയപെണ്ണുമ്പിള്ളേനെ തിരിച്ചു വിളിച്ചുകൊണ്ടുവരാന്‍ പോലും കെപ്പില്ലാതെ നടക്കുന്നവനോട് പറഞ്ഞിട്ട് കാര്യവൊണ്ടോ.''
കസേരയില്‍ നിന്ന് ശ്രീനിയെ വലിച്ച് പാത്രങ്ങള്‍ അടുക്കി വെച്ചിരിക്കുന്ന ഷെല്‍ഫിലേക്ക് ചേര്‍ത്തുവെച്ച്, തന്റെ വലതുകൈ അയാളുടെ കഴുത്തിലേക്ക് ഷൈജു അമര്‍ത്തി:''അവളിപ്പോ ചെന്നൈലെ എന്റെ വീട്ടിലൊണ്ട്. ഇവിടുന്നെന്തിനാ പോയേന്ന് എന്നോട് പറഞ്ഞിട്ടുവൊണ്ട്.''
പരുന്ത് തന്റെ കഴുത്തിന്റെ പുറകില്‍ കൊത്തിക്കീറിയിട്ടും ശ്രീനിയെ വിടാതിരുന്ന ഷൈജു,
പിള്ളേടെ കൈയ്യിലിരുന്ന ഇറച്ചിപാത്രം ഭയന്ന് കിലുങ്ങിയപ്പോള്‍ തലതാഴ്ത്തി തന്റെ മുറിയിലേക്ക് പോയി.
മുറ്റത്തിരുന്ന് പിള്ളയെ കൊണ്ട് കുപ്പി പൊട്ടിച്ച് ഒഴിപ്പിക്കുമ്പോള്‍ ശ്രീനിയുടെ നോട്ടം അബിയുടെ വീട്ടിലേക്കായിരുന്നു.
പിള്ള നിറച്ച ഗ്ലാസ് ശ്രീനിയുടെ നേര്‍ക്ക് നീട്ടി:''അവരവിടില്ല. ഞാന്‍ ഹോട്ടലീന്ന് പാര്‍സല് വാങ്ങിച്ചിട്ട് എറങ്ങുമ്പോ, അമ്മേം മോനൂടെ തീയറ്ററിലോട്ട് കേറുന്ന കണ്ട്.''
''ഇച്ചേം, പൂച്ചീം, വണ്ടുവൊക്കെ പെരുകുമ്പോള്‍ അച്ഛന്‍ പണ്ട് അയ്യത്ത് ചവറ് കൂട്ടിയിട്ട് കത്തിക്കുവായിരുന്ന്, പിള്ള ഓര്‍ക്കുന്നോ?''
ശ്രീനി ഫോണെടുത്ത് പലിശ പിരിക്കാനും, വണ്ടിപിടിക്കാനും വിളിക്കുന്നവന്മാരെ വിളിച്ചു വരുത്തി.
അപ്പോള്‍ തന്നെ മൂന്ന് സംഘങ്ങളായി പിരിഞ്ഞ് അവര്‍ ഇറങ്ങി.
അബിയും അമ്മയുമില്ലാത്ത വീട്ടിലേക്ക് എത്തിയ ശ്രീനിയും ഒരുസംഘവും, അകത്തുനിന്നൊരു ക്ഷീണിച്ച ശ്വാസത്തിന്റെ ഒച്ച കേട്ടു!
അഞ്ചാം ഭാഗം/ 1
അബിയുടെ വീട്ടിലെ തീ ഒരുവിധം അണഞ്ഞപ്പോള്‍ തുണിക്കട സാബു അകത്തേക്ക് കേറി. തളര്‍ന്ന അമ്മയുടെ അരികില്‍ നിന്ന അബി, ഉറുമ്പിന്‍കൂട്ടം പോലെ സാബുവിന്റെ പിന്നാലെ വീട്ടിനകത്തേക്ക് നാട്ടുകാര്‍ കയറുന്നത് കണ്ടു.
കുറച്ച് കഴിഞ്ഞ് സാബു അബിയുടെ അടുത്തേക്ക് വന്നു:''നീ അച്ഛനെ വിളിച്ചായിരുന്നോ?''
''വിളിച്ചിട്ട് കിട്ടിയില്ല. ഓണവായോണ്ട് നേരത്തെ വരാന്ന് പറഞ്ഞ് ഒരു ചാവിയും ആയിട്ട് പോയതാ.'' മറുപടി കൊടുത്തിട്ടും സാബു തല ഉയര്‍ത്തി തന്നെ നോക്കാത്തത് കണ്ട് അബി വീട്ടിലേക്കോടി. അവിടെ കട്ടിലില്‍ വെന്തുപോയൊരു ശരീരം കിടപ്പുണ്ടായിരുന്നു. അത് കണ്ട് അബി തളര്‍ന്ന് വീണു.
അഞ്ചാം ഭാഗം/ 2
ഷൈജു തിരിച്ച് ചെന്നൈയിലേക്ക് പോവാതെ നില്‍ക്കുന്നത്, അഞ്ചര ഏക്കര്‍ വില്‍ക്കാനാണെന്ന് ശ്രീനിക്ക് അറിയാമായിരുന്നു. വവ്വാല് കായ തിന്നാതിരിക്കാന്‍ റംമ്പൂട്ടാന്‍ മരങ്ങള്‍ക്ക് മുകളില്‍ ഏണിവെച്ച് കേറി വലകള്‍ വിരിക്കുമ്പോള്‍, അതിന്റെ വല്ലാത്തൊരു നാറ്റം കാരണം പിള്ളയ്ക്ക് ഓക്കാനം വന്നു.
''വവ്വാല് മാത്രം അല്ല പിള്ളേ. ഈ മണമടിച്ചാ മരപ്പട്ടി പോയിട്ട്, അണ്ണാന്‍ കുഞ്ഞുപോലുംവരത്തില്ല. താന്‍ പട്ടിയെ പോലെ നിന്ന് മണം പിടിക്കാതെ വല ഇട്ടിട്ട് എറങ്ങിവാ.''
അന്ന് രാത്രി കാവ് കത്തിച്ചിട്ട്, പിള്ളയെകൊണ്ട് റംമ്പൂട്ടാന്‍ മരങ്ങളില്‍ താന്‍ ഇടീച്ച മണ്ണെണ്ണയില്‍ മുക്കിയ വലകളില്‍ ഒരോന്നിലായി ശ്രീനി തീയിട്ടു.
അഞ്ചര ഏക്കറിലെ സകല കുഞ്ഞ് ജീവനുകളും പുറത്തേക്കോടിയപ്പോള്‍, അകത്തേക്ക് എട്ട് കാലുകള്‍ വന്നു.
''വരുമെന്ന് അറിയാവായിരുന്നു. മുന്നെണ്ണോം ഇവിടെ കെടന്ന് ചത്താ അന്നു തീരും ഇതിന്റെ കച്ചവടം.''
ശ്രീനി കൈയ്യിലിരുന്ന റിവോള്‍വര്‍ അവരുടെ നേര്‍ക്ക് ചൂണ്ടി.ശ്രീനി കൊണ്ടുവന്നുവെച്ചിരുന്ന മണ്ണെണ്ണ കന്നാസൊരെണ്ണം എടുത്ത് അബി അയാള്‍ക്ക് നേരെഎറിഞ്ഞു. വെടിപൊട്ടി. കന്നാസ് ചിതറി. ശ്രീനി മണ്ണെണ്ണയില്‍ കുളിച്ചു. ലിജോ അയാളെ തൊഴിച്ചിട്ടു. അതുല്‍ അയാളെ കെട്ടിയിട്ടു.
കണ്ണ് തുറന്ന് തല ഉയര്‍ത്തി നോക്കിയ ശ്രീനി മൂവര്‍ സംഘത്തെ കണ്ടില്ല. പക്ഷേ, പിന്നില്‍ നിന്ന് പരുന്തിന്റെ ശബ്ദം കേട്ടു. ഞെട്ടിതിരിഞ്ഞ ശ്രീനി പറക്കാതിരിക്കാന്‍ തന്റെ കാലുകളില്‍ മുറുക്കി പിടിച്ചിരിക്കുന്ന ഷൈജുവിന്റെ വലതുകൈയ്യില്‍ പരുന്ത് കൊത്തിപ്പറിക്കുന്നത് കണ്ടു.
''വെന്തുമരിച്ച അബിയുടെ അച്ഛന്റെ കഴുത്തിലും, തൂങ്ങി മരിച്ച അവന്റെ പെങ്ങടെ കഴുത്തിലും ഒരു തൊടല് മുറുകിയതിന്റെ പാട് ഒണ്ടായിരുന്നു. പണ്ട് അതേ പാട് എന്റെ അമ്മേടെ കഴുത്തിലും ഞാന്‍ കണ്ടിട്ടൊണ്ട്. ഈ നാട്ടില്‍ അത്രേം വലിയ തൊടലിട്ടൊണ്ട് നടന്ന ഒരു പട്ടിയെ ഒള്ളായിരുന്നു. അത് കോണ്‍ക്രീറ്റ് റോഡിക്കൂടെ നിങ്ങള് നടത്തിച്ചപ്പോ നാട്ടുകാര് കല്ലെറിഞ്ഞ് ഓടിച്ച പട്ടിയാ.''
ശ്രീനി പരുന്തിന്റെചിറകില്‍ നിന്ന് തെറിക്കുന്ന നനവ് കണ്ടു. ഷൈജു പിടിവിട്ടു. പരുന്തു പറന്നുപൊങ്ങി. അപ്പോള്‍ കത്തിയെരിഞ്ഞ് വീഴുന്നൊരു ഇല അതിനെ തൊട്ടു. പൊള്ളിയപ്പോള്‍ പരുന്ത് കൊത്തിപ്പറിക്കാന്‍ തന്നെ പഠിപ്പിച്ച മുതലാളിയുടെ ചുമലിലേക്ക് ചെന്നിരുന്നു. തീ!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...