
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
നൃത്തവ്യാധി
ഒരു ദിവസം
ഉണര്‍ന്നെഴുന്നേറ്റപ്പോള്‍
ഞാനൊരു റാലിയിലായിരുന്നു.
ഏതോ നാട്ടിലെ
തിരഞ്ഞെടുപ്പ് വിജയത്തിന്റെ
ആഹ്ലാദ റാലി.
മുദ്രാവാക്യങ്ങള്‍
ഗാനങ്ങളായി ഉയര്‍ന്നപ്പോള്‍
ഞാന്‍ നര്‍ത്തകനായി.
എനിക്ക് മുന്നിലും പിന്നിലുമുള്ള
ലക്ഷക്കണക്കിന്
ആളുകളുടെ കാലുകള്‍ക്കും
ചിറകുമുളച്ചു.
ഒരുവന്‍ തളര്‍ന്നു വീഴുമ്പോള്‍
അവിടെനിന്ന് മറ്റൊരുവന്‍
നൃത്തമാരംരംഭിച്ചു.
അവനില്‍ നിന്നും അടുത്തയാള്‍
അവനില്‍ നിന്നും വേറൊരാള്‍..
ഞങ്ങളുടെ കൈകളില്‍
ഒരു കൊടിയും അതുകെട്ടിയ
ചെറിയ വടിയും ഉണ്ടായിരുന്നു.
വടി വീശി, കൊടി പാറിച്ച്
താളത്തില്‍ ചുവടുവെക്കും.
അടുത്ത ഒരു കിലോമീറ്ററിനുശേഷം
ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന
ഒരു നഗരത്തിന്റെ
ഹൃദയത്തിലൂടെയായിരിക്കും
റാലി കടന്നുപോവുക.
അവിടെ,
തകര്‍ന്ന മിനാരങ്ങള്‍ക്കും
പൂന്തോട്ടങ്ങള്‍ക്കും
പാതയോരങ്ങള്‍ക്കും
കൃഷിയിടങ്ങള്‍ക്കും
വിദ്യാലയങ്ങള്‍ക്കും
ആരാധനാലയങ്ങള്‍ക്കും
മുകളിലിരുന്ന് കരയുന്ന
സ്ത്രീകളെ കാണും.
ചുറ്റിലും കശാപ്പുചെയ്യപ്പെട്ട
അവരുടെ പെണ്‍കുട്ടികളെയും
ഉടഞ്ഞ വളകളെയും കാണും.
അവരെ വലം വെച്ച്
റാലി കടന്നുപോകും.
ഒരുപക്ഷേ ഇന്നാട്ടിലെ
അവസാന
വിജയറാലിയായിരിക്കുമിത്.
ബങ്കറുകളില്‍ സുരക്ഷിതരായിരുന്ന്
5ജി നെറ്റില്‍ ജനാധിപത്യം
ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്ന
രക്ഷകരെ, ആ നാട് കാത്തിരിപ്പുണ്ടത്രേ!
……………………….
നൃത്തവ്യാധി: 1518-ല്‍ ഫ്രാന്‍സില്‍ നടന്ന വിചിത്ര സംഭവമാണ് ഡാന്‍സിങ് പ്ലേഗ്. ട്രോഫിയ എന്ന സ്ത്രീയാണ് തെരുവില്‍ നൃത്തം ആരംഭിച്ചത്. അവര്‍ തളര്‍ന്നു വീണപ്പോള്‍ മറ്റുള്ളവര്‍ അതു തുടര്‍ന്നു. ഒരു മാസം കൊണ്ട് 400 പേരില്‍ അത് വ്യാപിച്ചു. ഹൃദയാഘാതം മൂലം നിരവധി പേര്‍ മരണപ്പെട്ടു. കൃത്യമായ കണക്ക് ചരിത്രകാരന്മാരുടെ പക്കലും ഇല്ല.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...