
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ധ്യാനത്തിന്റെ നിയമാവലി
കണ്ണടയ്ക്കണം,
ധ്യാനിക്കണം,
നിമിഷങ്ങള്‍ അറുപതെണ്ണണം,
മറക്കാതെ ശ്വസിക്കണം.
ഒന്ന്…
രണ്ട്…
മൂന്ന്...
ഞാന്‍ എണ്ണിത്തുടങ്ങുന്നു.
എണ്ണം പിഴയ്ക്കാതിരിക്കാന്‍
വിരലുകള്‍ താളം മുട്ടുന്നു.
എണ്ണം കൃത്യമായപ്പോള്‍
ശ്വാസം തെറ്റുന്നതുപോലെ.
ശ്വാസം മെരുങ്ങിയപ്പോള്‍
എണ്ണം മറന്നതുപോലെ.
എണ്ണവും താളവും
വേണ്ടെന്നുവച്ചപ്പോള്‍
ശ്വാസം ശരിഗതിയിലാകുന്നു,
ശാന്തിപഥം കയറിയിറങ്ങുന്നു.
പത്തിനിപ്പുറം
വറ്റിവരണ്ടെന്നു കരുതിയ സ്‌നേഹമാകെ
തെളിഞ്ഞുപതഞ്ഞൊഴുകുന്നു,
എന്നെയാകെ മുലപ്പാല്‍ മണക്കുന്നു.
പകലോ രാവോ,
ഞാന്‍ ചെറുമയക്കത്തിലാഴുന്നു.
സ്വപ്നങ്ങളില്‍ അമ്മാനമിമ്മാനമാടി
വിയര്‍പ്പില്‍ക്കുളിച്ച് ശുദ്ധയാകുന്നു.
ഓര്‍മകള്‍ക്ക് മേലുള്ള പിടി
കൈവിട്ടുപോകുമെന്നോര്‍ത്ത്
രാവെളുപ്പുകള്‍ക്കിടയില്‍
കയ്യില്‍ക്കിട്ടുന്നതൊക്കെയും
തിടുക്കപ്പെട്ട് വായിക്കുന്നു,
മനസ്സുറപ്പിനൊരൂന്ന് കൊടുക്കുന്നു.
നിലതെറ്റിയ ജൈവഘടികാരം
നിര്‍ത്താതെ പകരുന്ന ലഹരിയില്‍
ഉണര്‍വുകളും ദിവാസ്വപ്നങ്ങളാകുന്നു.
ആലസ്യങ്ങളിലാഴ്ത്തിയിരുന്ന
ചങ്കിന്റെ മുഴുത്തൊരു തുണ്ട്
നേര്‍ത്തു നനുത്ത പരുത്തി പുതച്ച്
തടിത്തൊട്ടിലിന്റെ കനത്ത വേലിക്കുള്ളില്‍
സ്വസ്ഥമായുറങ്ങുന്നു.
ചെറുചിരി, നിറചിരി,
ചിണുങ്ങല്‍, കരച്ചില്‍,
കുഞ്ഞുമുഖത്ത് ഏറിയും ഇറങ്ങിയും
ഭാവങ്ങള്‍ കാക്കത്തൊള്ളായിരം.
ചങ്കും സ്വപ്നത്തിലാവണം.