കാഞ്ഞിരമുക്കില്‍നിന്ന് കണ്ണനിലേക്കുള്ള നാട്ടുവഴികള്‍; ഒരു പൊന്നാനിക്കാരിയുടെ മനോരാജ്യങ്ങള്‍

Published : Jul 14, 2025, 04:58 PM IST
Aravindan Panikkassery

Synopsis

 ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച 'അലസം മധുരം' എന്ന കവിതാ സമാഹാരത്തെ മുന്‍നിര്‍ത്തി സിന്ധു കോറാട്ടിന്റെ രചനാലോകത്തെക്കുറിച്ച് ചില ചിന്തകള്‍. അരവിന്ദന്‍ പണിക്കശ്ശേരി എഴുതുന്നു. 

സിന്ധു കോറാട്ട് എഴുതിയ മൂന്നാമത്തെ പുസ്തകമാണ് 'അലസം മധുരം'. കൃഷ്ണാനുരാഗമാണ് ഈ സമാഹാരത്തിന്റെ അടിനൂല്‍. ഉപശീര്‍ഷകങ്ങള്‍ ഒഴിവാക്കിയാല്‍ ഒറ്റക്കവിതയായും ഇവ വായിക്കാം.

കൃഷ്ണപ്രേമം മലയാള കവിതയില്‍ പുതുതല്ല. ഭാഗവതകാലം മുതല്‍ക്കേ നമ്മള്‍ ഗോപികമാരുടെ പരാതികള്‍ കേള്‍ക്കുന്നു. സുഗതകുമാരിയേയും മാധവിക്കുട്ടിയേയും പോലുള്ള കവിയിത്രികളും, ഇടശ്ശേരിയും അയ്യപ്പപണിക്കരും കടമ്മനിട്ട രാമകൃഷ്ണനുമൊക്കെയടങ്ങുന്ന പുരുഷ കവികളും കൃഷ്ണാനുരാഗത്തെ സര്‍ഗ്ഗാത്മകമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇടശ്ശേരിയുടെ 'അമ്പാടിയിലേക്ക് വീണ്ടും ' എന്ന കവിത വേറിട്ട അനുഭവമായി നമ്മുടെ മുന്നിലുണ്ട്. എന്നാല്‍, അശ്രുതപൂര്‍വ്വകമായ നാടകമാടുവാന്‍ കൊതിയ്ക്കുന്ന ഒരു ഗോപികയെയല്ല സിന്ധുവിന്റെ കവിതയില്‍ നാം പരിചയപ്പെടുന്നത്.

'കൃഷ്ണ..
വൃന്ദാവനത്തിലെ വിരഹ സന്ധ്യകളില്‍
അലസമാടിക്കുണുങ്ങിയും
നിതംബമിട്ടുലച്ചും
കുപ്പിവളകള്‍ കിലുക്കിയും
പ്രണയനാട്യത്തില്‍ പൊട്ടിച്ചിരിച്ചും
യമുനയില്‍ ജലമെടുക്കാന്‍
വരുന്ന നിന്റെ കാമിനിമാരുടെ
നിറകുംഭങ്ങള്‍ ഉടയ്ക്കാനും
അവരുടെ ചേലകളില്‍
ചെളിവാരിയെറിയാനും
തോന്നിപ്പോകുന്നെനിക്ക്.

കൃഷ്ണാ, നിന്നോടുള്ള പ്രണയത്താല്‍
ഞാനൊരു മുഴുഭ്രാന്തിയായി മാറിയിരിക്കുന്നു.

നിന്റെ ആരാധികമാരെന്നെ
ഏറെ ചൊടിപ്പിക്കുന്നു.
പതിനാറായിരത്തെട്ടില്‍
ഒരുവളാവാന്‍ ഞാന്‍ ഒരിക്കലും
ആഗ്രഹിച്ചില്ല..

(ഭ്രാന്ത് )

കൃഷ്ണകവിതകളിലെ ചിരപരിചിതങ്ങളായ ബിംബങ്ങളുടെ ആവര്‍ത്തനമില്ലാതെ, അതിഭൗതിക തലങ്ങളിലേക്ക് സഞ്ചരിക്കാതെ ഇവ നമ്മെ നേര്‍മൊഴികളായി ഇഷ്ടപ്പെടുത്തുന്നു എന്ന് അവതാരികയില്‍ റഫീക്ക് അഹമ്മദ്.

കൃഷ്ണപ്രണയത്തിലെ ആത്മീയതയ്ക്കല്ല ഇവിടെ ഊന്നല്‍. ദൈവികതയ്ക്കപ്പുറം ഒരു മനുഷ്യനായി, കളിക്കൂട്ടുകാരനായി കൃഷ്ണനെ സങ്കല്‍പ്പിച്ചെഴുതിയവയാണ് തന്റെ കൃഷ്ണകവിതകള്‍ എന്ന് സിന്ധു. ആത്മാനുരാഗത്തിന് മലയാളത്തില്‍ ഒരു മാതൃക തേടിപ്പോയാല്‍ മാധവിക്കുട്ടിയിലാവും നാം ചെന്നെത്തുക. പ്രണയം അവര്‍ക്ക് ജീവിച്ചിരിക്കുന്നതിന്റെ അടയാളമായിരുന്നു. മാധവിക്കുട്ടി തെളിച്ച പാതയിലൂടെയാണ് സിന്ധുവിന്റെയും സഞ്ചാരം.

മരുഭൂ മനുഷ്യരുടെ കഥകള്‍

മാതൃഭൂമി നോവല്‍ പുരസ്‌കാരം നേടിയ 'സാന്‍ഡ്‌വിച്ച്' എന്നൊരു നോവലായിരുന്നു ആദ്യ പുസ്തകം. നോവല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും സാന്‍ഡ് വിച്ചിന് കവിതയുടെ ശില്പഘടനയാണ്. ആളുമാരവങ്ങളും നദിപോലൊഴുകുന്ന പ്രവാസിജീവിതക്കലക്കങ്ങളുടെ ഓരത്ത്, ഓരോ മനുഷ്യരും ഒറ്റയൊറ്റയായി വേവുന്ന അടുപ്പുകളാണ് അതിന്റെ പശ്ചാത്തലം.

സാമൂഹികതയുടെ ഓളങ്ങള്‍ ഒരുഭാഗത്തും വൈയക്തികമായ മീന്‍പിടച്ചിലുകള്‍ മറുഭാഗത്തുമായി പ്രവാസജീവിതത്തെ അസാധാരണമായ തലത്തില്‍ സമീപിക്കുകയാണ് ആ നോവല്‍. ഒറ്റനോട്ടത്തില്‍, ഏത് നാട്ടിലുമുള്ള പെണ്ണനുഭവങ്ങളുടെ തീയുംപുകയും. സൂക്ഷിച്ചു നോക്കിയാല്‍ മരുഭൂമിയില്‍ ഭാഗ്യതേടിപ്പോയ മനുഷ്യരുടെ മഹാപ്രസ്ഥാനങ്ങളുടെ ക്ലോസപ്പ് ഷോട്ടുകള്‍. ഉടലടുപ്പുകളില്‍ സ്വയം പാകപ്പെടുത്തുകയോ തിളച്ചുമറിയുകയോ ചെയ്യുന്ന പെണ്‍മയുടെ തീവ്രവും സൂക്ഷ്മവുമായ ചിത്രീകരണമാണ് വാക്കും വരയുമായി ആ ചെറുപുസ്തകം പകര്‍ത്തിയത്.

 

ഒരു ദേശത്തിന്റെ കവിതകള്‍

'പാരീസ് മുട്ടായി'എന്ന കാവ്യസമാഹാരമാണ് രണ്ടാമത്തേത്. ദേശത്തിന്റെ കവിതകളായിരുന്നു അത്. ദേശത്തെ അടയാളപ്പെടുത്തുന്ന നോവലുകളും കഥകളും നമുക്ക് ധാരാളമുണ്ട്. എന്നാല്‍, ഒരു ദേശത്തെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തി രചിക്കപ്പെട്ട കവിതകളുടെ സമാഹാരം വരുന്നത് ഇതാദ്യമാണെന്ന് തോന്നുന്നു. ഒപ്പുകടലാസുകൊണ്ട് മഷി ഒപ്പിയെടുക്കും പോലെ, ഗ്രാമീണ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളെ ഒരു കൗമാരക്കാരിയുടെ ഹൃദയത്തില്‍നിന്ന് പകര്‍ത്തിയെടുക്കുകയാണ് സിന്ധു.

പൊന്നാനിയിലെ 'കാഞ്ഞിരമുക്ക് 'എന്ന ഗ്രാമത്തിന്റെ ഗതകാല ചരിത്രമാണ് ഈ കവിതകള്‍ അനാവരണം ചെയ്യുന്നത്. നാട്ടുമ്പുറം നന്മകള്‍ മാത്രം വിളയുന്ന ഇടമല്ല. കുനുഷ്ടും കുന്നായ്മയും കുടിപ്പകയുമൊക്കെ അവിടെയുമുണ്ട്. സിന്ധു എഴുതുന്നു:

'ബ്രാന്തയുടെ മുകളില്‍ ഇരുന്ന് പൗഡര്‍ പോലെ ജീവിതം കുടഞ്ഞുകളയാന്‍ മടിയില്ലാത്ത, മണ്ണ് ഉടയാടയാക്കിയ ഒരുവളുടെ പെണ്‍കുട്ടിക്കാലത്തിന്റെ കുറുമ്പുകളും കണ്ണീരും ചേര്‍ത്ത ഒരു ചെറിയ കൂന ഉപ്പാണ് ഇത്. മരുഭൂമിയിലും നഷ്ടമാവാതെ സൂക്ഷിച്ച ഈര്‍പ്പമുള്ള നാട്ടോര്‍മ്മയുടെ ഒരുപിടി മണ്ണ്...'

മീന്‍ കൊത്തുവാന്‍ കുളത്തിലേക്ക് താണ് പറക്കുന്ന പൊന്മയെപ്പോലെ പ്രവാസ ജീവതത്തിനിടയില്‍ ചെറിയൊരവധിക്ക് നാട്ടിലെത്തുന്ന ഒരുവളുടെ ദേശക്കാഴ്ചകളാണ് ഈ രചനകള്‍.''

അവതാരികയില്‍ കവി പി.പി.രാമചന്ദ്രന്‍ സൂചിപ്പിച്ചതുപോലെ,സ്വന്തം തട്ടകത്ത് തിരിച്ചെത്തി ഓര്‍മ്മകളുടെ കാവുതീണ്ടുകയാണ് സിന്ധു.

മീനഭരണിക്ക് കൊടുങ്ങല്ലൂരില്‍ കലി തുള്ളിയെത്തുന്ന കോമരങ്ങളില്‍ നല്ലൊരുപങ്ക് ചെറുപ്പം വിടാത്ത സ്ത്രീകളാണ്. ഇതെന്തുകൊണ്ട് എന്ന് ആലോചിച്ചിട്ടുണ്ട്. അതിനുള്ള ഉത്തരം സിന്ധുവിന്റെ കവിതയിലുണ്ട്:

'ഞാന്‍ മറ്റൊരു കണ്ണകിയായി
വിരഹദു:ഖത്താല്‍ ചിലമ്പുകള്‍ വലിച്ചെറിഞ്ഞു.

കണ്ണുകളിലെ അഗ്‌നികൊണ്ട് എല്ലാം ഭസ്മമാക്കി.
പ്രണയിക്കായുള്ള നീണ്ട കാത്തിരിപ്പായി ജീവിതം.

ഭരണിപ്പാട്ടുകള്‍ കേട്ട് തൃഷ്ണകള്‍ക്ക് മേല്‍ മഞ്ഞത്തുണികള്‍ വിരിച്ചു.


എന്നെക്കാണാനായി വന്ന ക്ഷേത്രപാലന്മാരെ
നിരാശയോടെ മടക്കിയയച്ച് നിഗൂഢമായി പുഞ്ചിരിച്ചു.

തീണ്ടാരി രക്തത്തില്‍ മുങ്ങിയ പുടവകള്‍
കൊടിക്കൂറയായി എല്ലായിടത്തും തൂക്കിയിട്ടു.

എന്റെ ശക്തിയില്‍ സന്തോഷിച്ചു.
എല്ലാകൊല്ലവും പുതിയ കണ്ണകിമാര്‍ ഉണ്ടായി.

നീണ്ട മുടിയഴിച്ചിട്ട് അവര്‍ കൊടുങ്ങല്ലൂര്‍ക്ക് പോയി.

അമ്മയുടെ മുന്നില്‍ നിന്ന് തുളളിയുറഞ്ഞു.

അവരുടെയുള്ളിലെ പെണ്‍ നോവുകള്‍, കാമമോഹങ്ങള്‍

എല്ലാം ഭയമില്ലാതെ വെളിച്ചപ്പെട്ടു..'

ചില കാവ്യബിംബങ്ങള്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട് സിന്ധുവിന്റെ കവിതകളില്‍. 'മണക്കാട്ടുകുള'ത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് അതിലൊന്ന്. കളിയും ചിരിയും കരച്ചിലുമായി കഴിഞ്ഞ കാലത്ത്, കുളിച്ചുല്ലസിച്ച കുളം പായല്‍മൂടി ആര്‍ക്കും വേണ്ടാതായിരിക്കുന്നു. ഇക്കോസിസ്റ്റം പഠിക്കാന്‍ വരുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നില്‍ പാഠപുസ്തകമായി മലര്‍ന്നു കിടക്കാനാണ് അതിന്റെ നിയോഗം.

ആറേഴു പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ സ്ത്രീ ശാക്തീകരണത്തേയും പരിസ്ഥിതി വിനാശത്തെയും കുറിച്ച് ബോധവാനായിരുന്ന ഒരു വലിയ കവിയുടെ - ഇടശ്ശേരിയുടെ - കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണാണ് പൊന്നാനിയിലേത്. സിന്ധുവിന് ഒരു കാവ്യ പൈതൃകമുണ്ടെങ്കില്‍ അത് ഇടശ്ശേരിയുടേതാവാനേ നിവൃത്തിയുള്ളു.

'പച്ചക്കുളമിതു കാണാതായി

പായല്‍ നിറഞ്ഞുമിരുള്‍ പരന്നും,

ദു:ഖദ വിസ്മൃതിപ്പൂപ്പല്‍ മൂടി

ദുഷ്‌ക്കാലം പെട്ടേടമെന്ന പോലെ... '

'വിവാഹ സമ്മാനം 'എന്ന ഇടശ്ശേരിക്കവിത സാന്ദര്‍ഭികമായി ഓര്‍ത്തു പോകുന്നു .

ഒരു മിത്തിനെ അത്രമേല്‍ സ്വാഭാവികമായി എങ്ങനെ ആവിഷ്‌ക്കരിക്കാമെന്നതിന് സിന്ധുവിന്റെ 'തോന്നികുറുമ്പയും കണ്ട കുറുമ്പയും' എന്ന കവിത മികച്ച ഉദാഹരണമത്രെ. അച്ഛമ്മയില്‍ നിന്നുള്ള കേട്ടറിവിനെ വര്‍ത്തമാനകാല സമസ്യകളുമായി ഇഴചേര്‍ത്ത് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ആവിഷ്‌ക്കരിക്കുകയാണ് സിന്ധു.

 

'പണ്ട് പണ്ട്, വളരെപ്പണ്ടാണെന്ന് തോന്നുന്നു,

രണ്ടു സഹോദരിമാര്‍

ലോക കാര്യങ്ങളും പറഞ്ഞ് വരികയായിരുന്നു.

ചേച്ചി അനിയത്തിയോട് ചോദിച്ചു:

നീയെവിടെയാ ഇരിയ്ക്കാ?

അനിയത്തി പറഞ്ഞു,

ഞാന്‍ കണ്ടോടത്ത് ഇരിക്കുമെന്ന്.

നീയോ?

അവള്‍ ചേച്ചിയോട് ചോദിച്ചു.

ഞാന്‍ തോന്നിയേടത്ത് ഇരിയ്ക്കുമെന്ന് ചേച്ചി.

അങ്ങനെ അവര്‍ കണ്ടോടത്തും തോന്ന്യേടത്തും ഇരുന്നു.

അങ്ങനെ തോന്നികുറുമ്പക്കാവും കണ്ടകുറുമ്പക്കാവും ഉണ്ടായി..'

ഒരു ഐന്ദ്രിയാനുഭവബീജത്തെ ആവഹിക്കുന്ന പുരാവൃത്തത്തെ സമര്‍ത്ഥമായി സിന്ധു കവിതയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.

സമൂഹത്തിലെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരെ കവിതയില്‍ കുടിയിരുത്തുക എന്ന ധര്‍മ്മംകൂടി ഈ കവിതകള്‍ നിര്‍വ്വഹിക്കുന്നുണ്ട്. പൊന്നാനിയിലെ കാഞ്ഞിരമുക്കും പരിസര പ്രദേശങ്ങളുമാണ് സിന്ധുവിന്റെ കവിതയുടെ ഭൂമിക. അവിടുത്തെ കര്‍ഷകരും ആശാരി മൂശാരി തട്ടാത്തിമാരും നായാടിയും ക്ഷുരകനുമൊക്കെ കവിതയില്‍ ആദരിക്കപ്പെടുന്നു. 'മാട്ടം' 'എത' പോലുള്ള ഇന്ന് പ്രചാരത്തിലില്ലാത്ത നിരവധി ഗ്രാമ്യപദങ്ങള്‍ക്ക് ഇരിപ്പിടം കിട്ടുന്നു. ലോകം ഒരു കുടക്കീഴിലേക്ക് ചുരുങ്ങുമ്പോള്‍ പ്രാദേശീയതയിലൂന്നിയുള്ള എഴുത്തിന് പ്രസക്തിയേറുകയാണ്.

 

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത