
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കാർബൺ ന്യൂട്രൽ അനന്തപുരി പദ്ധതിയിലൂടെ 100 ഇലക്ട്രിക് ഓട്ടോറിക്ഷകൾ സൗജന്യമായി വിതരണം ചെയ്യുകയാണ്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡാണ് ഈ ഓട്ടോറിക്ഷകൾ നിർമ്മിച്ചു നൽകുന്നതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന ഇ ഓട്ടോറിക്ഷകളിൽ ആദ്യത്തെ 10 എണ്ണത്തിന്റെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
കേരളത്തിൽ സമീപകാലത്തായി വലിയ കുതിപ്പാണ് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു. ആധുനിക വ്യവസായങ്ങളുടെ കാര്യത്തിൽ വലിയ നേട്ടം കൈവരിക്കുന്ന കേരളം ഇ വി മേഖലയിലും കുതിപ്പ് കൈവരിക്കുമെന്നുറപ്പാണെന്ന് മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലേക്ക് ഉൾപ്പെടെ നിരവധി ഓർഡറുകൾ നേടാൻ സമീപ കാലത്ത് കേരള ഓട്ടോയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നൂറ് വാർഡിൽ നൂറ് ഓട്ടോ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഉപജീവനമാർഗമില്ലാത്ത നിർധനർക്ക് കൈത്താങ്ങ് ആകുകയാണ് തിരുവനന്തപുരം കോർപ്പറേഷൻ. ഓരോ വാർഡിലേയും അർഹരായവരെ കൗൺസിലർമാർ വഴിയാണ് കണ്ടെത്തിയത്. മലിനീകരണം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ വിതരണം ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam