മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: 119 പേ‍ര്‍ക്കെതിരെ കേസ്

By Web TeamFirst Published Jun 9, 2019, 8:53 AM IST
Highlights

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച സംഭവത്തിൽ മൂന്ന് പേ‍ര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്

തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയെ അധിക്ഷേപിച്ച 119 പേ‍ര്‍ക്കെതിരെ ഈ സർക്കാരിന്റെ കാലത്ത് കേസെടുത്തെന്ന് സ‍ര്‍ക്കാര്‍ രേഖ. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിച്ചതിന് 41 സംസ്ഥാന സർക്കാർ ജീവനക്കാ‍ര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചെന്നും സര്‍ക്കാരിന്റെ രേഖകൾ പറയുന്നു.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചവരിൽ 12 പേർ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും ഒരാൾ കേന്ദ്രസർക്കാർ ജീവനക്കാരനുമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്തത് ഈയിടെയാണ്.

ജനുവരിവരെയുള്ള കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ നടപടിക്ക് വിധേയരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരിൽ  12 പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തെന്നും 29 പേർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ചെന്നും മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള സമൂഹമാധ്യമ അധിക്ഷേപങ്ങളിൽ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും രേഖകൾ പറയുന്നു.

ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദ കാലത്ത്, മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീർത്തികരമായ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചതിനു 38 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിൽ ആകെ 56 പ്രതികളുണ്ട്. ഇവരിൽ 26 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങൾ നടത്തിയതിന് 11 പരാതികൾ ലഭിച്ചിട്ടുണ്ട്.

മന്ത്രിമാരായ കെ.ടി ജലീൽ, കെ.കെ.ഷൈലജ ടീച്ച‍ര്‍, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, എംഎൽഎമാരായ എൻ.വിജയൻപിള്ള, എം.കെ മുനീർ, രാജു ഏബ്രഹാം, പി.സി ജോർജ്, എസ്.രാജേന്ദ്രൻ, അനൂപ് ജേക്കബ്, ആന്റണി ജോൺ, വി.ഡി.സതീശൻ, കെ.വി.അബ്ദുൽഖാദർ, വി.അബ്ദുറഹ്മാൻ, പി.വി.അൻവർ, കെ.എം.ഷാജി, കെ.ആൻസലൻ, ബി.സത്യൻ, വി.ജോയി എന്നിവര്‍ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നേരിട്ടതിന് നൽകിയ പരാതിയിലും നടപടി സ്വീകരിച്ചിട്ടുണ്ട്.

 

click me!