
മാന്നാര്‍: മാന്നാറിന്റെ വെങ്കല പെരുമഉയർത്തി തൊഴിലാളികളുടെ കരവിരുതില്‍ നിര്‍മിച്ച 1300 കിലോ തൂക്കമുള്ള വാര്‍പ്പ് കുരട്ടിക്കാട് ആലയ്ക്കല്‍ രാജന്റ ആലയില്‍ നിര്‍മാണം പൂര്‍ത്തിയായി. തൃപ്പൂണിത്തുറയിലെ പാചകക്കാരനായ സ്വകാര്യ വ്യക്തിയ്ക്കാണ് ഭീമാകാരമായ വാര്‍പ്പ് നിര്‍മിച്ച് നല്‍കുന്നത്.
ഒന്നേകാല്‍ ടണ്‍ ഭാരമുള്ളതും ആറര അടി വീതിയും, രണ്ടടി വ്യാസവും ഉള്ള വാര്‍പ്പാണ് ആലയില്‍ നിര്‍മിച്ചത്. മൂന്നുമാസത്തോളം വേണ്ടി വന്നു ഈ വാര്‍പ്പ് നിര്‍മാണത്തിന്. നിര്‍മാണത്തിന് മുന്നോടിയായി മോര്‍ഡിങ് നടത്തിവച്ചിരുന്നെങ്കിലും പ്രളയത്തില്‍ അത് തകര്‍ന്നുപോയി.
തൊഴിലാളികളുടെ അശ്രാന്തമായ പരിശ്രമത്തിലൂടെ മോര്‍ഡിങ് രുപപ്പെടുത്തിയുള്ള ബെയ്‌സില്‍ പശയുള്ള മണ്ണും കൊത്തിനുറുക്കിയ ചാക്ക് കക്ഷണങ്ങളും നന്നായി കുഴച്ചെടുത്ത് തേച്ച്പിടിപ്പിക്കും. പിന്നീട് അച്ചുതണ്ടില്‍ ഉറപ്പിച്ച് ബലപ്പെടുത്തിയ ശേഷം കുഴിയിലിട്ട് കോട്ടം തീര്‍ത്ത് മെഴുകില്‍ പൊതിഞ്ഞ് രൂപപ്പെടുത്തി കാതുകള്‍ പിടിപ്പിച്ചശേഷം അരച്ചമണ്ണ് പൊതിയുകയാണ് പതിവ്.
ഇത് ഉണങ്ങിയശേഷം പരക്കനായുള്ള മണ്ണ് പൊതിഞ്ഞ് വെയിലത്ത് ഉണക്കി പിന്നീട് മൂന്നുവട്ടം മണ്ണില്‍ പൊതിഞ്ഞ് കമഴ്ത്തിവച്ച് പുറകിലുള്ള പണികള്‍ തീര്‍പ്പാക്കി ചൂളയില്‍ വയ്ക്കും. ചൂടില്‍ മെഴുക് ദ്വാരത്തില്‍കൂടി ഒഴുകിമാറിയതിനു ശേഷം നല്ലതു പോലെ മോല്‍ഡന്‍ പതിപ്പിക്കും.
രണ്ട് ദിവസം തണുപ്പിച്ചശേഷം മണ്ണ്‌പൊട്ടിച്ച് ഉള്ളിലെ വാര്‍പ്പിനെ അലങ്കാര മിനുക്കുപണികള്‍ നടത്തി വിവിധ മുദ്രകള്‍പതിപ്പിച്ച് രൂപപ്പെടുത്തുന്നു. 30-ഓളം തൊഴിലാളികളുടെ പരിശ്രമത്തില്‍ രൂപപ്പെടുത്തിയ വാര്‍പ്പ് വെങ്കല ദേശത്തിന്റെ പെരുമയില്‍ ഇനിയും തൃപ്പൂണിത്തറയില്‍ ഇടം നേടും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam