
ഇടുക്കി: ഇടുക്കിയിൽ (Idukki) പതിനാല് വയസുള്ള പെൺകുട്ടി (14 year old girl) പ്രസവിച്ചു. അടിമാലി താലൂക് ആശുപത്രിയിലാണ് (Adimali Taluk Hospital) പതിനാലുകാരി പ്രസവിച്ചത്. ബൈസൻ വാലി സ്വദേശിനിയാണ് കുട്ടി. ബന്ധുവിന്റെ പീഡനത്തെ തുടർന്നാണ് പെൺകുട്ടി ഗർഭിണിയായതെന്നാണ് പ്രാഥമിക വിവരം. രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകിട്ടാണ് പതിനാലുകാരി അടിമാലി താലൂക്ക് ആശുപത്രിയിൽ ആൺ കുഞ്ഞിനെ പ്രസവിച്ചത്. പെൺകുട്ടിയുടെ അച്ഛൻ നേരത്തെ മരിച്ചുപോയതാണ്. അമ്മ പെരുമ്പാവൂരിൽ വീട്ടുജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. കൊവിഡ് കാലത്തിനു മുമ്പ് അമ്മക്കൊപ്പമായിരുന്നു കുട്ടിയും താമസിച്ചിരുന്നത്. കൊവിഡായതോടെ പെൺകുട്ടിയെ ബൈസൺവാലിയിലെ ബന്ധു വീട്ടിലാക്കുകയായിരുന്നു.
ബൈസൺവാലിയിലെ ബന്ധുവിന് നാലും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. 2020 ഡിസംബറിൽ ഈ വീട്ടിൽ വെച്ച് ബന്ധു തന്നെയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് പെൺകുട്ടിയുടെ മൊഴി. ശേഷം ഗർഭിണിയായ വിവരവും മറച്ചുവെച്ചു. ഇന്നലെ പെൺകുട്ടിക്ക് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ പ്രസവിക്കുകയും ചെയ്തു.
അടിമാലി താലൂക്കാശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് രാജാക്കാട് പോലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ബന്ധുവിനെതിരെ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിലെ നിരീക്ഷണത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും ചൈൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ ഹാജരാക്കും. ഇവിടെ നിന്ന് ഇരുവരെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam