
മൂന്നാര്‍: ജനിച്ചപ്പോള്‍ യാതൊരവിധ അസുഖങ്ങളും ജെറി ആന്‍റണിയെന്ന 15 കാരന് ഉണ്ടായിരുന്നില്ല. അവന്‍ മറ്റ് കുട്ടികളെപ്പോലെ മൂന്നാര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹൈസ്‌കൂളിലെത്തി പഠനം ആരംഭിച്ചു. രണ്ടാം ക്ലാസുവരെ മിടുക്കനായി പഠിച്ചു. എന്നാല്‍ തുടര്‍ന്നുപഠിക്കാന്‍ അവന് കഴിഞ്ഞില്ല. മസ്കുലാര്‍ ഡിസ്ട്രോഫി എന്ന അസുഖം ബാധിച്ച് പെട്ടന്നാണ് കുട്ടി കിടപ്പിലായത്. സ്വന്തമായി ഒന്ന് ഉറക്കെ ചിരിക്കുവാനോ കരയുവാനോ അവന് കഴിയുന്നില്ല.
വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനോ സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതിനോ അവന് കഴിയില്ല. മതാപിതാക്കളായ യേശുദാസും - ജ്യോതിയും ചികില്‍സതേടി വിവിധ ആശുപത്രിയിലെത്തിച്ചെങ്കിലും അസുഖം സുഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. മകന്‍ കിടപ്പിലായതോടെ ജ്യോതിക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. മൂന്നാറില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ മൂന്നാര്‍ കോളനിയില്‍ ഒരു തകരഷെഡ്ഡ് മറച്ചുകെട്ടിയാണ് ഈ കുടുംബം കഴിയുന്നത്.
പെട്ടെന്ന് അസുഖം മൂര്‍ച്ചിച്ചാല്‍ മകനെ ചുമന്ന് ചെങ്കുത്തായ സ്റ്റെപ്പിലൂടെ നടന്നിറങ്ങിവേണം മൂന്നാറിലെ ആശുപത്രിയിലെത്തിക്കാന്‍. 100 കിലോയാണ് ജെറിയുടെ ഭാരം. യേശുദാസിന് വയറ്റില്‍ ശസ്ത്രക്രിയ നടത്തിയതിന് ശേഷം മകനെ ചുമക്കാന്‍ കഴിയുന്നില്ല.
മകന് മതിയായ ചികിത്സ നല്‍കാനോ വിദ്യാഭ്യാസം നല്‍കാനോവേണ്ടി പുറത്തുകൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് വാഹനം പോലുമെത്താത്ത ഈ കോളനിയിലെ വീട്ടിലുരുന്ന് വിതുമ്പുകയാണ് കുടുംബം. വാഹനമെത്താന്‍ സൗകര്യമുള്ളൊരിടത്ത് ഒരു സെന്‍റ് ഭൂമി ലഭിച്ചിരുന്നെങ്കില്‍ അസുഖം ബാധിച്ച കുട്ടിയെ ചികില്‍സിക്കാന്‍ കഴിയുമായിരുന്നെന്ന് ജ്യോതി പറയുന്നു.
മകനിപ്പോള്‍ പനി ബാധിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്ന് ജ്യോതി കണ്ണീരടക്കാതെ പറഞ്ഞ് നിര്‍ത്തി. മൂന്നാര്‍ ബിആര്‍സിയുടെ ശ്രമഫലമായി ജെറിയ്ക്ക് ഏഴാം ക്ലാസിലേക്ക് പ്രവേശം നല്‍കി. മല്ലിക ടീച്ചറാണ് കുട്ടിയെ ആഴ്ചയില്‍ ഒരുദിവസം വീട്ടിലെത്തി പഠിപ്പിക്കുന്നത്. മഹാലക്ഷ്മി ഫിസിയോ തെറാപ്പിയും നല്‍കുന്നു. ഓണക്കാലത്തോടനുബന്ധിച്ച് കുട്ടിക്ക് പാതയോരത്ത് സര്‍ക്കാര്‍ ഭൂമി അനുവധിക്കണമെന്നാണ് ഇവരുടെ നിസ്സഹായത് അറിയുന്നവരെല്ലാം ആവശ്യപ്പെടുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam