
മാനന്തവാടി: പ്രതിക്ഷിക്കാതെ എത്തിയ സഹപാഠിയുടെ മരണവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടലിലാണ് വയനാട്ടിലെ വാളാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ. തിങ്കളാഴ്ച വൈകുന്നേരം ആറരക്ക് വാളാട് കൂടന്‍കുന്ന് മുസ്‌ലിം പള്ളിക്കുസമീപത്തെ പുഴയില്‍ മുങ്ങിമരിച്ച തവിഞ്ഞാല്‍ വാളാട് മുസ്ലിയാര്‍ ഹൗസില്‍ മുഹമ്മദ് ആദില്‍(16) എന്ന വിദ്യാര്‍ഥിയുടെ വേര്‍പ്പാടില്‍ സങ്കടമടക്കാന്‍ പാടുപെടുകയാണ് നാട്ടിലെയും സ്‌കൂളിലെയും കൂട്ടുകാര്‍. ആ വാർത്തയറിഞ്ഞ നടുക്കത്തിൽ നിന്നും അവരിനിയും മോചിതരായിട്ടില്ല.
വാളാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച ആദില്‍. തിങ്കളാഴ്ച പതിവുപോലെ കൂട്ടുകാരുമൊത്ത് ഫുട്ബോള്‍ കളിച്ചതിനു ശേഷം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. നീന്തല്‍ വശമുണ്ടായിരുന്ന കുട്ടിയായിരുന്നുവെങ്കിലും ഏതോ നിമിഷത്തില്‍ പുഴയിലെ തണുപ്പിലും ഒഴുക്കിലും അവന്‍ കൈവിട്ടുപോയതായിരിക്കാമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. മഴ പെയ്ത് പുഴയില്‍ സാധാരണയിലും കവിഞ്ഞ് ഒഴുക്കുണ്ടായിരുന്നു.
അപകടം നടന്ന ഉടനെ സമീപവാസികള്‍ നടത്തിയ തിരച്ചിലില്‍ കാണാതായിടത്തുനിന്ന് ഏകദേശം ഇരുന്നൂറു മീറ്റര്‍ മാറി 6.50-ഓടെ ആദിലിനെ കണ്ടെത്തി വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച്ച പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം വാളാട് കൂടന്‍കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഖാലിദാണ് ആദിലിന്റെ പിതാവ്. മാതാവ്: സുമയ്യ. സഹോദരന്‍: മുഹമ്മദ് അനീസ്.
Read More : ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് ഭർത്താവ് വിലക്കി, വഴക്കിട്ടു; 2 കുട്ടികളുടെ അമ്മയായ യുവതി ജീവനൊടുക്കി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam