നെയ്യാറിൽ 2 ജീവൻ കൂടി പൊലിഞ്ഞു, തലസ്ഥാനത്ത് 16 അപകട മേഖലകളിലായി മുങ്ങിമരണം പെരുകുന്നു; 7 വർഷത്തിനിടെ 352 ജീവൻ നഷ്ടം

Published : Jul 26, 2025, 01:30 AM ISTUpdated : Jul 29, 2025, 03:39 PM IST
NEWS

Synopsis

2019 മുതൽ 2025 വരെ കുട്ടികളും വിദേശികളും ഉൾപ്പടെ 352 പേർ ജില്ലയിൽ മാത്രം മരിച്ചിട്ടുള്ളതായിട്ടാണ് ഫയർ ആന്‍റ് റെസ്‌ക്യൂ വകുപ്പ് നൽകുന്ന കണക്ക്. ഇതിൽ 315 പുരുഷന്മാരും 37 സ്ത്രീകളുമാണ്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ മുങ്ങിമരണങ്ങളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങുകയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും. നെയ്യാര്‍ റിസര്‍വോയറിലെ അമ്പൂരി പന്തപ്ലാമൂട് ആനക്കുളത്തില്‍ കഴിഞ്ഞ ദിവസവും രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചിരുന്നു. കാട്ടാക്കട തൂങ്ങാംപാറ സ്വദേശി ദുര്‍ഗ്ഗാദാസ് (22), അമ്പൂരി പൂച്ചമുക്ക് സ്വദേശി അര്‍ജുന്‍ (20) എന്നിവരാണ് മരിച്ചത്. ഫയർഫോഴ്സും പൊലീസും മണിക്കൂറുകൾ നീണ്ട തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്താനായത്. പിന്നാലെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്.

അടുത്തിടെ ചാക്ക ഐ ടി ഐയിലെ വിദ്യാർഥിക്കും ഇതിന് സമീപത്തായി ജീവൻ നഷ്ടമായിരുന്നു. 'ജീവനം - ജീവനോട് ജാഗ്രതയുടെ യുദ്ധം' എന്ന പേരിൽ അധികൃതർ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ജലസുരക്ഷയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതോടൊപ്പം ദുരന്തങ്ങൾ ഒഴിവാക്കുന്നതിന് വേണ്ട മുൻകരുതലുകളും ഒരുക്കുകയാണ് ക്യാമ്പയിന്‍റെ ലക്ഷ്യം. 2019 മുതൽ 2025 വരെ കുട്ടികളും വിദേശികളും ഉൾപ്പടെ 352 പേർ ജില്ലയിൽ മാത്രം മരിച്ചിട്ടുള്ളതായിട്ടാണ് ഫയർ ആന്‍റ് റെസ്‌ക്യൂ വകുപ്പ് നൽകുന്ന കണക്ക്. ഇതിൽ 315 പുരുഷന്മാരും 37 സ്ത്രീകളുമാണ്.

ക്യാമ്പയിന്‍റെ ഭാഗമായി ഫയർ ആൻഡ് റെസ്‌ക്യൂ, ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവയുടെ സഹായത്തോടെ മുങ്ങിമരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകളെ ദുരന്തനിവാരണ നിയമ പ്രകാരം അപകടമേഖലയായി പ്രഖ്യാപിക്കാൻ ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കല്ലാർ, കൊല്ലമ്പുഴ, അരുവിപ്പുറം, മങ്കയം, ചെല്ലഞ്ചി, പാലോട്, അരുവിക്കര ഡാം, വട്ടിയൂർക്കാവ് ആയിരവല്ലി തമ്പുരാൻ ക്ഷേത്രക്കടവ്, നെയ്യാർ ജലാശയം, മൂന്നാറ്റുമുക്ക്, ആനന്ദേശ്വരം, പൂവൻപാറ, കുണ്ടമൺകടവ്, കൂവക്കുടി പാലം, അരുവിപ്പുറം, പൊഴിക്കര എന്നീ 16 കടവുകളാണ് അപകടമേഖലകളായി തിരിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ആവശ്യമായ സൂചനാ ബോർഡുകൾ വെയ്ക്കുക, കുട്ടികൾ ഉൾപ്പടെ എല്ലാവർക്കും കൂടുതൽ ബോധവത്കരണം നൽകുക, ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ ജലസുരക്ഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

അപകടമേഖലകളിൽ ലൈഫ് ഗാർഡുകളെ നിയോഗിക്കുന്നതിനും ഫസ്റ്റ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ക്യാമ്പയിനിന്‍റെ ഭാഗമായി ലൈവ് ഡെമോൺസ്‌ട്രേഷൻ ഡ്രൈവുകളും അവബോധന ക്ലാസുകളും ഫയർ ആൻഡ് സേഫ്റ്റി വകുപ്പിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിലും മറ്റു ജലമേഖലയിൽ പ്രവർത്തിക്കുന്നവർക്കായും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ