
മലപ്പുറം: മലപ്പുറം കാളികാവിൽ നിന്നും പിടികൂടിയ നരഭോജിക്കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. ഇന്നലെ രാത്രി വൈകിയാണ് എത്തിച്ചത്. കടുവയെ ഇന്ന് ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റും. 21 ദിവസം ഇവിടെ കോറന്റൈനിൽ പാർപ്പിക്കും. സന്ദർശകർക്ക് കർശന വിലക്കുണ്ട്. ഇന്നലെയാദ്യം കടുവയെ അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ട് പോയിരുന്നു. വിശദമായ ആരോഗ്യ പരിശോധനക്ക് ശേഷം ബാക്കി തീരുമാനമെടുക്കുമെന്ന് ഇന്ന് തന്നെ വനംവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇന്നലെ രാവിലെയാണ് കാളികാവ് സുൽത്താന എസ്റ്റേറ്റിലെ കെണിയിൽ കടുവ കുടുങ്ങിയത്. കൂട്ടിൽ കുടുങ്ങിയ കടുവയെ വാഹനത്തിലേക്ക് കയറ്റാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധിച്ച് തടിച്ചു കൂടിയിരുന്നു. ഇനി കാട്ടിലേക്ക് തുറന്നു വിടില്ല എന്ന് അധികൃതർ ഉറപ്പു നൽകിയതോടെയാണ് നാട്ടുകാർ കടുവയുടെ കൂട് വനംവകുപ്പിന്റെ വാഹനത്തിലേക്ക് കയറ്റാൻ സമ്മതിച്ചത്. അതേ സമയം 15 വയസോളം പ്രായമായ കടുവയാണെന്നും വേട്ടപല്ലുകൾ വരെ നഷ്ടമായിട്ടുണ്ടെന്നുമാണ് വിവരം. സൈലന്റ് വാലി ഡാറ്റാ ബേസിൽ പെട്ട കടുവയാണ് കൂട്ടിൽ കുടുങ്ങിയിരിക്കുന്നത്. ദൗത്യത്തിന്റെ 53-ാം ദിവസമാണ് കടുവ കൂട്ടിൽ കുടുങ്ങിയത്.
മെയ് 15ന് ആണ് കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയായ പാലത്തിങ്ങലിലെ കളപ്പറമ്പിൽ ഗഫൂർ അലിയെ (44 ) കടുവ ആക്രമിച്ച് കൊന്ന് തിന്നു. സുഹൃത്തായ അബ്ദുൽ സമദ് കണ്ടുനിൽക്കേയാണ് കടുവ ഗഫൂറിനു മേൽ ചാടിവീണ് കഴുത്തിനു പിന്നിൽ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയത്. ഇതോടെ കടുവക്കായി പ്രദേശത്ത് 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർആർട്ടി സംഘങ്ങളായി തെരച്ചിൽ തുടരുകയും കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ കടുവ ഇത്രയും നാളായിട്ടും കെണിയിലായിരുന്നില്ല. ലൈവ് സ്ട്രീമിംഗ് ക്യാമറകൾ, ഡ്രോണുകൾ, മൂന്ന് കൂടുകൾ, രണ്ട് കുങ്കി ആനകൾ, മൂന്ന് വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെ ഉപയോഗിച്ചാണ് വനം വകുപ്പ് തെരച്ചിൽ നടത്തിയിരുന്നത്. അതേ സമയം, മെയ് അവസാനത്തോടെ ആളക്കൊല്ലി കടുവക്കായി വെച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam