
പരിയാരം: ചെറുതാഴം കക്കോണിയിലും, അറത്തിപ്പറമ്പിലുമായി രണ്ട് വീടുകളില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന മോഷ്ടാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗിലെ ഗാര്‍ഡന്‍ വളപ്പില്‍ പി.എച്ച് ആസിഫിനെയാണ് (24) പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബുധനാഴ്ച പിടികൂടിയത്. ഫെബ്രുവരി-14 ന് പകലായിരുന്നു ഇയാള്‍ മോഷണം നടത്തിയത്. ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 20,300 രൂപയുമാണ് രണ്ട് വീടുകളില്‍ നിന്നായി കവര്‍ച്ച ചെയ്തത്. രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന പ്രതിയെ കാഞ്ഞങ്ങാടു നിന്നാണ് പൊലീസ് പിടികൂടിയത്.
ചെറുതാഴം കക്കോണി സ്വദേശിയായ കെ രാജന്‍റെ (58) വീടാണ് മോഷണം നടന്ന ഒരു സ്ഥലം. രാവിലെ 10 മണിക്കും ഉച്ചക്ക് ഒന്നിനും ഇടയിലായിരുന്നു സംഭവം. അടുക്കള ഭാഗത്തെ ഗ്രില്‍സും ഡോറും തുറന്നാണ് ഇയാള്‍ അകത്തുകയറിയത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച രാജന്‍റെ മകളുടെ നാല് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഭാര്യയുടെ പേഴ്സില്‍ ഉണ്ടായിരുന്ന 2,300 രൂപയുമാണ് മോഷ്ടിച്ചത്.
ചെറുതാഴം അറത്തിപ്പറമ്പ് സ്വദേശിയായ കെ വി സാവിത്രിയുടെ (57) വീട്ടിലാണ് ഇയാള്‍ രണ്ടാമത് കയറിയത്. ഉച്ചക്ക് 12 നും വൈകുന്നേരം 5 നും ഇടയിലായിരുന്നു കവര്‍ച്ച.
ഒന്നരലക്ഷം രൂപ വിലമതിക്കുന്ന രണ്ടരപവന്‍ സ്വര്‍ണാഭരണങ്ങളും 18,000 രൂപയുമാണ് സാവിത്രിയുടെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടത്. രണ്ടു വീട്ടുകാരും ഉത്സവം കാണാന്‍ പോയപ്പോഴായിരുന്നു മോഷണം. 25 കേസുകളില്‍ പ്രതിയാണ് ആസിഫ്.
സാധാരണ മോഷ്ടാക്കളില്‍ നിന്നും വ്യത്യസ്തമായ രീതിയാണ് ആസിഫ് സ്വീകരിക്കാറുള്ളെതന്ന് പോലീസ് പറഞ്ഞു. അപരിചിതമായ സ്ഥലത്തേക്ക് ബസുകളിലാണ് ഇയാള്‍ സഞ്ചരിക്കുക. യാത്രയില്‍ മൊബൈൽ ഫോൺ ഉപയോഗിക്കില്ല. ഗ്രാമപ്രദേശങ്ങളിലൂടെ നടന്ന് മോഷണം നടത്താനുള്ള വീടുകള്‍ കണ്ടെത്തുകയാണ് പതിവ്. ഇതിനായി ഇരുപത് കിലോമീറ്ററുകള്‍ വരെ ഇയാള്‍ നടന്നുപോകാറുണ്ട്. ആള്‍ത്താമസമില്ലാത്ത വീടുകള്‍ കണ്ടെത്തി അനുകൂല സാഹചര്യം നോക്കി മോഷണം നടത്തുകയാണ് പതിവ്. കൂടുതലും പണം മാത്രമാണ് ഇയാള്‍ മോഷ്ട്ടിക്കാറുള്ളത്. മോഷണം നടത്തിയ ശേഷം മംഗളൂരു, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെത്തി ആഡംബര ഹോട്ടലുകളിലും മറ്റ് താമസിച്ച് സുഖിച്ച് ജീവിക്കാറാണ് പതിവ്. പണം തീര്‍ന്നാല്‍ പതിവ് രീതികള്‍ തുടരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam