ആറാം നമ്പര്‍ പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു, നാടിന്റെ നോവായി 25കാരന്‍

Published : Sep 18, 2023, 07:28 AM IST
ആറാം നമ്പര്‍ പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു, നാടിന്റെ നോവായി 25കാരന്‍

Synopsis

ഞായറാഴ്ച ഉച്ചയ്ക്കാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്

കല്‍പ്പറ്റ: കൂട്ടുകാരോടൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. താഴെ അരപ്പറ്റ മഞ്ഞിലാന്‍കുടിയില്‍ ഉണ്ണികൃഷ്ണന്‍ (25) ആണ് മരിച്ചത്. കല്‍പ്പറ്റ മേലേ അരപ്പറ്റ ആറാം നമ്പര്‍ പുഴയിലായിരുന്നു അപകടം. 

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഉണ്ണികൃഷ്ണന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ നാട്ടുകാര്‍ ഉണ്ണികൃഷ്ണനെ കരക്കെത്തിച്ച് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാന്തന്‍പാറ വെള്ളച്ചാട്ടത്തിന്റെ ഭാഗമാണ് ഉണ്ണികൃഷ്ണന്‍ അപകടത്തില്‍പ്പെട്ട അരപ്പറ്റ ആറാംനമ്പര്‍ പുഴ.

കോളേജ് അധ്യാപകന്‍ വാഹനാപകടത്തില്‍ മരിച്ചു

മലപ്പുറം വളാഞ്ചേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോളേജ് അധ്യാപകൻ മരിച്ചു. പാലക്കാട് പട്ടാമ്പി ചെമ്പ്ര സ്വദേശി പ്രസാദാണ് മരിച്ചത്. ഇരിമ്പിളിയം പുറമണ്ണൂരിലെ സ്വകാര്യ കോളേജിൽ ഫിസിക്സ് അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. 

പുലർച്ചെ വളാഞ്ചേരി-മൂച്ചിക്കൽ ബൈപാസിന് സമീപമാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കടമുറിയിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു. പുലർച്ചെ 3 മണിയോടെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ വളാഞ്ചേരി പൊലീസാണ് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്ക് മരണം സംഭവിച്ചു. 

എങ്ങനെയാണ് അപകടമുണ്ടായത് എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി