അത്രമേൽ ആകർഷിക്കും, കണ്ടാൽ ഇറങ്ങും ജലതുരുത്ത്, പക്ഷേ നിമിഷ നേരത്തിൽ അപകടം; 27 ജീവനെടുത്ത പതങ്കയം, ഒടുവിൽ അലനും, ഇത് 'മരണക്കയ'മെന്ന് നാട്ടുകാര്‍

Published : Aug 07, 2025, 03:20 PM IST
Pathankayam Waterfalls

Synopsis

ആരേയും ആകർഷിക്കുന്ന ജലതുരുത്താണ് കോടഞ്ചേരി നാരങ്ങാതോട് പതങ്കയം വെള്ളച്ചാട്ടം. തെളിമയാർന്ന വെള്ളം കാണുന്ന ആരെയും ഇറങ്ങാൻ പ്രേരിപ്പിക്കുന്നതാണ്. എന്നാൽ അപകടവും നിമിഷ നേരം കൊണ്ട് ഉണ്ടാകാറുണ്ട് ഈ ജലതുരുത്തിൽ

കോഴിക്കോട്: റീല്‍സിലെ മനോഹാരിത കണ്ട് അത് നേരിട്ടാസ്വദിക്കാന്‍ കോഴിക്കോട് ജില്ലയിലെ പതങ്കയത്ത് എത്തിയവരില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് 27 പേര്‍ക്ക്. കഴിഞ്ഞ ദിവസം നിലയില്ലാ കയത്തില്‍ അകപ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശി കച്ചേരിപ്പടിയിലെ പതിനേഴുകാരനായ അലന്റെ മരണം ഉള്‍പ്പെടെയുള്ളവരുടെ കണക്കാണിത്. നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് അലന്റെ മൃതദേഹം അഗ്നിരക്ഷാ സേനയും സന്നദ്ധ സേനാംഗങ്ങളും ചേര്‍ന്ന് കണ്ടെത്തിയത്. യുവാക്കളുടെ ജീവനാണ് ഈ പുഴയില്‍ ഏറെയും പൊലിഞ്ഞു പോയതെന്ന് നാട്ടുകാര്‍ പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ റീല്‍സായും അല്ലാതെയും തെളിഞ്ഞ നീല നിറത്തിലുള്ള പതങ്കയത്തിന്റെ മനോഹാരിത കണ്ട് ആസ്വദിക്കാനെത്തുന്നവര്‍ പക്ഷേ, വരാനിരിക്കുന്ന ദുരന്തം കാണാതെ പോകുകയാണ്. അപകടം തിരിച്ചറിയുമ്പോഴേക്കും ഈ മരണക്കയത്തിലേക്ക് തിരിച്ചുവരാനാകാത്ത വിധം അവര്‍ ആഴ്ന്നുപോയിരിക്കും.

മലയമ്മ സ്വദേശിയായ ഹുസ്‌നി മുബാറഖ് എന്ന യുവാവിനെ ഈ പുഴയില്‍ കാണാതായി 18 ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയതെന്ന് അഗ്നിരക്ഷാ സേനയുടെ സിവില്‍ ഡിഫന്‍സ് അംഗം സിനീഷ് കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. വേനല്‍ക്കാലത്ത് പോലും നാലോ അഞ്ചോ പേരുടെ ആഴമുള്ള ഈ ഭാഗത്ത് അപകട സാധ്യത ഏറെയാണ്. അധികൃതരും നാട്ടുകാരും ജാഗ്രതാ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത ഭാഗങ്ങളില്‍ക്കൂടി കുറുക്കുവഴികളിലൂടെ ഇവിടെ നിരവധി പേര്‍ എത്തിച്ചേരുന്നുണ്ട്.

ആരേയും ആകർഷിക്കുന്ന ജലതുരുത്താണ് കോടഞ്ചേരി നാരങ്ങാതോട് പതങ്കയം വെള്ളച്ചാട്ടം. തെളിമയാർന്ന വെള്ളം കാണുന്ന ആരെയും ഇറങ്ങാൻ പ്രേരിപ്പിക്കുന്നതാണ്. എന്നാൽ അപകടവും നിമിഷ നേരം കൊണ്ട് ഉണ്ടാകാറുണ്ട് ഈ ജലതുരുത്തിൽ. ഏത് സമയവും അപ്രതീക്ഷിതമായി വെള്ളം ഉയരുമെന്നതും ഈ ജലത്തുരുത്തിലെ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. പാറക്കെട്ടുകളിലെ വഴുവഴുപ്പും കയങ്ങളും നീന്തല്‍ അറിയുന്നവരെപ്പോലും അപകടത്തില്‍പ്പെടുത്തും. ഇരുവഞ്ഞിപ്പുഴയുടെ ഭാഗമായ പതങ്കയും കോടഞ്ചേരി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയായ സമയത്ത് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ടായിരുന്നു. പൊലീസ് പട്രോളിംഗും ഹോംഗാര്‍ഡിന്റെ സേവനവും കര്‍ശനമാക്കി. എന്നാല്‍ അല്‍പം ഇളവ് വന്നതോട് ഈ മരണത്തുരുത്ത് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

PREV
Read more Articles on
click me!

Recommended Stories

വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം
സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി, ഒളിവിൽപോയ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും വർഷങ്ങൾക്ക് ശേഷം വിജിലൻസ് പിടിയിൽ