
തിരുവനന്തപുരം: സ്കൂൾ കോളെജ് വിദ്യാർഥികൾക്ക് വിൽപന നടത്താനെത്തിച്ച കഞ്ചാവും മയക്കുമരുന്ന് ഗുളികകളും എംഡിഎംഎയുമായി യുവാവിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി ഇളംകുളം സ്വദേശി റോളക്സ് പുലി എന്ന അംബേദ്‌കറാണ് (27) പിടിയിലായത്. തോട്ടവാരം ബൈപ്പാസിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കോളെജ് വിദ്യാർഥികൾക്ക് കഴിഞ്ഞ കുറേനാളുകളായി സിന്തറ്റിക് മയക്കുമരുന്നുകളം കഞ്ചാവും ഇയാൾ വിൽക്കുന്നതായി പൊലിസ് പറയുന്നു. ഇയാൾക്കെതിരെ നിരവധി ലഹരിമരുന്ന് കടത്ത് കേസുകളും വിവിധ സ്റ്റേഷനുകളിലുണ്ട്.
ആറ്റിങ്ങലിൽ വിവിധ സ്ഥലങ്ങളിലായി വിതരണം ചെയ്യാനായി കൊണ്ടുവന്ന 75ഓളം മയക്കുമരുന്ന് ഗുളികകളും 6.1ഗ്രാം മെത്താംഫിറ്റമിൻ, 23ഗ്രാം കഞ്ചാവ് എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു. 2018ൽ ആറ്റിങ്ങലിൽ സജു എന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസുൾപ്പെടെ അയിരൂർ, പാരിപ്പള്ളി, വർക്കല,പള്ളിക്കൽ സ്റ്റേഷനുകളിലും അംബേദ്ക്കറിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. മയക്കുമരുന്ന് തൂക്കാനുള്ള ഇലക്ട്രോണിക് ത്രാസും ഇയാളിൽ നിന്നു കണ്ടെടുത്തു. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചാണ് ഇയാൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇയാൾ ചില്ലറ വിൽപന നടത്തുന്നത്.