Gold Smuggling : കാറിനുള്ളിൽ രഹസ്യ അറ, പരിശോധനയിൽ മൂന്നേകാൽ കോടിയുടെ സ്വർണം; പ്രതിയും കാറും പിടിയിൽ

By Web TeamFirst Published Dec 23, 2021, 6:31 PM IST
Highlights

കാറിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണം. കാർ ഓടിച്ചിരുന്ന മഹാരാഷ്ട്ര കോലാപൂർ സ്വദേശി മഹേഷിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്

കാസർകോട്: കസ്റ്റംസ് പരിശോധനയിൽ (Customs Inspection) കാസർകോട് വൻ സ്വർണ്ണക്കടത്ത് (Gold Smuggling) പിടികൂടി. കാറിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടി വിലവരുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശിയെ മഹേഷിനെ അറസ്റ്റ് ചെയ്തു. കാറിൽ കടത്തുകയായിരുന്ന ആറ് കിലോ 600 ഗ്രാം സ്വർണമാണ് പരിശോധനയിൽ കസ്റ്റംസ് പിടികൂടിയത്.

കാറിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണം. കാർ ഓടിച്ചിരുന്ന മഹാരാഷ്ട്ര കോലാപൂർ സ്വദേശി മഹേഷിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. കാസർകോട് വഴി കാറിൽ സ്വർണ്ണം കടത്തുകയാണെന്ന് കസ്റ്റംസിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാഞ്ഞങ്ങാട് കാസർകോട് സംസ്ഥാന പാതയിൽ ചന്ദ്രഗിരിപ്പാലത്തിന് സമീപത്തുവച്ചായിരുന്നു കസ്റ്റംസ് പരിശോധനയിൽ വാഹനം കുടുങ്ങിയത്. ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വാഹനം തിരിച്ചറിഞ്ഞ് തടയുകയായിരുന്നുവെന്ന് കസ്റ്റംസ് എ സി വികാസ് വ്യക്തമാക്കി. പരിശോധനയിൽ രഹസ്യ അറയിൽ നിന്നാണ് സ്വർണം കണ്ടെത്തിയതെന്നും അദ്ദേഹം വിവരിച്ചു.

കണ്ണൂരിൽനിന്ന് മംഗളൂരുവിലേക്ക് കടത്തുകയായിരുന്നു സ്വർണ്ണം. സ്വർണ്ണം കടത്തിയ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്വർണ്ണക്കടത്തിന് പിന്നിലുള്ളവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് എ സി വ്യക്തമാക്കി. കാസർകോട് വഴി വ്യാപകമായി സ്വർണക്കടത്ത് തുടരുന്നു എന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തൽ.

 

click me!