
ഇടുക്കി: മാങ്കുളം വലിയ പാറകുട്ടിയിൽ പുഴയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ റിചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. സ്കൂളിൽ നിന്നും മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്.
മാങ്കുളം ആനക്കുളത്ത് നിന്ന് ഏതാണ്ട് ഒരു കിലോമീറ്ററോളം അകലെയുള്ള വലിയ പാറകുട്ടിയിലാണ് അപകടം സംഭവിച്ചത്. അങ്കമാലി സ്കൂളിൽ നിന്നുള്ള 30 ഓളം വിദ്യാർഥികളും അധ്യാപകരും അടക്കമുള്ള സംഘമാണ് മാങ്കുളത്ത് വിനോദയാത്രക്ക് എത്തിയത്. ഈ കുട്ടികൾ കുളിക്കാനിറങ്ങിയതായിരുന്നു. അഞ്ച് കുട്ടികളാണ് കുളിക്കാനിറങ്ങിയത്. ഇവരിൽ മൂന്ന് കുട്ടികളാണ് മുങ്ങിമരിച്ചത്. രണ്ട് കുട്ടികളെ രക്ഷിക്കാനായി. നാട്ടുകാരടക്കം ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുങ്ങിയ കുട്ടികളെ രക്ഷാപ്രവർത്തനം നടത്തിയവർ കണ്ടെത്തി വേഗം തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇവിടെ മുങ്ങി രണ്ട് പേർ മരിച്ചിരുന്നു. അപകടസ്ഥലത്തിന് സമീപത്തായി മുന്നറിയിപ്പുകളൊന്നും സ്ഥാപിച്ചിരുന്നില്ല.
അതേസമയം ഇന്ന് തൃശ്ശൂർ ചാവക്കാടും വെള്ളത്തിൽ മുങ്ങി വിദ്യാർഥി മരിച്ചിരുന്നു. ചാവക്കാട് പാലയൂർ സെന്റ് തോമസ് പള്ളിക്കുളത്തിൽ പന്ത്രണ്ട് വയസുകാരനാണ് മുങ്ങി മരിച്ചത്. പാലയുർ എടക്കളത്തൂർ വീട്ടിൽ ഷൈബൻ - ജസീല ദമ്പതികളുടെ മകൻ ഹർഷ് നിഹാർ ( 1 1) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. നാട്ടുകാരും ഗുരുവായൂർ ഫയർ ഫോഴ്‌സും ചേർന്ന് ഹർഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പലയൂർ സെന്റ് ജോസഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ഹർഷ് നിഹാർ.
ചാവക്കാട് പന്ത്രണ്ടുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam