
കൊല്ലം: പെരിനാട് ഗ്രാമപഞ്ചായത്തില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പിന്നാലെയെത്തും നിയമത്തിന്‍റെ കുരുക്ക്. ക്യാമറകെണിയൊരുക്കി കാത്തിരിപ്പിലാണ് പഞ്ചായത്ത് ഭരണസമിതി. പലവട്ടംപറഞ്ഞിട്ടും കേള്‍ക്കാത്ത വിരുതുള്ളവരെ തെളിവോടെ കുടുക്കാനായി മുക്കിലും മൂലയിലും ക്യാമറക്കണ്ണുകള്‍ തുറന്നിരിപ്പുണ്ട്. മാലിന്യരഹിത പരിസരമെന്ന വലിയ ലക്ഷ്യത്തിന് നാട്ടിലെല്ലാവരുടേയും സഹകരണം കിട്ടുന്നില്ലന്ന് കണ്ടാണ് തെളിവുകള്‍ സഹിതമുള്ള നിയമവഴിയിലേക്ക് തിരിഞ്ഞത്.
മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി 14 സ്ഥലങ്ങളിലായി 31 ക്യാമറകളാണ് സ്ഥാപിച്ചത്. 2024-25 സാമ്പത്തികവര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,75,0000 രൂപയാണ് മാലിന്യകാവലിന് വിനിയോഗിച്ചത്. സമ്പൂര്‍ണ മാലിന്യമുക്ത പ്രഖ്യാപനം നടത്തിയെങ്കിലും മാലിന്യം പൊതുയിടങ്ങളില്‍ നിരന്തരം വലിച്ചെറിയുന്ന പ്രവണതയ്ക്ക് അവസാനമാകാത്തത് വെല്ലുവിളിയായി തുടരുകയായിരുന്നു.
ഇരുട്ടിന്‍റെ മറവില്‍ മാത്രമല്ല പട്ടാപകലും മാലിന്യം തള്ളാന്‍ മത്സരമായിരുന്നു പലര്‍ക്കും. ഇതോടെ രാപകല്‍ പ്രവര്‍ത്തിക്കുന്ന നൈറ്റ് വിഷന്‍ ക്യാമറയാണ് എല്ലായിടത്തും സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് സഹിതം തിരിച്ചറിയാന്‍ ക്ഷമതയുള്ള അത്യാധുനിക ക്യാമറകളാണിവ. കെല്‍ട്രോണ്‍ ആണ് ക്യാമറകള്‍ സ്ഥാപിച്ചത്. അറ്റകുറ്റപ്പണിയും മേല്‍നോട്ടവും ഉള്‍പ്പെടെ ഒരു വര്‍ഷത്തേക്ക് കരാര്‍ നല്‍കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിലാണ് ക്യാമറകളുടെ നിയന്ത്രണം. പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന സ്ഥിരം മാലിന്യം തള്ളുന്ന ചന്ദനത്തോപ്പ് ഐടിഐ ജങ്ഷന്‍, കൈതാകോടി, കേരളപുരം ബസ് സ്റ്റോപ്പ്, റെയില്‍വേ അടിപ്പാത, കൈതാകോടി അങ്കണവാടി, മാമ്പഴക്കടവ്, ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍, മിനി എം സി എഫ്, വയലില്‍ ഭാഗം, ഇളമ്പള്ളൂര്‍ റോഡ്, ഉഴുന്നുവിളമുക്ക്, ഇടവട്ടം എ വാര്‍ഡ്, ചന്ദനത്തോപ്പ് ഐടിഐ, എംസിഎഫ് പെരിനാട് എന്നിവിടങ്ങളില്‍ 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. മറ്റിടങ്ങളിലേക്കും പുതിയ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
പൊതുയിടങ്ങളെ വിവിധഭാഗങ്ങളായി തിരിച്ച് ഒരിടത്ത്തന്നെ രണ്ട് ക്യാമറകളുടെ നിരീക്ഷണം ഉറപ്പാക്കിയുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പഞ്ചായത്ത് കെട്ടിടവും പൂര്‍ണമായും ക്യാമറ നിരീക്ഷണത്തിലാണ്. പഞ്ചായത്ത് സെക്രട്ടറി ജി ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമിനാണ് നിരീക്ഷണ ചുമതല. ക്യാമറകള്‍ തത്സമയം നിരീക്ഷിച്ച് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ അതിവേഗം നടപടി സ്വീകരിക്കും. കൈതാകോടിയിലുള്ള ക്യാമറ പൂര്‍ണമായും സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പ്രസിഡന്‍റ് ദിവ്യ ജയകുമാര്‍ പറഞ്ഞു. ക്യാമറകള്‍ സ്ഥാപിച്ചതോടെ മാലിന്യം വലിച്ചെറിയുന്ന രീതിക്ക് മാറ്റംവന്നുതുടങ്ങിയെന്നും വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam