
തൃശൂർ: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ യുവാവിന് 37 വർഷം കഠിനതടവും, 1,25,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. വാടാനപ്പിള്ളി ബീച്ച് തറയിൽ വീട്ടിൽ ബിനീഷി (34)നെയാണ് കുന്നംകുളം പോക്സോ ജഡ്ജ് എസ്.ലിഷ ശിക്ഷിച്ചത്. പിഴ സംഖ്യയിൽ 50,000 രൂപ അതിജീവിതക്ക് നൽകാനും കോടതി വിധിച്ചു. 2017- ലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതനും ഭാര്യയും മക്കളുമുള്ള പ്രതി ഭാര്യയെ ഉപേക്ഷിച്ച് പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
പിന്നീട് അതിജീവിതയെ കോയമ്പത്തൂരിലേക്ക് തട്ടികൊണ്ടുപോകുകയും ചെയ്തു. ഇതോടെ പെൺകുട്ടിയുടെ പിതാവ് വാടാനപ്പിളളി പൊലീസിൽ പരാതി നൽകി. ഇരിങ്ങാലക്കുട വനിത പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടറായിരുന്ന ഇന്ദിരയാണ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയത്. വാടാനപ്പിളളി സബ്ബ് ഇൻസപെക്ടറായിരുന്ന ഡി. ശ്രീജിത്ത് ആണ് എഫ്ഐആർ ഇട്ട് പ്രതിക്കെതിരെ കേസെടുക്കുന്നത്.
പിന്നീട് അന്നത്തെ കുന്ദംകുളം സർക്കിൾ ഇൻസപെക്ടറായിരുന്ന, ഇപ്പോൾ കുന്ദകുളം എ.സി.പിയായി സേവനമനുഷ്ടിക്കുന്ന ആർ.സന്തോഷാണ് അന്വേഷണം പൂർത്തീകരിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. കെ. എസ് ബിനോയ് ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കാനായി സീനിയർ സിവിൽ പൊലീസ് ഓഫീസർ മിനിമോളും പ്രവർത്തിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam