നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽ കൊടും ക്രൂരത, ഭാര്യയെ കഴുത്തറുത്ത് കൊന്നു, മൂത്ത മകളെ ഫോണിൽ വിളിച്ച് ഇനി വരില്ലെന്ന് പിതാവ്; അനാഥരായി 4 കുഞ്ഞുങ്ങൾ

Published : Jun 04, 2026, 09:57 AM IST
nalanchira murder case

Synopsis

19 വർഷം മുൻപ് വിവാഹിതരായ ഹസീനയ്ക്കും സുരേഷിനും നാല് മക്കളാണുള്ളത്. വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിയായ സുരേഷും മണക്കാട് സ്വദേശിനിയായ ഹസീനയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. കൊലപാതകത്തിന് ശേഷം പിതാവ് ഒളിവിൽ പോയതോടെ  നാല് മക്കൾ അനാഥരായി.

തിരുവനന്തപുരം: ഉമ്മയെ കൊലപ്പെടുത്തി രക്തം പുരണ്ട ആയുധവുമായി പുറത്തെത്തിയ അച്ഛനെ കണ്ടു നടുങ്ങിയ 4 മക്കളുടെ കൂട്ടനിലവിളിയാണ് നാലാഞ്ചിറ ഉദിയന്നൂരിലെ ആ വീട്ടിൽ നിന്നും ഉയർന്നത്. ഉമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ഒളിവിൽപ്പോയതോടെ അക്ഷരാർഥത്തിൽ അനാഥരാണ് ആ നാലുകുട്ടികൾ. പുതിയ അധ്യയന വർഷത്തിൽ ആദ്യമായി സ്കൂളിൽ പോകാൻ ഒരുങ്ങിയ ദിവസം പുലർച്ചെ മാതാപിതാക്കൾ തമ്മിലുള്ള ബഹളം കേട്ട് ഉറക്കമുണർന്ന കുട്ടികൾ കൺമുന്നിൽ പെറ്റമ്മയുടെ ജീവൻ പൊലിഞ്ഞ നടുക്കത്തിൽ നിന്നും ഇനിയും വിട്ടുമാറിയിട്ടില്ല. നാലാഞ്ചിറയിൽ നാലുമാസമായി വാടകയ്ക്ക് താമസിക്കുന്ന മണ്ണന്തല സ്വദേശിനി ഹസീന (36) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം.

19 വർഷം മുൻപ് വിവാഹിതരായ ഹസീനയ്ക്കും സുരേഷിനും നാല് മക്കളാണുള്ളത്. വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിയായ സുരേഷും മണക്കാട് സ്വദേശിനിയായ ഹസീനയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. നഗരത്തിന്‍റെ പല ഭാഗങ്ങളിലായി വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ മാസങ്ങൾക്ക് മുമ്പാണ് ഉദയന്നൂരിലെത്തിയതെന്ന് സമീപവാസികൾ പറയുന്നു. സൂരേഷിന് ഇലട്രിക്കൽ ജോലികളായിരുന്നു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ സുരേഷ് മൂത്തമകൾ അമൃതയെ ഫോണിൽ വിളിച്ച് താനിനി മടങ്ങിവരില്ലെന്നും ഇളയ കുട്ടികളെ നോക്കണമെന്നും പറഞ്ഞെന്ന് സമീപവാസികൾ പറഞ്ഞു. കോട്ടൺഹിൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അമൃത. നാലാഞ്ചിറ സെയ്ന്റ് ഗോരേറ്റീസ് ഹൈസ്കൂ‌ളിലെ പത്താം ക്ലാസ് വിദ്യാർഥി ആനന്ദ്, കുശവർക്കൽ ഗവ. യു.പി. സ്ക്‌കൂളിൽ ആറിലും നാലിലുമായി പഠിക്കുന്ന റോഷൻ, അനയ എന്നിവരാണ് മറ്റു കുട്ടികൾ.

കൊലപാതകവിവരമറിഞ്ഞ് റോഷനും അനയയും പഠിക്കുന്ന സ്‌കൂളിൽനിന്ന് അധ്യാപകർ വീട്ടിലെത്തിയിരുന്നു. രണ്ടുദിവസമായി കുട്ടികൾ സ്കൂളിലെത്താത്തതിനെ തുടർന്ന് ഹസീനയെ അധ്യാപിക ബന്ധപ്പെട്ടിരുന്നു. പനിയാണെന്നും ഭേദമായതിനുശേഷം വരുമെന്നും ഹസീന അധ്യാപികയ്ക്കു ശബ്‌ദസന്ദേശവും അയച്ചിരുന്നു. കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നാണ് അധ്യാപകർ പറയുന്നത്. ആകെ തളർന്ന അവസ്ഥയിലായിരുന്നു കുട്ടികൾക്ക് വെള്ളവും ഭക്ഷണവും നൽകി ആശ്വസിപ്പിച്ചതും അധ്യാപകരാണ്. ബന്ധുക്കളുമായി വലിയ അടുപ്പമുണ്ടായില്ലെന്നതിനാൽ ഒരു അകന്ന ബന്ധുവാണ് സ്ഥലത്തെത്തി നടപടികൾക്ക് സഹായിച്ചത്. ഹസീനയുടെ സഹോദരൻ ഇടയ്ക്ക് വീട്ടിൽ വരുമെന്നല്ലാതെ മറ്റുവിവരങ്ങൾ അറിയില്ലെന്ന് നാട്ടുകാർ പറയുന്നു.

സുരേഷുമായി പിണങ്ങി ഹസീന കഴിഞ്ഞയാഴ്ച വീടുവിട്ടുപോയിരുന്നു. ഇതോടെ ഭാര്യയെ കാണാനില്ലെന്ന് മണ്ണന്തല പൊലീസിൽ പരാതി നൽകിയ പിന്നാലെ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് സുരേഷ് ആശുപത്രിയിലുമായി. ഇതോടെ ഈ അധ്യയന വർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ 4 കുട്ടികൾക്കും സ്കൂളിൽ പോകാനായില്ല. പൊലീസ് ഫോണിൽ ബന്ധപ്പെട്ടതോടെ സുഹൃത്തിന്റെ വീട്ടിലായിരുന്ന ഹസീന തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലെത്തി. പിന്നാലെ സുരേഷും മക്കളുമെത്തി. മധ്യസ്ഥ ചർച്ചയ്ക്കൊടുവിൽ രമ്യതയിലായ സുരേഷും ഹസീനയും മക്കളുമൊത്ത് സന്തോഷത്തോടെയാണ് വീട്ടിലേക്കു മടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഇതിന് ശേഷമാണ് ഇന്നലെ പുലർച്ചെ സുരേഷ് ഭാര്യയെ കൊലപ്പെടുത്തിയത്. ഒളിവിലായ ഇയാൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്, ഒളിവിലായിരുന്ന മധു കെ പിള്ളയും പിടിയിൽ
വയോധികയുടെ റൂട്ട് മനസ്സിലാക്കി റോഷൻ, പള്ളിയിലേക്ക് പോകുന്നതിനിടെ ആക്രമണം, സ്വര്‍ണ വളകള്‍ കവര്‍ന്നു; ഒടുവിൽ അറസ്റ്റ്