
കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പേരൂർക്കട സ്വദേശി മായ മുരളിയെയാണ് കഴിഞ്ഞ ദിവസം ഇവർ താമസിക്കുന്ന വാടക വീടിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് നിഗമനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല. മായയുടെ രണ്ടാം ഭർത്താവ് രരഞ്ജിത്തിനെ സംഭവ ദിവസം മുതൽ കാണാതായതും ദുരൂഹതയാണെന്ന് നാട്ടുകാർ പറയുന്നു.
എട്ടു വർഷം മുമ്പ് മായാ മുരളിയുടെ ആദ്യ ഭർത്താവ് ഒരു അപകടത്തിൽ മരിച്ചിരുന്നു. ശേഷം ഒരു വർഷം മുൻപാണ് കുടപ്പനക്കുന്ന് സ്വദേശി രജിത്തുമായി ഒരുമിച്ചു താമസം തുടങ്ങിയത്. കാട്ടാക്കട മുതിയവിളയില്‍ വാടക വീട്ടിലായിരുന്നു ഇരുവരുടേയും താമസം. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ യുവതിയുടെ മൃതദേഹം വീടിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്. കണ്ണിലും നെഞ്ചിലും പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. യുവതിയുടേത് കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
സംഭവത്തിനു ശേഷം ഭര്‍ത്താവ് രഞ്ജിത്തിനെ കാണാതായി. ഇതുവരെയും ഇയാളെ കണ്ടെത്താനായിട്ടല്ല. മായയും ഭര്‍ത്താവും തമ്മില്‍ വീട്ടിൽ നിരന്തരം വഴക്കും ബഹളവും കേട്ടിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അജ്ഞാതനായ ഒരാള് ഇടയ്ക്കിടെ ഈ വീട്ടിൽ വന്നുപോയതായും ചിലർ മൊഴി നൽകിയിട്ടുണ്ട്. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവിനായുള്ള തിരച്ചിലും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Read More : ഡേറ്റിംഗ് ആപ്പായ ടിന്‍ഡർ വഴി പരിചയം; 46 കാരിയായ യോഗ അധ്യാപികയെ പറ്റിച്ച് 'ഡോക്ടർ' തട്ടിയത് ലക്ഷങ്ങൾ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam