വയനാട്ടില്‍ രണ്ട് അപകടങ്ങളിലായി നാല് പേര്‍ മരിച്ചു

By Web TeamFirst Published Jan 14, 2021, 2:46 PM IST
Highlights

വയനാട്ടില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ദേശീയപാതയിലാണ് രണ്ട് അപകടങ്ങളും ഉണ്ടായത്.
 

കല്‍പ്പറ്റ: വയനാട്ടില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ദേശീയപാതയിലാണ് രണ്ട് അപകടങ്ങളും ഉണ്ടായത്. സുല്‍ത്താന്‍ബത്തേരിക്കടുത്ത് കൊളഗപ്പാറയില്‍ മിനി പിക്അപ് മരത്തിലിടിച്ചാണ് രണ്ട് പേര്‍ മരിച്ചത്. രാവിലെ ഏഴ് മണിയോടെയുണ്ടായ അപകടത്തില്‍  മുട്ടില്‍ പാറക്കല്‍ സ്വദേശി മുസ്തഫ, മീനങ്ങാടി തോട്ടത്തില്‍ അബുബക്കറിന്റെയും നബീസയുടെയും മകന്‍ ഷമീര്‍ (30) എന്നിവരാണ് മരിച്ചത്. 

മീനങ്ങാടിയില്‍ നിന്ന് ബത്തേരി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ബത്തേരി ഫയര്‍ഫോഴ്സ് എത്തി വാഹനത്തിന്റെ കാബിന്‍ വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ആശുപത്രിയിലേക്ക് എത്തുംമുമ്പേ തന്നെ രണ്ടുപേരും മരിച്ചു. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ കപ്പ വില്‍ക്കുന്നവരാണ് രണ്ട് പേരും. 

വാഹനാപകടത്തില്‍ മരിച്ച മുസ്തഫ, ഷമീര്‍, രോഹിത് വിനോദ്, സെബിന്‍ ബാബു
 

ബുധനാഴ്ച രാത്രി വൈത്തിരിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികളാണ് മരിച്ചത്. വൈത്തിരി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ലക്കിടി ഓറിയന്റല്‍ കോളേജ് വിദ്യാര്‍ഥികളായ അരൂര്‍ സ്വദേശി രോഹിത് വിനോദ് (25), പാലാ കുരിയനാട് ആനോത്ത് വീട്ടില്‍ സെബിന്‍ ബാബു (21) എന്നിവരാണ് മരിച്ചത്. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ബൈക്ക് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

click me!