
പത്തനംതിട്ട: സ്ത്രീകളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ സൃഷ്ടിച്ച് ആളുകളുമായി ബന്ധം സ്ഥാപിച്ച് പണം തട്ടിയെടുക്കുന്ന ഒരാളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാറശ്ശാല, തച്ചൻവിള, പ്രായർക്കൽ വിളവീട്ടിൽ സതീഷ് ജപകുമാർ 41 ആണ് അറസ്റ്റിലായത്. കോഴഞ്ചേരി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. പല ആവശ്യങ്ങൾക്കായി 23 ലക്ഷം രൂപയാണ് സതീഷ് യുവാവിൽ നിന്നും തട്ടിയത്. 2019ൽ ഫേസ്ബുക്കിൽ വ്യാജ അക്കൌണ്ടിലൂടെ യുവാവിനെ തട്ടിപ്പുകാരൻ കെണിയിലാക്കിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പരാതിക്കാരനായ യുവാവിന് വന്ദന കൃഷ്ണ എന്ന അക്കൌണ്ടിൽ നിന്നും ഒരു റിക്വസ്റ്റ് വന്നു. ഫേസ്ബുക്കിൽ സുഹൃത്തുക്കളായതോടെ പിന്നാലെ ചാറ്റിംഗും തുടങ്ങി. വന്ദന കൃഷ്ണ എന്നാണ് പേരെന്നും തനിക്ക് സംസാരശേഷിയില്ലെന്നും പറഞ്ഞാണ് തട്ടിപ്പുകാരൻ യുവാവുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് ഈ പെൺകുട്ടിയുടെ അച്ഛനാണെന്നും റിട്ടയേഡ് എസ് പി യാണെന്നും പറഞ്ഞ് വാസുദേവൻ നായർ എന്ന ഒരു കള്ളപ്പേരിൽ പരാതിക്കാരനുമായി വാട്ട്സ്ആപ്പിലും ഇയാൾ ബന്ധം ഉണ്ടാക്കി. ഇതെല്ലാം ഒരേ സമയത്ത് ആണ് നടന്നത്.
യുവാവിനെ വിശ്വാസത്തിലെടുത്ത് വിവിധ ആവശ്യങ്ങൾ നടത്തിക്കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത് നാലു വർഷത്തിനിടെ 23 ലക്ഷത്തോളം രൂപയാണ് പ്രതി തട്ടിയെടുത്തതെന്ന് പൊലീസ് കണ്ടെത്തി. പരാതിക്കാരന് പത്തനംതിട്ടയിലുള്ള സ്വകാര്യ കോളേജ് മദ്രാസ് യൂണിവേഴ്സിറ്റിയുടെ സ്റ്റഡീസ് സെൻറർ ആയി ഉയർത്താം എന്നു പറഞ്ഞും സതീഷ് പണം വാങ്ങി. ഇതിന്റെ ഇൻസ്പെക്ഷൻ എന്ന വ്യാജേനെ പ്രതി തന്നെ തമിഴ്നാട് സ്വദേശിയായി അഭിനയിച്ച് പത്തനംതിട്ടയിൽ എത്തി പരിശോധന നടത്തുകയും ഡോക്യുമെന്റുകളും മറ്റും വാങ്ങി പോവുകയായിരുന്നു.
പാറശ്ശാല സ്വദേശിയായ സതീഷ് നാട്ടിൽനിന്ന് 12 കൊല്ലം മുമ്പ് വീടു വിട്ടു പോയതാണ്. സ്ഥിരമായി ഒരിടത്തും നിൽക്കാതെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് മറ്റും താമസിച്ചുവരികയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. എറണാകുളം തൈക്കുടത്തുള്ള ഒരു സ്ഥലത്ത് ചാർട്ടേഡ് അക്കൗണ്ടൻറ് ആണെന്ന് പറഞ്ഞ് മൂന്നു വർഷമായി താമസിച്ചു വരികയായിരുന്നു. പ്രതിയെ പിടികൂടിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയായ ഒരാളെ പറ്റിച്ചതിനും പരാതിയുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.
മൂന്നുവർഷമായി യാതൊരു ജോലിയും ചെയ്യാതെ തട്ടിപ്പു നടത്തി കിട്ടുന്ന പണം മാത്രം ഉപയോഗിച്ചാണ് പ്രതി ജീവിച്ചിരുന്നത്. മദ്യപിക്കുന്നതിനും ആഡംബര വസ്തുക്കൾ വാങ്ങുന്നതിനും വേണ്ടിയായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. സതീഷിന്‍റെ കെണിയിൽ കൂടുതൽ പേർ ഇരയായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്ത് ഐപിഎസിന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐ മാരായ അലോഷ്യസ് , നുജൂം, വിനോദ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സലിം, നാസർ ഇസ്മായിൽ, താജുദ്ദീൻ, സുനജൻ , രാജഗോപാൽ , ജിതിൻ ഗബ്രിയേൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More: വിഷാദ രോഗം; 6 മാസം പ്രായമുള്ള മകളുമായി ഫ്ലാറ്റിന്‍റെ 16-ാം നിലയിൽ നിന്നും ചാടി 33കാരി ജീവനൊടുക്കി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam