Latest Videos

ഒരൊറ്റ ദിവസം, വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള കേരളത്തിലെ ഹാർബറുകളിലെത്തിയത് 468 ഇനം മീനുകൾ

By Web TeamFirst Published May 23, 2024, 4:11 AM IST
Highlights

അയല, മത്തി, കൊഴുവ, ചെമ്മീൻ, കൂന്തൽ തുടങ്ങിയ മീനുകളുമാണ് പിടിച്ചവയിൽ ഏറ്റവും കൂടുതലുള്ളത്. ഏഴ് ഇനം പുതിയ മീനുകളെ ഒരു ദിവസത്തെ പഠനസർവേയിൽ കണ്ടെത്തിയെന്നും ഗവേഷകർ വ്യക്തമാക്കി

കൊച്ചി: അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷത്തിന്റെ ഭാഗമായി, കേരളത്തിലെ സമുദ്ര ജൈവ വൈവിധ്യത്തെ മനസ്സിലാക്കാൻ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആർ ഐ) ഏകദിന പഠന സർവേ നടത്തി. സി എം എഫ് ആർ ഐയിലെ മറൈൻ ബയോഡൈവേഴ്സിറ്റി ആൻഡ് എൻവയൺമെന്റ് മാനേജ്മെന്റ് ഡിവിഷനിലെ 55 പേരടങ്ങുന്ന വിദഗ്ധരുടെ വിവിധ സംഘങ്ങളാണ് ഒരേ സമയം രാവിലെ അഞ്ച് മുതൽ ഉച്ചക്ക് 12 വരെ കാസർകോട് മുതൽ വിഴിഞ്ഞം വരെയുള്ള 26 ഹാർബറുകളിൽ മത്സ്യ-ചെമ്മീൻ-ഞണ്ട്-കക്കവർഗയിനങ്ങളുടെ വിശദമായ അവലോകനം നടത്തിയത്. പ്രാഥമിക വിലയിരുത്തലിൽ, വിവിധ ഹാർബറുകളിൽ നിന്നായി മൊത്തം 468 ഇനം മീനുകളെ പിടിച്ചതായി ഗവേഷകർ കണ്ടെത്തി. കേരളത്തോട് ചേർന്ന സമുദ്രഭാഗങ്ങളിൽ വസിക്കുന്ന മത്സ്യയിനങ്ങളുടെ വൈവിധ്യമാണ് ഇത് കാണിക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു.

വിദഗ്ദ സമിതി ഇന്നെത്തും, പെരിയാറിലെ മത്സ്യക്കുരുതിയുടെ കാരണമെന്ത്? അന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണം

അയല, മത്തി, കൊഴുവ, ചെമ്മീൻ, കൂന്തൽ തുടങ്ങിയ മീനുകളുമാണ് പിടിച്ചവയിൽ ഏറ്റവും കൂടുതലുള്ളത്. ആഴക്കടൽ മത്സ്യങ്ങളായ വിവിധയിനം സ്രാവുകളും മറ്റ് അടിത്തട്ട് മത്സ്യയിനങ്ങളും പിടിച്ചെടുത്തത് സർവേയിൽ കണ്ടെത്തി. മാത്രമല്ല, മുമ്പ് രേഖപ്പെടുത്താത്ത, ഏഴ് ഇനം പുതിയ മീനുകളെ ഒരു ദിവസത്തെ പഠനസർവേയിൽ ഗവേഷകർക്ക് കണ്ടെത്താനായി. കൂടുതൽ പഠനം ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ടെന്ന് ഗവേഷകർ വിവരിച്ചു.

സമുദ്രവിഭവങ്ങൾ ഭാവിതലമുറക്കായി സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര പരിപാലന രീതികൾക്ക് ഏറെ പ്രയോജനകരമാണ് സർവയിലെ കണ്ടെത്തലുകളെന്ന് സി എം എഫ് ആർ ഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ സമുദ്ര ജൈവവൈവിധ്യത്തെ കുറിച്ചുള്ള പഠനത്തിന് വലിയ മുതൽക്കൂട്ടാകുന്നതാണ് ഈ സർവേ. സമുദ്രജീവികളുടെ ലഭ്യതയും സമൃദ്ധിയും മനസ്സിലാക്കാൻ ഇത് ഉപകരിക്കുമെന്നും ഗവേഷകർ വിവരിച്ചു. സി എം എഫ് ആർ ഐയിലെ മറൈൻ ബയോഡൈവേഴ്സിറ്റി ആൻഡ് എൻവയൺമെന്റ് മാനേജ്മെന്റ് ഡിവിഷനിലെ ശാസ്ത്രജ്ഞർ, സാങ്കേതിക ഉദ്യോഗസ്ഥർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവരടങ്ങുന്നതായിരുന്നു സർവേ സംഘം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!