
കൊച്ചി: കൊച്ചിയിൽ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിലായി. എളമക്കരയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. കറുകപ്പളളിയിലെ ഒരു ലോഡ്ജിൽ വരാപ്പുഴ സ്വദേശിനിയായ യുവതിയടക്കം അഞ്ചുപേർ തങ്ങുന്നെന്നായിരുന്നു പൊലീസിന് കിട്ടിയ വിവരം. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. കൊക്കെയിൻ, മെത്താംഫിറ്റമിൻ , കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്. സ്വന്തം ഉപയോഗത്തിനും വിപണനത്തിനുമായി കൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നത്.
വരാപ്പുഴ സ്വദേശിനിയായ അൽക്കാ ബോണിയ്ക്കൊപ്പം തൊടുപുഴ സ്വദേശി ആശിഖ് അൻസാരി, പാലക്കാട് സ്വദേശികളായ സൂരജ്, രഞ്ജിത്ത്, ഷൊർണൂർ സ്വദേശി മുഹമ്മദ് അസർ, തൃശൂർ സ്വദേശി അബിൽ ലൈജു എന്നിവരാണ് പിടിയിലായത്. ബംഗലൂരുവിൽ നിന്നാണ് ഇവർ കൊക്കെയിൻ കൊണ്ടുവന്നത്.
അറസ്റ്റിലായവരിൽ ചിലർ മുൻപ് സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ലോഡ്ജ് മുറിയിൽ നിന്ന് പിടികൂടുന്ന സമയം പൊലീസിനെ ചെറുക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് പ്രതികൾ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി വ്യക്തമായത്. ലഹരി മരുന്ന് പതിവായി വാങ്ങുന്നവരുടെ വിവരങ്ങളടങ്ങിയ ഡയറി ഇവരിൽ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam