അരനൂറ്റാണ്ട് മുന്‍പ് മരിച്ചു പോയെന്ന് കരുതിയ മകനെ കണ്ടെത്തി; പ്രാര്‍ത്ഥനകള്‍ പാഴായില്ലെന്ന് ഫാത്തിമാ ബീവി

By Web TeamFirst Published Jul 28, 2021, 5:07 PM IST
Highlights

രണ്ട് പെണ്‍മക്കള്‍ക്ക് ശേഷം ഏറെ പ്രാര്‍ത്ഥിച്ചുണ്ടായ മകനായ സജാദ് മരിച്ചെന്ന് മറ്റുള്ളവര്‍ പറഞ്ഞെങ്കിലും വിശ്വസിക്കാന്‍ ഫാത്തിമാ ബീവി തയ്യാറായിരുന്നില്ല. അരനൂറ്റാണ്ടോളം മകന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ഇവര്‍. തന്‍റെ പ്രാര്‍ത്ഥനയാണ് സജാദിനെ കണ്ടെത്താന്‍ സഹായിച്ചതെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഈ 72കാരി. 

ശാസ്താംകോട്ട: 45 വര്‍ഷം മുന്‍പ് വിമാനാപകടത്തില്‍ മരിച്ചുപോയെന്ന് കരുതിയ മകന്‍ തിരിച്ചെത്തുന്നതിന്‍റെ സന്തോഷത്തിലാണ് കൊല്ലം ശാസ്താംകോട്ടയിലെ 72 കാരിയായ ഫാത്തിമ ബീവി. 1971ലാണ് സജാദ്  ഗള്‍ഫിലേക്ക് പോയത്. കേരളത്തില്‍ നിന്നുള്ള കലാകാരന്മാരെ ഗള്‍ഫില്‍ വിവിധ കലാപരിപാടിക്കായി എത്തിക്കുന്ന സംഘാടകനായിരുന്നു സജാദ്. ഇത്തരത്തില്‍ സജാദ് സംഘടിപ്പിച്ച  കലാപരിപാടികളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിമാനാപകടം സംഭവിച്ച് നടി റാണി ചന്ദ്രയും കുടുംബാംഗങ്ങളും അടക്കം 956 പേരാണ് ഈ അപകടത്തില്‍ മരിച്ചു. സംഘാടകനായ സജാദും ഈ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു വീട്ടുകാരും സുഹൃത്തുക്കളും ധരിച്ചിരുന്നത്.

രണ്ട് പെണ്‍മക്കള്‍ക്ക് ശേഷം ഏറെ പ്രാര്‍ത്ഥിച്ചുണ്ടായ മകനായ സജാദ് മരിച്ചെന്ന് മറ്റുള്ളവര്‍ പറഞ്ഞെങ്കിലും വിശ്വസിക്കാന്‍ ഫാത്തിമാ ബീവി തയ്യാറായിരുന്നില്ല. അരനൂറ്റാണ്ടോളം മകന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ഇവര്‍. തന്‍റെ പ്രാര്‍ത്ഥനയാണ് സജാദിനെ കണ്ടെത്താന്‍ സഹായിച്ചതെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഈ 72കാരി. ഇത്രയും കാലം രാവും പകലും എവിടെയാണെന്ന് പോലും അറിയാതെ ആധിയോടെയായിരുന്നു കാത്തിരിപ്പ് . ഇപ്പോള്‍ മകന്‍ ജീവിച്ചിരിപ്പുണ്ടെന്നും സൌഖ്യമായി ഇരിപ്പുണ്ടെന്നും അറിഞ്ഞതിന്‍റെ ആശ്വാസവും ഫാത്തിമാ ബീവി മറച്ചുവയ്ക്കുന്നില്ല. ആശിച്ചുണ്ടായ മകനെ ഒരു നുള്ളിപോലും വേദനിപ്പിച്ചിട്ടില്ലെന്നും സജാദിന്‍റെ അമ്മ പറയുന്നു.

ആവുന്ന പോലെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കിയിരുന്നുവെന്നും ഫാത്തിമാ ബീവി പറയുന്നു. ഒടനേ കാണാന്‍ പറ്റുന്നില്ലല്ലോന്ന ആലോചിച്ച് ഇപ്പോള്‍ സങ്കടം സഹിക്കുന്നില്ല, ഉറക്കം പോലും വരുന്നില്ലെന്നും ഒരുവിധത്തിലാണ് സമയം കഴിച്ചുകൂട്ടുന്നതെന്നും എട്ട് മക്കളുടെ അമ്മയായ ഫാത്തിമാ ബീവി. നാല് പെണ്ണും നാല് ആണ്‍മക്കളുമാണ് ഫാത്തിമാ ബീവിക്കുള്ളത്. ഇളയമക്കള്‍ വളരെ ചെറുതായിരുന്നപ്പോഴാണ് സജാദ് ഗള്‍ഫിലേക്ക് പോയതെന്നും ഫാത്തിമാ ബീവി പറയുന്നു. കണ്ടെത്തിയ മകനെ എത്രയും പെട്ടന്ന് അരികത്ത് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഫാത്തിമാ ബീവി ആവശ്യപ്പെടുന്നു. മരിക്കുന്നതിന് മുന്‍പ് മകനെ കണ്ടെത്തണമെന്ന് പ്രാര്‍ത്ഥിച്ചിരുന്ന ഫാത്തിമാ ബീവിയുടെ ചുറുചുറുക്ക് വിവരമറിഞ്ഞ ശേഷം വര്‍ധിച്ചതായാണ് രണ്ടാമത്തെ മകളും അധ്യാപികയുമായ മറിയം ബീവി പറയുന്നത്.

പാസ്പോര്‍ട്ട് പുതുക്കിയപ്പോള്‍ സഹോദരന്‍റെ തങ്ങള്‍ കുഞ്ഞ് എന്ന പേരിലുണ്ടായ മാറ്റമാണ് കണ്ടെത്താന്‍ വെല്ലുവിളിയായത്. അല്ലെങ്കില്‍ കാലം ഇത്രേം പുരോഗമിച്ചില്ലേ പുതിയ സാങ്കേതിക വിദ്യയുപയോഗിച്ച് എങ്ങനെയെങ്കിലും കണ്ടെത്തുമായിരുന്നുവെന്നും മറിയം ബീവി പറയുന്നു. സഹോദരനെ സംരക്ഷിക്കുന്ന സീല്‍ ആശ്രമത്തിനും അതിന്‍റെ ചുമതലക്കാരോടും അഗാധമായ നന്ദിയുണ്ടെന്നും മറിയം ബീവി പറയുന്നു. അനിയന്‍ കപ്പലില്‍ യാത്ര ചെയ്താണ് ഗള്‍ഫില്‍ പോയതെന്നും മറിയം ബീവി പറയുന്നു. ബാക്കിയുള്ള സഹോദരങ്ങളുടെ കരം പിടിച്ച് കയറ്റാനായിരുന്നു സഹോദരന്‍ പ്രവാസിയായതെന്നും മറിയം ബീവി പ്രതികരിക്കുന്നു.

 

നാട്ടിലെത്തിയാല്‍ റാണി ചന്ദ്രയുടെ അപകടമരണത്തില്‍ പഴിക്കുമോയെന്നും ആക്രമിക്കപ്പെടുമോയെന്നും ഭയന്നായിരുന്നു സജാദ് നാട്ടിലെത്താതിരുന്നത്. മുംബൈയില്‍ പല ജോലികളും ചെയ്തെങ്കിലും പച്ച പിടിച്ചില്ല. 2019ല്‍  അവശനായി ഓര്‍മ നഷ്ടമായ നിലയില്‍ ആശ്രമത്തിലെത്തിയ സജാദ് ഏറെ നാളുകളുടെ പരിശ്രമ ഫലമായാണ് ഓര്‍മ്മയുടെ ലോകത്തേക്ക്  മടങ്ങിയെത്തിയത്.  മുംബൈയിലെ സീല്‍ ആശ്രമത്തിന്‍റെ സംരക്ഷണയിലാണ് സജാദ് നിലവിലുള്ളത്. നാട്ടിലേക്ക് വരണമെന്ന് പലപ്പോഴും തോന്നിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് വെല്ലുവിളിയായെന്നും സജാദ് പറയുന്നു. വീട്ടുകാരുടെ മകനുവേണ്ടിയുള്ള കാത്തിരിപ്പിലും സ്നേഹത്തിലുമുള്ള അത്ഭുതം സീല്‍ ആശ്രമത്തിന്‍റെ അധികൃതരും മറച്ചുവയ്ക്കുന്നില്ല.

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!