
തിരുവനന്തപുരം: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരൻ മരിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് സംശയം. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഹോട്ടൽ പൂട്ടിച്ചു. കാട്ടാക്കട സ്വദേശി ഗിരീഷ് - മനീഷ ദമ്പതികളുടെ മകൻ ആദിത്യനാണ് (8) മരിച്ചത്. തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയായിരുന്നു മരണം.
കഠിനമായ വയറുവേദനയും വയറിളക്കവും കാരണം ശനിയാഴ്‌ച കുട്ടിയെ മണിയറവിള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരുന്ന് നൽകി വിട്ടയച്ചു. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ എസ്‌എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിളപ്പിൽശാലയിലെ ഒരു ഹോട്ടലിൽ നിന്ന് കുട്ടി പൊറോട്ടയും ബീഫും കഴിച്ചിരുന്നു. പിന്നാലെ ആണ് കുട്ടിക്ക് ഛർദിയും വയറുവേദനയും ഉണ്ടായത്.
ഭക്ഷ്യവിഷബാധ എന്ന സംശയത്തെ തുടർന്ന് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ ആണ് ഹോട്ടൽ പ്രവർത്തിച്ചത് എന്ന് കണ്ടെത്തി. തുടർന്ന് ഹോട്ടൽ ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതർ പൂട്ടിച്ചു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. കാട്ടാക്കട കുളത്തുമ്മൽ എൽപി സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു മരിച്ച ആദിത്യൻ. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നാൽ മാത്രമേ ഭക്ഷ്യവിഷ ബാധ സ്ഥിരീകരിക്കാൻ കഴിയൂ.
Read More : ഇയാളെ കണ്ടാൽ ഉടൻ അറിയിക്കണം; കൊല്ലത്ത് അമ്മയെ കൊന്ന് ഫോൺ ഓഫാക്കി മുങ്ങി, അഖിലിനായി ലുക്ക് ഔട്ട് നോട്ടീസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam