
തൃശൂര്‍: അഴീക്കോട് തീരത്തോട് ചേര്‍ന്ന് ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി. എറണാകുളം മുനമ്പം പള്ളിപ്പുറം ദേശത്ത് നിധീഷിന്റെ ഉടമസ്ഥതയിലുള്ള 'ശ്രീശാസ്താ' എന്ന ബോട്ടാണ് പിടിച്ചെടുത്തത്. നിയമപരമായ അളവില്‍ അല്ലാതെ കാണപ്പെട്ട (12 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള) 800 കിലോ കിളിമീന്‍ ഇനത്തില്‍പ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ് സെന്ററുകളിലും നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായാണ് നടപടി.
ഭക്ഷ്യയോഗ്യമായ 58 ഇനം കടല്‍ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാല്‍ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യസമ്പത്ത് കുറയുന്നതിനെതിരേ ശക്തമായ നിയമ നടപടി സ്വീകരിച്ച് വരുന്നതിനിടയിലാണ് ബോട്ട് പിടികൂടിയത്. തൃശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് 2,50,000 പിഴ സര്‍ക്കാരിലേക്ക് ഈടാക്കി. ഉപയോഗ യോഗ്യമായ 70,000 രൂപയുടെ മത്സ്യം ലേലംചെയ്ത് തുക ട്രഷറിയില്‍ അടപ്പിച്ചു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് കടലില്‍ നിക്ഷേപിച്ചു.
ഫിഷറീസ് ഹാച്ചറി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സീമ, എ.എഫ്.ഇ.ഒ. സംന ഗോപന്‍, മെക്കാനിക്ക് ജയചന്ദ്രന്‍, മറൈന്‍ എന്‍ഫോഴ്‌സ് ആന്‍ഡ് വിജിലന്‍സ് വിങ് വിഭാഗം ഓഫീസര്‍മാരായ വി.എന്‍. പ്രശാന്ത് കുമാര്‍, ഇ. ആര്‍. ഷിനില്‍കുമാര്‍, വി.എം. ഷൈബു, സീ റെസ്‌ക്യൂ ഗാര്‍ഡുമാരായ പ്രസാദ്, ഫസല്‍ എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമില്‍ ഉണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ എല്ലാ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ് സെന്ററുകളിലും സ്‌പെഷല്‍ ടാസ്‌ക് സ്‌ക്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്ന് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. സുഗന്ധകുമാരി അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam