
ചാരുംമൂട്: ഒറ്റനോട്ടത്തിൽ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുകയാണെന്ന് തോന്നും. എന്നാൽ തൊട്ടടുത്ത് ചെന്ന് നോക്കുമ്പോൾ മനസ്സിലാകും സിമന്റ് കട്ടകളെ പുസ്തകരൂപമാക്കി മാറ്റിയിരിക്കുകയാണെന്ന്. പ്രളയത്തിൽ തകർന്നു പോയ പാലം നിർമിച്ചു നൽകാൻ കൊണ്ടു വന്ന്, ബാക്കി വന്ന സിമന്റ് കട്ടകളിൽ പുസ്തകങ്ങളുടെ രൂപം വരച്ച് ചേർത്തത് അനു കാരക്കാട്ട് എന്ന കലാകാരനാണ്. ഇദ്ദേഹത്തിന്റെ സമീപവാസിയുടെ വീട്ടിലേക്കുള്ള നടപ്പാലം തകർന്നു പോയിരുന്നു. ഈ പാലം പുനർ നിർമിച്ചു നൽകിയ ശേഷം അനുവിന്റെ വീട്ടുമുറ്റത്ത് ബാക്കി വന്ന സിമന്റ് കട്ടകൾ കുട്ടികൾക്ക് കളിക്കാൻ തടസമാകുന്നുവെന്ന് കണ്ടപ്പോൾ തോന്നിയ ആശയമാണ് ഇങ്ങനെ പുസ്തകങ്ങളായി രൂപാന്തരപ്പെട്ടത്.
സിമന്റ് കട്ടകളെ പ്രത്യേക രീതിയിൽ അടുക്കി വെച്ച്, അതിൽ ചെളിയും സിമന്റും മിക്സ് ചെയ്ത് തേച്ച് പിടിപ്പിച്ച ശേഷം സ്വർണ നിറം പെയിന്റ് ചെയ്ത് പുസ്തകത്തിന്റെ പുറം ചട്ട പോലെ വരച്ചു ചേർത്തു. ദൂരെ നിന്നു നോക്കിയാൽ പ്രശസ്തമായ ചില പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നതായി തോന്നും.
ഓർലണ്ടോ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, ലൈഫ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവടങ്ങളിലടക്കം ഏറ്റവും മികച്ച അഞ്ച് വിദേശ ഭാഷാ ഷോർട്ട് ഫിലിമുകളിൽ ഒന്നായി തിരഞ്ഞെടുത്ത 'ദി ഗ്രീൻ ലൈൻ' എന്ന ഷോർട്ട് ഫിലിമിന്റെ സംവിധായകൻ കൂടിയാണ് അനു കാരക്കാട്ട്. 'റെഡ് എൻഡ് ' എന്ന മറ്റൊരു സീറോ ബഡ്ജറ്റ് എക്സ്പരിമെന്റൽ ഷോർട്ട് ഫിലിം കൂടി ചെയ്തിട്ടുള്ള അനുവിന്റെ ഫോട്ടോകൾ രണ്ട് തവണ ബഹ്റൈൻ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി എക്സിബിഷനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
നെൽസൺ മണ്ടേലയുടെ അനുഭവ കഥയിൽ ആകൃഷ്ടനായി ബോധി സോക്കർ അക്കാദമി എന്ന ഫുട്ബോൾ അക്കാദമി സ്ഥാപിക്കുകയും ഏറ്റവും ദരിദ്രമായ കുടുംബങ്ങളിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്നു. ഒപ്പം നിരവധി സംഘടനകളുടെ നേതൃസ്ഥാനത്തും ഇദ്ദേഹമുണ്ട്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ സർഗാത്മക കൂട്ടായ്മ മഴ സംഗീത ഗ്രാമം സ്ഥാപകരിൽ ഒരാളുമാണ് അനു. ഒട്ടനവധി സർഗാത്മക പ്രവർത്തനങ്ങളുടെ മുഖ്യ സംഘാടകൻ എന്ന നിലയിൽ കഴിവ് തെളിയിച്ചിട്ടുള്ള അനുവിനെയാണ് ഇപ്റ്റ ആലപ്പുഴ ജില്ല, സംസ്ഥാന സമ്മേളനങ്ങളുടെ ക്രിയേറ്റീവ് വർക്കുകൾ ചെയ്യാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ എ ഐ വൈ എഫ് മാവേലിക്കര മണ്ഡലം സെക്രട്ടറിയും സി പി ഐ ചുനക്കര ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും ഇപ്റ്റ ചാരുംമൂട് യൂണിറ്റ് സെക്രട്ടറിയും ആണ്. ചാരുംമൂട്ടിലെ കാരക്കാട്ടു വീട്ടിൽ അന്തരിച്ച പ്രശസ്ത ചിത്രകാരനും സി പി ഐ നേതാവായിരുന്ന ശ്രീധരൻ പിള്ളയുടെയും മഹിള സംഘം നേതാവായിരുന്ന അന്തരിച്ച തുളസിയമ്മയുടെയും മകനാണ് അനു കാരക്കാട്ട്.
സ്വകാര്യ ബസ്സിന്‍റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; സംഭവം കൊച്ചിയില്‍