
മാന്നാർ: ആലപ്പുഴ ജില്ലയിലെ ദേശാടനപക്ഷികളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി പറന്നെത്തി. സൈബീരിയയുടെ മധ്യ കിഴക്കൻ പ്രദേശങ്ങളിൽ പ്രജനനം നടത്തുന്ന തവിടൻ ഇലക്കുരുവി എന്ന ദേശാടന പക്ഷിയെ മാന്നാർ കുരട്ടിശ്ശേരി പാടശേഖരത്തിലെ കുടവെള്ളരി പാടത്താണ് കണ്ടെത്തിയത്. കേരളത്തിലെ പ്രമുഖ പക്ഷി നിരീക്ഷകരിൽ ഒരാളായ ഹരികുമാർ മാന്നാറാണ് പുതിയ അതിഥിയെ കണ്ടെത്തിയത്. തവിടന്‍ കുരുവി കൂടി എത്തിയതോടെ ഈ കുടുംബത്തിലെ പക്ഷികളുടെ എണ്ണം 318 ആയി.
ഇംഗ്ലീഷില്‍ ഡസ്കി വാർബ്ലെർ എന്നാണ് തവിടൻ ഇലക്കുരുവി അറിയപ്പെടുന്നത്. ശാസ്ത്രീയ നാമം ഫൈലോസ്കോപ്പസ് ഫസ്കാറ്റസ് എന്നാണ്. കേരളത്തിൽ ഇതിനുമുമ്പ് രണ്ടുതവണ മാത്രമാണ് ഈ പക്ഷിയെ കണ്ടിട്ടുള്ളത്. 2019 ൽ എറണാകുളത്ത് കടമക്കുടിയിലും 2020 ൽ തൃശ്ശൂർ ആലപ്പാട് കോൾനിലത്തിലും. തവിടന്‍ ഇലക്കുരുവികള്‍ ശൈത്യകാലത്താണ് ദേശാടനം നടത്തുക. ശൈത്യകാലത്ത് ആസാം, പശ്ചിമ ബംഗാൾ, ബീഹാർ തുടങ്ങിയ വടക്കു കിഴക്കൻ പ്രദേശങ്ങളിലാണ് ഇവയെ കാണാറുള്ളത്.
തവിടൻ ഇലക്കുരുവികൾ പ്രധാനമായും പ്രാണികളെയാണ് ഭക്ഷിക്കുന്നതെങ്കിലും ചെറിയ പഴങ്ങളും കൊത്തിത്തിന്നും. അധികം ഉയരമില്ലാത്ത കുറ്റിച്ചെടികളിൽ കൂടുകെട്ടുന്ന ഇവകൾ അഞ്ചോ ആറോ മുട്ടകളിടും. അടയാളങ്ങളില്ലാത്ത തവിട്ടു നിറത്തിലുള്ള മുകൾഭാഗവും മങ്ങിയ അടിവശവുമായിട്ടുള്ള ഈ പക്ഷിക്ക് തിരിച്ചറിയാവുന്ന വിധമുള്ള വെള്ള പുരികവും കനം കുറഞ്ഞ് കൂർത്ത കൊക്കുമാണുള്ളത്. 11-12 സെ. മീ നീളവും 8.5-13.5 ഗ്രാം ഭാരവുമുള്ളവയാണിത്. പൂവനും പിടയും കാഴ്ചയിൽ ഒരേ പോലെയാണ്. മാന്നാർ, ചെന്നിത്തല മേഖലയിലെ പാടശേഖരങ്ങളും അതിനോട് ചേർന്ന ഭൂപ്രദേശവും ഇത്തരത്തിൽ അപൂർവ്വങ്ങളായ ധാരാളം പക്ഷികൾ കാണപ്പെടുന്ന സ്ഥലമായതിനാൽ ഈ പ്രദേശത്തിന്‍റെ ജൈവവൈവിധ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് പ്രമുഖ പക്ഷി നിരീക്ഷകനും കോട്ടയം നേച്ചർ സൊസൈറ്റി അംഗവുമായ ഹരികുമാർ മാന്നാർ പറഞ്ഞു.
Read More: പുതിയ നാല് ഇനത്തെ കൂടെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ കണ്ടെത്തി; പക്ഷി സര്‍വേ പൂര്‍ത്തിയായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം