കൈ പിടിക്കാന്‍ മധുവെത്തി, ഉച്ചയൂണ് കൂട്ടായ്മയുടേയും നാട്ടുകാരുടേയും കരുതലില്‍ ബിന്ദുവിന് മാംഗല്യം

By Web TeamFirst Published Sep 15, 2020, 8:48 AM IST
Highlights

വിവാഹം നിശ്ചയിച്ചെങ്കിലും വിവാഹാവശ്യത്തിനുള്ള ചിലവ് ഇവരെ സംബന്ധിച്ച് ഭാരിച്ച തുകയായിരുന്നു. ഇവരുടെ വിഷമ സ്ഥിതി കേട്ടറിഞ്ഞാണ് കരുതല്‍ ഉച്ചയൂണ് കൂട്ടായ്മ സഹായഹസ്തവുമായി മുന്നോട്ടുവന്നത്.
 

ആലപ്പുഴ: ആലപ്പുഴയിലെ ഉച്ചയൂണ്‍ കൂട്ടായ്മയുടെ കരുതലില്‍ പുതുജീവിതത്തിലേക്ക് കടന്ന് ബിന്ദു. കാര്‍ത്തികപ്പള്ളി കേന്ദ്രമായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കരുതല്‍ ഉച്ചയൂണ് കൂട്ടായ്മയുടേയും നാട്ടുകാരുടേയും സഹായത്തോടെ ചേപ്പാട് കാഞ്ഞൂര്‍ സ്വദേശി മധുവാണ് ബിന്ദുവിന് താലിചാര്‍ത്തിയത്. അകംകുടി ആശാരിപറമ്പില്‍ തറയില്‍ പരേതരായ കേശവന്റെയും ഭാരതിയുടേയും 7 മക്കളില്‍ ഇളയവളാണ് 36 കാരിയായ ബിന്ദു. മേസ്തിരി പണിക്കാരനായ മധുവിന്റെ മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. നിര്‍ധന കുടുംബാംഗമായ ബിന്ദുവിന്റെ ഒരു സഹോദരിയും മറ്റൊരു സഹോദരനും അവിവാഹിതരാണ്. അടുത്ത വീടുകളിലും മറ്റും ജോലി ചെയ്താണ് ഇവര്‍ ജീവിച്ചിരുന്നത.

വിവാഹം നിശ്ചയിച്ചെങ്കിലും വിവാഹാവശ്യത്തിനുള്ള ചിലവ് ഇവരെ സംബന്ധിച്ച് ഭാരിച്ച തുകയായിരുന്നു. ഇവരുടെ വിഷമ സ്ഥിതി കേട്ടറിഞ്ഞാണ് കരുതല്‍ ഉച്ചയൂണ് കൂട്ടായ്മ ചെയര്‍മാന്‍ ഷാജി കെ ഡേവിഡ് സഹായഹസ്തവുമായി മുന്നോട്ടുവന്നത്. ബിന്ദുവിനുള്ള വിവാഹ വസ്ത്രം, പന്തല്‍, മണ്ഡപം, വിവാഹസദ്യ മുതലായവയുടെ ചിലവും കരുതല്‍ ഉച്ചയൂണ് കൂട്ടായ്മയാണ് വഹിച്ചത്.

ബിന്ദുവിന്റേതുള്‍പ്പെടെ 12 ഓളം വിവാഹങ്ങളും, വീടില്ലാതിരുന്ന 25 ഓളം നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകളൊരുക്കിയും, എണ്ണമില്ലാത്ത ക്യാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് ആശ്രയമായും, പഠിക്കാന്‍ മിടുക്കരായ നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് സഹായങ്ങളൊരുക്കിയും  കരുതല്‍ ഉച്ചയൂണ്‍ കൂട്ടായ്മ തങ്ങളുടെ പ്രയാണം തുടരുകയാണ്. കഴിഞ്ഞ ദിവസം നടുവട്ടത്തും നിര്‍ദ്ധന യുവതിയുടെ വിവാഹം കരുതല്‍ ഉച്ചയൂണ്‍ കൂട്ടായ്മയുടെ കൈത്താങ്ങില്‍ നടന്നിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടന്ന വിവാഹ ചടങ്ങുകളില്‍ നാട്ടുകാരും ബന്ധുക്കളും പങ്കെടുത്ത് വധൂവരന്മാരെ അനുഗ്രഹിച്ചു.
 

click me!