
തിരുവനന്തപുരം: 25 വർഷം മുമ്പ് തിരുവനന്തപുരം കരമനയിൽ ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ട്യൂഷൻ അധ്യാപകനെ ഒടുവിൽ കേരള പോലീസ് പിടികൂടി. 2000-ൽ നടന്ന കേസിൽ പ്രതിയായ മുത്തുകുമാർ, 'സാം' എന്ന പേരിൽ ചെന്നൈയിൽ പാസ്റ്ററായി ജീവിക്കുകയായിരുന്നു. രണ്ട് വിവാഹം കഴിച്ച് പുതിയ ജീവിതം ആരംഭിച്ച മുത്തുകുമാറിനെ, നീണ്ട 25 വർഷങ്ങൾക്കിപ്പുറം ഒരു ഫോൺ കോൾ വഴിയാണ് പോലീസ് വലയിലാക്കിയത്.
2001 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം നഗരത്തിലുള്ള സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയുടെ ട്യൂഷൻ മാസ്റ്റർ ആയിരുന്നു കരമന ഇളമണ്‍കര സ്വദേശിയായ മുത്തുകുമാർ. സ്കൂളിൽ നിന്നും പെണ്‍കുട്ടിയെ വിളിച്ചിറക്കിയ ഇയാൾ, വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാത്തിനെ തുടർന്ന് വീട്ടുകാര് അന്വേഷണത്തിനിറങ്ങി. മുത്തുകുമാറിന്റെ വീട്ടിൽ കണ്ടെത്തുകയും ചെയ്തു. വീട്ടുകാർ എത്തുമ്പോൾ മുത്തുകുമാർ ഭക്ഷണം വാങ്ങാൻ പുറത്ത് പോയിരിക്കുകയായിരുന്നു. നാട്ടുകാരാണ് വഴിയിൽ വെച്ച് പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോയി. സ്വന്തമായി മൊബൈൽ ഫോണോ ബാങ്ക് അക്കൗണ്ടുകളോ ഉപയോഗിച്ചിരുന്നില്ല. കേരളത്തിന് പുറത്ത് പലയിടത്തും കറങ്ങി ചെന്നൈയിലെ അയണവാരം എന്ന സ്ഥലത്ത് സ്ഥിര താമസമാക്കി. സാം എന്ന പേരിൽ മതം മാറി പാസ്റ്ററായി.രണ്ട് വിവാഹവും കഴിച്ചു. പബ്ലിക് ബൂത്തുകളിൽ എത്തിയായിരുന്നു അത്യാവശ്യ ഫോണ്‍ കോളുകൾ ചെയ്തിരുന്നത്. പൊലീസിന്‍രെ കൈവശമുണ്ടായിരുന്നത് വളരെ പഴകിയ ഫോട്ടോയുമായിരുന്നു.
അടുത്തിടെ ഒരു ബന്ധുവിന് ലഭിച്ച ഫോണ്‍വിളിയുടെ പിറകെ നടത്തിയ അന്വേഷണമാണ് പ്രതിയുടെ താവളം കണ്ടെത്താൻ സഹായിച്ചത്.വഞ്ചിയൂർ എസ് എച്ച് ഓ എച്ച് എസ് ഷാനിഫ്,എസ് ഐ അലക്സ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam