ആലപ്പുഴ: ആലപ്പുഴ നൂറനാട്ട് പണയിൽ പ്രഭാതസവാരിക്കിടെ ടോറസ് ലോറിയിടിച്ച് മരിച്ച വയോധികരുടെ എണ്ണം മൂന്നായി. ആലപ്പുഴ നൂറനാട് സ്വദേശികളായ രാജു മാത്യു (66), വിക്രമൻ നായർ (65), രാമചന്ദ്രൻ നായർ (72) എന്നിവരാണ് മരിച്ചത്.
സംഭവസ്ഥലത്ത് വച്ച് തന്നെ രാജു മാത്യു മരിച്ചിരുന്നു. വിക്രമൻ നായരെയും രാമചന്ദ്രൻ നായരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരോടൊപ്പം നടക്കാനിറങ്ങിയ രാജശേഖരൻ എന്നയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ ആറ് മണിയോടെ അമിതവേഗതയിൽ വന്ന ടോറസ് ലോറിയാണ് ഇവരെ ഇടിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കഴിഞ്ഞ നാല് ദിവസമായി ഇവിടെ നാല് മരണങ്ങളുണ്ടായെന്നും നാട്ടുകാർ പറയുന്നു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
അമിതവേഗത്തിൽ മൂന്ന് പേരെയും ഇടിച്ച് തെറിപ്പിച്ച ലോറി ആദ്യം നിർത്താതെ പോയെങ്കിലും പിന്നീട് ഡ്രൈവറെത്തി കീഴടങ്ങി. ലോറിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയതോടെയാണ് ഡ്രൈവർ പള്ളിക്കൽ സ്വദേശി അനീഷ് കുമാർ കീഴടങ്ങിയത്.
ഇവിടെ അടുത്ത് പുതുക്കിപ്പണിത റോഡിന്‍റെ അശാസ്ത്രീയതയും അപകടകാരണമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കാൽനടയാത്രക്കാർക്ക് കൃത്യമായി നടക്കാനായി പാത അടയാളപ്പെടുത്തുകയോ, അവർക്ക് സൗകര്യമൊരുക്കുകയോ ചെയ്തിട്ടില്ലെന്നും, മുന്നറിയിപ്പ് ബോർഡുകൾ അടക്കം വയ്ക്കാതെയാണ് റോഡ് പണി പൂർത്തിയാക്കിയതെന്നും നാട്ടുകാർ പറയുന്നു.
ഇതിനിടെ, കൊല്ലം ബൈപ്പാസിൽ കല്ലുംതാഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ ആണ് മരിച്ചത്. 46 വയസ്സായിരുന്നു. സുനിലിന്‍റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്‍റെ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.
ഇതിനെല്ലാമിടയിൽ തിരുവനന്തപുരം ഈഞ്ചയ്ക്കലിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾക്ക് ജീപ്പിൽ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂന്തുറ സ്വദേശി സനോഫറാണ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പിൽ നിന്ന് ചാടിയത്. ഈഞ്ചയ്ക്കൽ ബൈപ്പാസിൽ വച്ചാണ് പ്രതി വാഹനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. തലയടിച്ച് വീണ പ്രതിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam