
എറണാകുളം: പറവൂർ ചാലാക്ക എസ്എൻഐഎംഎസ് കോളേജിലെ എംബിബിഎസ് വിദ്യാർത്ഥി ഫാത്തിമത്ത് ഷഹാനയുടെ അപകടം സുഹൃത്തുക്കളുമൊത്തു കളിക്കുന്നതിനിടെയെന്ന് പൊലീസ്. ഹോസ്റ്റലിനുള്ളിലെ വരാന്തയിലെ കൈവരിയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. തീപിടുത്തം പ്രതിരോധിക്കാൻ സ്ഥാപിച്ച ജിപ്സം ബോർഡ് തകർത്താണ് കുട്ടി താഴേക്ക് വീണത്. സംഭവത്തിൽ സുരക്ഷ വീഴ്ച ഉണ്ടായോ എന്ന് പോലീസ് പരിശോധിക്കുന്നു.
ഇന്നലെ രാത്രി 11 മണിയോടെയാണ് ഹോസ്റ്റലിലെ അഞ്ചാം നിലയിലെ മുറിയിൽ താമസിക്കുന്ന ഫാത്തിമത്ത് ഷഹാന കൂട്ടുകാരിയുമായി ഏഴാം നിലയിലെത്തിയത്. കോറിഡോറിലെ കൈവരിക്ക് മുകളിൽ ഇരുന്ന് സുഹൃത്തിനൊപ്പം ഫോണിൽ കളിച്ചും സംസാരിച്ചും നിന്ന വിദ്യാർത്ഥി അപ്രതീക്ഷിതമായി താഴേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ തീപ്പിടുത്തം പ്രതിരോധിക്കാനുള്ള ഫയർ എക്സിറ്റ്ഗ്യുഷർ മറച്ചിരുന്ന ജിപ്സം ബോർഡ് തകർന്ന് ഫാത്തിമത്ത് താഴേയ്ക്ക് വീഴുന്നതാണ് കണ്ടത്. എന്നാൽ എന്തിനു വേണ്ടിയാണ് നെഞ്ചൊപ്പം ഉയരമുള്ള കൈവരിയിൽ വിദ്യാർത്ഥി കയറി ഇരുന്നത്, ഫോണോ മറ്റെന്തെങ്കിലും വസ്തുക്കളോ ഈ വിടവിലൂടെ വീണപ്പോൾ എടുക്കാനായി ചാടി ഇറങ്ങിയതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
കൈവരിക്ക് മുകളിൽ ഇരുന്നു ഫോൺ ചെയ്തപ്പോൾ അപ്രതീക്ഷിതമായി താഴെ വീഴുക ആയിരുന്നു എന്ന് കോളേജ് മാനേജ്‍മെന്റ് വാർത്താ കുറിപ്പിലൂടെ വിശദീകരിക്കുന്പോൾ കോറിഡോറിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ അബദ്ധത്തിൽ വിദ്യാർഥി താഴേക്കു വീണെന്നാണ് പൊലീസ് എഫ് ഐ ആർ. കണ്ണൂർ ഇരിക്കൂർ സ്വദേശിയാണ് മരിച്ച ഫാത്തിമത്ത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam